ന്യൂദല്‍ഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതകള്‍ തേടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.
ചൊവ്വാഴ്ച ഇവിടെയെത്തിയ നിതീഷ്‌കുമാര്‍ ദല്‍ഹിയില്‍ ഉണ്ടായിരിക്കെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായ തേജസ്വി യാദവും ദല്‍ഹിയിലുണ്ട്.
ബിജെപിയെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം സ്ഥാപിക്കാനുള്ള നീക്കത്തിനിടെ ഖാര്‍ഗെ അടുത്തിടെ നിരവധി പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചിരുന്നു.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി അദ്ദേഹം നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
യോജിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് സംബന്ധിച്ച് വിവിധ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഏകാഭിപ്രായമില്ല. പ്രധാനമന്ത്രി പദം മോഹിക്കുന്ന നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുളളതിനാല്‍ യോജിച്ച് ബി ജെ പിയെ നേരിടുക പ്രയാസകരമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: