കെ.ആര്. മോഹന്‍ദാസ്
അമ്മയുടെ വീട് ഒരു കുഗ്രാമത്തിലായിരുന്നു. വീടിന്റെ മുറ്റത്തു നിന്നു നോക്കിയാല്‍ അകലെ സൂര്യനസ്തമിക്കുന്ന ആകാശത്തിനു താഴെ ഇരുണ്ട സര്‍പ്പക്കാവും, അതിനോടു ചേര്‍ന്ന് കുളവും കാണാമായിരുന്നു. കുളത്തിലെ വെള്ളത്തിന് ഇരുണ്ട പച്ചനിറമായിരുന്നു.
വല്യവധിക്ക് സ്കൂള്‍ അടയ്ക്കുമ്പോള്‍ അമ്മയുടെ തറവാട്ടില്‍ പോയിനില്ക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.
തറവാട്ടില്‍ അമ്മാവനും അമ്മായിയും കോളജില്‍ പഠിക്കുന്ന മകളുമാണ് ഉണ്ടായിരുന്നത്.
സ്കൂള്‍ തുറക്കുന്നതു വരെയുള്ള ആ രണ്ട് മാസക്കാലം ആടിത്തിമര്‍ത്ത് ആഘോഷമാക്കിയാണ് എന്റെ ജീവിതം ഒഴുകിയത്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എനിക്ക് അവിടെ കൂട്ടിനുണ്ടായിരുന്നത് ഞാന്‍ ചേച്ചി എന്നു വിളിക്കുന്ന അമ്മാവന്റെ മകളായിരുന്നു.
ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ വശ്യമായി വിടരുന്ന ചേച്ചിക്ക് ചന്ദന നിറവും രാത്രിയുടെ പേരുമായിരുന്നു.
സര്‍പ്പക്കാവിന്റെ ഇരുണ്ട താഴ്വാരങ്ങളില് ചേച്ചിയോടൊപ്പം ഞാന്‍ ചുറ്റിക്കറങ്ങിയിരുന്നു. ചെമ്പക നിറമുള്ള പട്ടുപാവാട അല്‍പ്പം ഉയര്‍ത്തിയാണ് ചേച്ചി കാവിന്റെ പടവുകള്‍ കയറുന്നത്. ചന്ദന നിറമുള്ള ചേച്ചിയുടെ കാല് വണ്ണകളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വര്‍ണ്ണപ്പാദസരത്തിലേക്ക് ചേച്ചിയറിയാതെ നോക്കുന്നത് എനിക്കിഷ്ടമായിരുന്നു.
ചേച്ചിക്ക് ഒത്തിരിയൊത്തിരി കഥകള്‍ അറിയാമായിരുന്നു. യക്ഷിക്കഥകള്‍ നന്നായി അഭിനയിച്ച് ചേച്ചി പറയുമ്പോള്‍ പേടിച്ച് രണ്ടു കൈകള്‍ കൊണ്ടും കണ്ണുകള്‍ പൊത്തി ഞാന്‍ പറയും.
മതി.
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ യക്ഷിക്കഥകള്‍ പറഞ്ഞ് എന്നെ ഭയപ്പെടുത്തുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നു.
”പാലമരത്തിലാണ് യക്ഷി താമസിച്ചിരുന്നത്. രാത്രിയാവുമ്പോള്‍ അവള് ഇറങ്ങി വരും. അവള് കൂര്‍ത്ത പല്ലുകള്‍ കൊണ്ട് ചോര കുടിക്കും.”
”മതി. കേക്കണ്ട”
അപ്പോള്‍ ചേച്ചി പൊട്ടിച്ചിരിക്കും. ചൂണ്ടുവിരല്‍ കൊണ്ട് എന്റെ കീഴ്ച്ചുണ്ടിലെ മറുകില്‍ തൊട്ടു കൊണ്ടു പറയും.
”പേടിത്തൊണ്ടന്‍”
പറങ്കിമാവില്‍ കയറാനും കുളത്തില്‍ മുങ്ങാങ്കുഴിയിട്ടു നീന്തിത്തുടിക്കാനും ചേച്ചിക്ക് ഭയങ്കര സാമര്‍ത്ഥ്യമായിരുന്നു.
പാലപ്പൂവിന്റെ മണം രാത്രിയെ ഹരം പിടിപ്പിക്കുമ്പോള്‍, നിലാവുള്ള മുറ്റത്തു നിന്ന് കറുത്തിരുണ്ട നീണ്ടിടതൂര്‍ന്ന മുടിയിഴകള്‍ കോതിയൊതുക്കുന്ന ചേച്ചിയെ അത്ഭുതത്തോടെ ഞാന്‍ നോക്കി നില്ക്കുമായിരുന്നു.
”തനി യക്ഷി തന്നെ”
അമ്മായി മകളെ ശകാരിക്കും. ചേച്ചിക്ക് അതൊന്നും ഒരു പ്രശ്നമല്ല.
നഗരവാസിയായ എനിക്ക് കുളത്തിലിറങ്ങിക്കുളിക്കാന്‍ പേടിയായിരുന്നു. കുളത്തിന്റെ അതിരുകളിലെ വള്ളിപ്പടര്‍പ്പുകളും വെള്ളത്തിന്റെ നിഗൂഢമായ പച്ചനിറവും എന്നില്‍ എന്തെന്നില്ലാത്ത ഭയം നിറച്ചിരുന്നു.
ചേച്ചിക്കൊപ്പം കുളക്കടവിലേക്ക് ഞാനും പോകുമായിരുന്നു.
കുളക്കല്‍പ്പടവുകളില്‍ പെണ്ണുങ്ങള് കുളിയും നനയും ബഹളവുമാണ്.
വെള്ളം അടിച്ചു തെറിപ്പിച്ച് നീന്തുന്നതിനിടയില്‍ കരയ്ക്ക് നില്ക്കുന്ന എന്നെ ചേച്ചി മാടി വിളിക്കും.
”നോക്കി നില്‍ക്കാതെ വാടാ പേടിത്തൊണ്ടാ”
സന്ധ്യയ്ക്ക് കാവില്‍ വിളക്കു കൊളുത്താന്‍ പോകുമ്പോള്‍ ഞാനും ചേച്ചിക്കൊപ്പം പോകുമായിരുന്നു.
മരക്കൂട്ടങ്ങളും കല്‍വിഗ്രഹങ്ങളും വള്ളിപ്പടര്‍പ്പുകളില്‍ ചുറ്റിയടിക്കുന്ന കാറ്റും രാത്രിയുടെ മുടിയിഴകളില്‍ നിന്നൊലിച്ചിറങ്ങിയ കണ്മഷിക്കൂട്ടും കാളിമ ചാര്‍ത്തിയ ആ ലോകം ചേച്ചിക്ക് ഹരമായിരുന്നു.
വിളക്ക് തെളിയിച്ചു കഴിഞ്ഞ് ചൂണ്ടുവിരലിലെ എണ്ണമയം മുടിയിഴകളില്‍ തേച്ചുകൊണ്ട് നില്ക്കുന്ന ചേച്ചിയെ ഞാന്‍ നിര്‍ബ്ബന്ധിക്കും.
മ്മക്ക് പോകാം.
”എനിക്കിവിടെ നിന്നും പോകാന്‍ തോന്നുന്നില്ല.
ഈ വള്ളിപ്പടര്‍പ്പുകളില്‍ , ഈ കാറ്റില്‍ ലയിച്ചങ്ങനെ…”
കാലം എത്ര വേഗമാണ് ഒഴുകുന്നത്.
കോളജ് തുറക്കുമ്പോള്‍ ചേച്ചി നഗരത്തിലെ ഹോസ്റ്റലിലേക്ക് പോകും.
എന്റെ അവധിക്കാലവും തീരാറായി.
ഇനി സ്കൂള്‍ ദിനങ്ങള്‍, പാഠങ്ങള്‍.
വല്ലാത്ത വിഷമം തോന്നി.
എന്നും .അവധിക്കാലമായിരുന്നെങ്കില്‍…
വീട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് ചേച്ചിയുടെ മുറിയില്‍ ചെല്ലുമ്പോള്‍ ചേച്ചി എന്തോ വായിച്ചു ചിരിക്കുന്നതാണ് കണ്ടത്.
”ന്താ വായിക്കുന്നേ?”
”ടാ പൊട്ടാ ഇതാണ് പ്രേമ ലേഖനം.”
”പ്രേമ ലേഖനോ?”
”അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാവില്ലെടാ പൊട്ടാ…”
ചേച്ചി പൊട്ടിച്ചിരിക്കുകയാണ്.
ഞാന്‍ മുറി വിട്ടിറങ്ങി. ആരോടാണ് ഒന്നു ചോദിക്കുക. എനിക്ക് ആകാംക്ഷ അടക്കാനായില്ല.
ചാരുകസേരയില്‍ വല്യമ്മാവന് കിടക്കുന്നുണ്ട്. ചോദിക്കാം.
”വല്യമ്മാമാ”
അമ്മാവന് പതുക്കെ കണ്ണു തുറന്നു.
”ന്താ കുട്ടാ?”
ന്താ ഈ പ്രേമലേഖനം
അടിയുടെ പൂരമായിരുന്നു പിന്നീട് നടന്നത്. അമ്മായി വന്ന് രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ എന്റെ കാര്യം പോക്കായേനെ.
”മൊട്ടേന്ന് വിരിഞ്ഞില്ല. പ്രേമ ലേഖനം!”
വല്യമ്മാവന് തുള്ളുകയാണ്.
മുട്ടിനിടിയില്‍ മുഖം പൊത്തിക്കരയുമ്പോള്‍ തോളില്‍ ഒരു മൃദു സ്പര്‍ശം. ചേച്ചിയാണ്.
”പോട്ടെ. സാരമില്ല.”
കണ്ണുകള്‍ തുടച്ചുതരുമ്പോള്‍ ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
”ഇന്ന് സന്ധ്യയ്ക്ക് കാവില്‍ വിളക്കുവയ്ക്കാന്‍ പോകുമ്പോള്‍ ചേച്ചി പറഞ്ഞു തരാം.
നിനക്കത് മനസിലാവും.”
ഞാന്‍ തലയാട്ടി.
കാവിലെ സന്ധ്യയാവാന്‍ ഞാന്‍ കാത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: