ന്യൂദല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. ഇതുവരെ ജയം കാണാത്താവരുടെ പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്ത് റണ്ണില്‍ ആറ് വിക്കറ്റിന് കീഴടക്കി മുന്‍ ചാമ്പ്യന്മാര്. സ്കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ്- 172 (19.4), മുംബൈ ഇന്ത്യന്‍സ്-173/4 (20).
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും അക്സര്‍ പട്ടേലിന്റെയും അര്‍ധശതകങ്ങള്‍. വാര്‍ണര്‍ 47 പന്തില്‍ ആറ് ഫോറുകളോടെ 51 റണ്‍സെടുത്ത് ഇന്നിങ്സിന് അടിത്തറയിട്ടപ്പോള്‍, അക്സര്‍ 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും സഹിതം 54 റണ്‍സെടുത്ത് റണ്‍നിരക്കുയര്‍ത്തി.
മനീഷ് പാണ്ഡെ (26), പൃഥ്വി ഷാ (15) എന്നിവരും രണ്ടക്കം കണ്ടു. മുംബൈയ്ക്കായി പീയുഷ് ചൗളയും ജേസണ്‍ ബെഹ്റെന്‍ഡ്രോഫും മൂന്ന് വീതവും റിലെ മെറെഡിത്ത് രണ്ടും ഹൃതിക് ഷൊകീന് ഒന്നും വിക്കറ്റെടുത്തു. ഏറെ നാളുകള്‍ക്കു ശേഷം ഫോമിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധശതകവുമായി കളംനിറഞ്ഞത് മുംബൈയെ തുണച്ചു. 45 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം രോഹിത് 65 റണ്‍സെടുത്തു.
ആദ്യ വിക്കറ്റില്‍ ഇഷാന് കിഷനൊപ്പം (31) ചേര്‍ന്ന് 71 റണ്‍സും രണ്ടാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം (41) 68 റണ്‍സും രോഹിത് കൂട്ടിച്ചേര്‍ത്തു. സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്ത്. പിന്നീട് കാമറോണ്‍ ഗ്രീനും (17), ടിം ഡേവിഡും (13) ചേര്‍ന്ന് അവസാന പന്തില്‍ ജയം പൂര്‍ത്തിയാക്കി. ദല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ടും മുസ്തഫിസുര്‍ റഹ്മാന് ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: