ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
സാംസാരിക ജീവിതയാത്രയില്‍ നമ്മുടെ ലക്ഷ്യവും സംസാരത്തില്ത്തന്നെയാണ്. ഈയൊരു കാഴ്ചപ്പാട് നമ്മിലുണ്ടാവാന്‍ കാരണം നമ്മുടെ ഇന്ദ്രിയങ്ങള്‍, കണ്ണുകള്‍, ചെവികള്‍, മുതലായവ സദാപുറത്തേക്ക ്ഉന്മുഖമായിട്ടിരിക്കുന്നത് കൊണ്ടാണ്. നാം സന്തോഷം കണ്ടെത്തുന്നത് ബാഹ്യവസ്തുക്കളിലാണ് എന്ന തോന്നലില്‍ മനസ്സും ബുദ്ധിയും സഹജമായും പുറത്തേയ്ക്കാണ്നോക്കുന്നത്.
പരമാത്മാവ് സര്‍വ്വവ്യാപിയും എല്ലാ ജീവനിര്‍ജീവ വസ്തുക്കളിലും ഒരേപോലെയാണുള്ളതെങ്കിലും നമ്മുടെ ആന്തരാത്മാവില്‍ നമുക്കതിനെ അനായാസം കണ്ടെത്താം. അതിനാണ് ആത്മസാക്ഷാത്ക്കാരം എന്നു പറയുന്നത്. ഒരുവന് തന്റെ സന്തുഷ്ടിയും സഫലീകരണവും കണ്ടെത്തുന്നത്, ബാഹ്യമായല്ല, അവന്റെയുള്ളില്ത്തന്നെയാണ്. ‘ലോകത്തെ നമുക്ക് അനുഭവിക്കാനാവുന്നത്, നമ്മുടെ മനോതലത്തില്‍ മാത്രമാണെന്നാണ് യമദേവന് പറഞ്ഞുതന്നത്. നമ്മുടെ ലക്ഷ്യമായ ആത്മാവ്, നാംബാഹ്യമായി അന്വേഷിച്ചു കണ്ടെത്തേണ്ടുന്ന വസ്തുവല്ല, മറിച്ച് നമ്മിലെ സത്തയായ സ്വരൂപം തന്നെയാണ്. അതുകൊണ്ട് മോക്ഷത്തിലേയ്ക്കുള്ള ആത്മീയയാത്ര, ദൂരെയുള്ള ഏതെങ്കിലും പുണ്യസ്ഥലങ്ങളിലയ്ക്കുള്ള തീര്‍ത്ഥയാത്രയല്ല, മറിച്ച്, വിവേകവിജ്ഞാനത്തിന്റേതായ ഈ സഞ്ചാരം വാസ്തവത്തില്‍ ആന്തരികയാത്രയാണ്.
ഗുരുദേവന് സമ്മതഭാവത്തില്‍ തലകുലുക്കി പറഞ്ഞു.’ശരിയാണ്, ആത്മീയത നമ്മുടെ ഉള്ളിലേയ്ക്കുതന്നെയുള്ള യാത്രയാണ്. ഈ യാത്രയിലെ ഓരോപടിയും നമ്മുടെ ഉള്ളിലേയ്ക്കുള്ള സൂക്ഷ്മഗഹനമായ ഒരു തിരിഞ്ഞുനോട്ടമാണെന്ന് പറയാം. ആദ്യം സാധകന് തിരിച്ചറിയുന്നത്, നാം പഞ്ചേന്ദ്രിയങ്ങള്‍ വഴി അറിയുന്ന, പുറത്ത ്പ്രത്യക്ഷമായി കാണുന്ന ലോകം, യഥാര്‍ത്ഥത്തില്‍ നമ്മുടെ മനസ്സിനുള്ളില്‍ പ്രകടമാവുന്ന, അനുഭവപ്പെടുന്ന, ഒരുകാഴ്ച മാത്രമാണെന്നാണ്. ഇന്ദ്രിയങ്ങള്‍ ബാഹ്യമായ ഭൗതിക വസ്തുക്കളേക്കാള്‍ സൂക്ഷ്മമാണ്, മനസ്സ് ഇന്ദ്രിയങ്ങളേക്കാളും സൂക്ഷ്മമാണ്. ബുദ്ധിമനസ്സിനേക്കാളും അതിസൂക്ഷ്മമത്രെ.’
ഗുരുദേവന് ഒന്നുനിര്‍ത്തി വീണ്ടും തുടങ്ങി. ‘പക്ഷേ ഭൗതിക വസ്തുക്കള്‍, നമ്മുടെ ദേഹമടക്കം എല്ലാം സാന്ദ്രമായി ഘനീഭവിച്ച പഞ്ചഭൂതങ്ങളുടെ സംഘാതങ്ങളാണ്. അത് ഈശ്വരസൃഷ്ടിയാണ്. സാന്ദ്രമായ പഞ്ചഭൂതങ്ങളേക്കാള്‍ സൂക്ഷ്മമാണ്, കലര്‍പ്പില്ലാത്ത ശുദ്ധപഞ്ചഭൂതങ്ങള് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ. ഈ ശുദ്ധപഞ്ചഭൂതങ്ങള് തന്നെയാണ് മനസ്സിനെയുംബുദ്ധിയേയും ഉരുവാക്കുന്നത്. ഭൗതികമായ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാല്‍ അത് ഈശ്വരന്റെ വിശ്വരൂപമായി. അതുപോലെ പ്രപഞ്ചത്തിലെ എല്ലാ മനസ്സും ബുദ്ധിയും ചേര്‍ന്നാല്‍ വിശ്വമനസ്സായി. ആത്മീയാന്വേഷണത്തില്‍ വ്യക്തിഗതവീക്ഷണത്തില് നിന്നും വിശ്വവീക്ഷണത്തിലേയ്ക്കുള്ള പുരോഗമനം ഏറെ പ്രാധാന്യമുള്ളതാണ്. വ്യക്തിയുടെ പരിമിതമേധാശക്തിക്ക്അതീതമായി സാധകന് പ്രപഞ്ച മനസ്സിനെ കണ്ടെത്തുന്നു. സാക്ഷാത്ക്കരിക്കുന്നു. ഈ തലത്തില്‍ സാധകന്റെ അവസ്ഥ ഏതാണ്ട് സുഷുപ്തിക്ക് സമമാണ്. അപ്പോള്‍ വ്യതിരിക്തമായ വ്യക്തിഗതപ്രതീതികള് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും അവസാനിച്ച്, സൂക്ഷ്മതലത്തിലുള്ള മനസ്സുപോലും വിലയിക്കുന്നുവല്ലോ.’
ഞാന്‍ കണ്ണുകളടച്ച് ആന്തരീകമായുള്ള ഈ ആത്മീയസഞ്ചാരം അനുകരിക്കാന്‍ ശ്രമിച്ചു. ഗുരുവിന്റെ സാമീപ്യം എന്റെയീ മാനസയാത്രയെ പിന്തുണയ്ക്കുകയും ചെയ്തു. എല്ലാ നാമരൂപങ്ങളും അപ്രത്യക്ഷമായപ്പോള്‍ ആനന്ദപ്രദമായ, അനന്തമായ, അപരിമേയമായ, ശുദ്ധശൂന്യത മാത്രമേ അവശേഷിച്ചുള്ളു.
ആ മൂര്‍ച്ഛാവസ്ഥയില്‍ നിന്നും ഞാന്‍ പുറത്ത് വന്നപ്പോള്‍ ഗുരുദേവന് പറഞ്ഞു: ‘നീ അനുഭവിച്ചറിഞ്ഞത് അപ്രകടിതമായ, അമൂര്‍ത്തമായ ഒരുതലമാണ്. അത് വിശ്വമനസ്സിനേക്കാള് അതിസൂക്ഷ്മമാണ്. അതാണ് എല്ലാ പ്രകടിതമായ മൂര്ത്തരൂപങ്ങളുടേയും ഉദ്ഭവകേന്ദ്രം. അത് ഈശ്വരന്റെ മഹാസമുദ്രമാണ്. എല്ലാ കാര്യങ്ങള്‍ക്കും കാരണമായ, അപരിമേയവസ്തു. കാലദേശാദികളുടെ മൂലഹേതു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: