തിരുവനന്തപുരം : കോവളത്ത് ബൈക്കിടിച്ച് നാലു വയസുകാരന് മരിച്ചത് റേസിങ്ങിനിടെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പോലീസ് കരമനയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞ 30ന് രാത്രിയാണ് കോവളം ആഴാകുളം പെരുമരം എംഎ വിഹാറില്‍ ഷണ്മുഖ സുന്ദരം- അഞ്ജു ദമ്പതികളുടെ ഇളയ മകന് യുവാന്‍ (നാല്) മരിച്ചത്. ഭക്ഷണവും കളിപ്പാട്ടവും വാങ്ങാന്‍ അമ്മയ്ക്കൊപ്പം പോയി മടങ്ങുന്നതിനിടെ പോറോട് ഭാഗത്തെ ഇരുട്ട് നിറഞ്ഞ പാത മുറിച്ച് കടക്കുമ്പോള്‍ മുഹമ്മദ് ആഷിക്കിന്റെ ബൈക്കിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇടിച്ചിട്ട ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയും ഇതില്‍ നിന്ന് വാഹനം ആഡംബര ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞ് വാഹനത്തിനായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
സിസി ടിവിയും ബൈക്ക് ഷോറൂമുകളും സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കരമനയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്. ആഷിക്കിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പേടി കാരണമാണ് പോലീസില്‍ കീഴടങ്ങാത്തതെന്ന് മുഹമ്മദ് പറഞ്ഞതായി കോവളം എസ്എച്ച് ഒ എസ്.ബിജോയ് അറിയിച്ചു. യുവാവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: