നയ്റോബി: വനിതകളുടെ ചെസ് ടൂര്‍ണ്ണമെന്റില്‍ ഒരു താരം എത്തിയത് ബുര്‍ഖ ധരിച്ച്. ആരോടും സംസാരിക്കാതെ ടൂര്‍ണ്ണമെന്റില്‍ ഈ താരം ഓരോരുത്തരെയായി മലര്‍ത്തിയടിച്ചു. ഒടുവില്‍ കെനിയയിലെ ദേശീയ താരമായ വനിതയെ വരെ തോല്പിച്ച് ഏകദേശം 42,000 ഡോളര്‍(34 ലക്ഷം രൂപ) സമ്മാനത്തുക വരെ നേടിയതോടെ സംശയമായി. തങ്ങള്‍ ഇതുവരെ അറിയാത്ത ഇത്രയും കഴിവുള്ള ഈ ബുര്‍ഖ ധരിച്ച താരം ആരാണ് ? ആകാംക്ഷ ചോദ്യങ്ങളായി, അന്വേഷണമായി. ഒടുവിലാണ് മനസ്സിലായത് ഈ താരം ബുര്‍ഖ ധരിച്ചെത്തിയ യുവാവായിരുന്നു എന്നത്. സ്റ്റാന്‍ലി മോണ്ടിയെന്ന താരത്തെ ഒടുവില്‍ പിടികൂടി.
വനിതാ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ മിലിസെന്റ് അവോര്‍ എന്ന പേരിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ബുര്‍ഖക്കാരി ആരോടും സംസാരിച്ചില്ലെന്നും കെനിയയില്‍ ബുര്‍ഖ ധരിയ്ക്കുന്നത് സാധാരണമായതിനാല്‍ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്റ് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു.
പിന്നീട് താരം അണിഞ്ഞ ആണ്‍കുട്ടികളുടെ ഷൂസ് കണ്ടാണ് സംശയം തോന്നിയത്. എന്തുചോദിച്ചാലും ആരോടും ഒന്നും പറയാതെ താരം നിന്നതും സംശയത്തിനിടയാക്കി. സാധാരണ കളിയ്ക്കുമ്പോള്‍ എതിരാളിയോട് പോലും എന്തെങ്കിലും സംസാരിക്കുമല്ലോ. – ബുര്‍ഖാതാരം യുവാവാണെന്ന് കണ്ടെത്തിയതിന്റെ സാഹചര്യം വിശദീകരിച്ച് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു. മുന്‍ കെനിയന്‍ വനിതാ ചാമ്പ്യന്‍ ഗ്ലോറിയ ജുംബയെയും ഉഗാണ്ടയിലെ നമ്പര്‍ വണ്‍ വനിതാ താരം ആംപെയ്റ ഷക്കീറ എന്നിവരെ ബുര്‍ഖാതാരം അനായാസം മലര്‍ത്തിയടിച്ചതോടെ സംശയം ഇരട്ടിച്ചു. ഒരു വനിതാ താരത്തിന് ഇത് എളുപ്പം സാധ്യമല്ല എന്നതോടെയാണ് ബുര്ഖാതാരത്തിന്റെ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡും ആവശ്യപ്പെടണമെന്ന നിര്‍ദേശം ശക്തമായത്.
ഒടുവില്‍ മറ്റ് കളിക്കാരുടെ പരാതി ഏറിയപ്പോള്‍ സംഘാടകര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചു. അതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതോടെ ഈ യുവാവിനെ പുറത്താക്കി. ഇയാള്‍ നേടിയ പോയിന്റുകളെല്ലാം എതിരാളികള്‍ക്ക് കൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ആള്‍മാറാട്ടം നടത്തിയതെന്ന് യുവാവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: