തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മതമേലദ്ധ്യക്ഷന്മാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ആക്ഷേപിച്ചും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതന്മാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവര്‍ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാന്‍ കാരണം.
എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ ഈ കാര്യത്തിലും മൗനം പാലിക്കുന്നത് സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് കൊണ്ടാണ്. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് പീപ്പിള്‍സ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നത്.
ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ എല്ലാ കാലത്തും ക്രൈസ്തവ വേട്ട നടന്നിട്ടുണ്ട്. തൊടുപുഴ ജോസഫ് മാഷുടെ കൈ വെട്ടാനുള്ള സാഹചര്യമുണ്ടാക്കി കൊടുത്തത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ജോസഫ് മാഷിനെ കയ്യാമം വെപ്പിച്ച് നടത്തിക്കുമെന്ന് എംഎ ബേബി പരസ്യമായി പ്രഖ്യാപിച്ചത് മതഭീകരവാദികളുടെ കയ്യടി വാങ്ങാനായിരുന്നു.
മാഷിന്റെ കൈ വെട്ടാനുള്ള ധൈര്യം തീവ്രവാദികള്‍ക്ക് ലഭിച്ചത് സിപിഎമ്മിന്റെ ഭരണത്തിന്റെ തണലിലാണ്. പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ബിഷപ്പ് ഹൗസിലേക്ക് ഇരച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പമായിരുന്നു സിപിഎം. ബിഷപ്പിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് പോപ്പുലര്‍ ഫ്രണ്ടിനെ സന്തോഷിപ്പിക്കാനായിരുന്നെന്നും സുരേന്ദ്രന് പറഞ്ഞു.
സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കാത്ത മതമേലദ്ധ്യക്ഷന്മാരെ എല്ലാം അപമാനിക്കണം എന്നാണ് അവരുടെ നിലപാട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയും ക്യൂബയുമല്ല ഇന്ത്യയെന്ന് സിപിഎം മനസിലാക്കണം. കേരളത്തില്‍ ക്രൈസ്തവ പുരോഹിതരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാമെന്ന് ആരും കരുതേണ്ട. സിപിഎമ്മിന്റെ ഫാസിസം ക്രൈസ്തവ വിശ്വാസികള്‍ അംഗീകരിച്ചു തരില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: