Categories: Kerala

തട്ടിക്കൊണ്ടുപോയത് 325 കിലോ സ്വര്‍ണം കൊണ്ടുവന്നതിനാല്‍, പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തി മോചിപ്പിക്കണം; ഷാഫിയുടെ വീഡിയോ പുറത്ത്‌

കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക

Published by

കോഴിക്കോട് : എണ്‍പത് കോടിയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്ന് താമരശ്ശേരി പരപ്പന്‍പൊയിലില്‍ നിന്ന് കാണാതായ മുഹമ്മദ് ഷാഫി. വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ചിത്രീകരിച്ചത് ആരാണെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല.  

ഷാഫിയും സഹോദരനും ചേര്‍ന്ന് 80 കോടി രൂപ വിലമതിക്കുന്ന 325 കിലോ സ്വര്‍ണം കൊണ്ടുവന്നതിന്റെ പേരിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. തന്നെ ഇവരുടെ പക്കല്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രയും പെട്ടന്ന് ചെയ്യണമെന്നും ഷാഫിയുടെ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.  

‘325 കിലോ സ്വര്‍ണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് കിഡ്നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടെയാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്’ എന്നാണ് വീഡിയോയില്‍ പറയുന്നത്.  

എന്നാല്‍ തട്ടിക്കൊണ്ടുപോയവര്‍ നിര്‍ബന്ധിച്ച് ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചതായും പോലീസ് പ്രതികരിച്ചു. ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് ഷാഫിയെ വീട്ടില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും കാറില്‍ കയറ്റിയിരുന്നെങ്കിലും ഇവരെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് ആറ് ദിവസമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. അതിനിടെ ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന ഒരു കാര്‍ കഴിഞ്ഞദിവസം പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക