കോട്ടയം: ബിഷപ്പുമാര്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ക്രൈസ്തവര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച പിണറായി വിജയന്റെ നിലപാടിന് സമാനമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം നടത്തിയത്. ബിഷപ്പുമാര്‍ പറയുന്നതൊന്നും വിശ്വാസികള്‍ അംഗീകരിക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസ് സംഘടനാസംവിധാനം പോലെയാണ് ക്രൈസ്തവ സഭാ സംവിധാനമെന്ന് തെറ്റിദ്ധരിച്ചായിരിക്കാം പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമെന്നത് നേതാക്കന്മാര്‍ പലവഴിക്കാണ്, അണികള്‍ മറ്റൊരു വഴിക്ക്. ഇതുപോലെയായിരിക്കും ക്രൈസ്തവ സഭാ സംഘടനാ സംവിധാനമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. സഭയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. ബിഷപ്പുമാര്‍ ഒരു ഭാഗത്ത്, വിശ്വാസികള്‍ ഒരു ഭാഗത്ത് എന്ന രീതിയില്‍ ഒരു വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. ബിഷപ്പുമാരെ അപമാനിക്കുന്നത് ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
ബിഷപ്പുമാര്‍ വ്യക്തമായ സൂചനയാണ് പൊതുസമൂഹത്തിന് നല്കിയിരിക്കുന്നത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുള്ള അതൃപ്തിയാണ് അവര്‍ പങ്കുവച്ചത്. അതിനൊപ്പം ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള വിശ്വാസവുമാണ് അവര്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ പൊതുവികാരമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ മാറുന്ന രാഷ്‌ട്രീയത്തിനെ എല്‍ഡിഎഫും യുഡിഎഫും ഭയപ്പെടുന്നു. ക്രൈസ്തവ സഭ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സഭയുമായി അടുപ്പമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരുടെ നിലപാട് പുനഃപരിശോധിക്കണം.
റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകും. ചര്‍ച്ച് ബില്ല് പഠിച്ച ശേഷം ബിജെപിയുടെ നിലപാട് വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണ്. ജനകീയ കോടതി കോണ്‍ഗ്രസിനെയും അയോഗ്യരാക്കിയെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: