കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരളയ്ക്ക് വന്‍ തോല്‍വി. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനാണ് ഗോകുലത്തെ തകര്‍ത്തത്. ബഗാന് വേണ്ടി ലിസ്റ്റണ്‍ കൊളാസോ ഇരട്ടഗോള്‍ നേടി. ഹ്യൂഗോ ബൗമോസും മന്‍വീര്‍ സിങ്ങും കിയാന് നസ്രിയും വിജയികള്‍ക്കായി ഒരോ ഗോള്‍ വീതം നേടി. ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ സെര്‍ജിയോ മെന്‍ഡിയുടെ ബൂട്ടില്‍ നിന്ന്.
കളിയില്‍ ആധിപത്യം മോഹന്‍ ബഗാനായിരുന്നു. ഹ്യൂഗോ ബൗമോസും ലിസ്റ്റണ്‍ കൊളാസോയും ഫെഡ്രികോയും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഗോകുലം താരങ്ങള്‍ പലപ്പോഴും കാഴ്ചക്കാരായി. കൂടാതെ പ്രതിരോധത്തിലെ ദുര്‍ബലമായ പ്രകടനം കൂടിയായപ്പോള്‍ ഗോകുലത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മൂന്നാം മിനിറ്റില്‍ മോഹന്‍ ബഗാന് കോര്‍ണര്‍ ലഭിച്ചു. ഫെഡ്രികോ എടുത്ത കിക്ക് അപകട ഭീഷണി ഉയര്‍ത്താതെ പാഴായി. ആറാം മിനിറ്റില്‍ ബഗാന് ലീഡ് നേടി. ഗോകുലത്തിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബഗാന് എതിര് ബോക്സിലേക്ക് നടത്തിയ നീക്കം ക്ലിയര്‍ ചെയ്യുന്നതില്‍ ഗോകുലം പ്രതിരോധത്തിന് പിഴച്ചു. പന്ത് പിടിച്ചെടുത്ത് ഹ്യൂഗോ ബൗമോസ് ബോക്സില്‍ കയറിയെങ്കിലും ഗോകുലം ഗോളി ഷിബിന്‍രാജ് വീണ് കിടന്ന് പന്ത് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ നിന്ന് വഴുതി മാറിയ പന്ത് വീണ്ടും ബൗമോസിന്റെ കാലില്‍ കിട്ടി. ബൗമോസ് പന്ത് ലിസ്റ്റണ്‍ കൊളാസോക്ക് നല്കി. പന്ത് കാലില്‍ കൊരുത്ത കൊളാസോ ഉതിര്‍ത്ത കിടിലന്‍ ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ സെക്കന്‍ഡ് പോസ്റ്റിന്റെ മൂലയില്‍ തറച്ചു കയറി.
തൊട്ടുപിന്നാലെ ഗോകുലത്തിന് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നും മോഹന്‍ ബഗാന് താരങ്ങളുടെ മുന്നേറ്റമായിരുന്നു. ഇടയ്ക്ക് ഗോകുലം വലതു വിങ്ങില്‍ നൗഫലിന്റെയും ഇടതു വിങ്ങില്‍ സൗരവിന്റെയും നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. 27-ാം മിനിറ്റില്‍ ബഗാന് ലീഡ് ഉയര്‍ത്തി. ആദ്യ ഗോളിന്റെ തനിയാവര്‍ത്തനമെന്നോണം ബോക്സിന് പുറത്തു നിന്ന് ലിസ്റ്റണ്‍ കൊളാസോ പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ഷിബിന്‍രാജിനെയും നിഷ്പ്രഭനാക്കി വലയില്‍ തറച്ചു കയറി. 41-ാം മിനിറ്റില്‍ ഫെഡ്രറികോയുടെ നല്ലൊരു ഷോട്ട് ഗോകുലം ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ മൂന്നാം തവണയും ഗോകുലത്തിന്റെ വല കുലുങ്ങി. കിയാന് നസ്രി തള്ളിക്കൊടുത്ത പന്തുമായി ബോക്സില്‍ പ്രവേശിച്ച ഹ്യൂഗോ ബൗമോസാണ് അനായാസം വലകുലുക്കിയത്. 3-0ന്റെ ലീഡുമായാണ് എടികെ മോഹന്‍ ബഗാന് ഇടവേളയ്ക്കു കയറിയത്.
കളി 60 മിനിറ്റ് പിന്നിട്ടപ്പോള്‍ ഗോകുലം നൗഫലിനെയും സൗരവിനെയും പിന്‍വലിച്ച് താഹിര്‍ സമാനെയും ശ്രീക്കുട്ടനെയും ഇറക്കി. തൊട്ടുപിന്നാലെ ഗോകുലം നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. 63-ാം മിനിറ്റില്‍ മോഹന്‍ ബഗാന് നാലാം ഗോളും നേടി. ബോക്സിനുള്ളില്‍ പന്ത് കിട്ടിയ മന്‍വീര്‍ സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. എട്ട് മിനിറ്റിനു ശേഷം ഗോകുലം ഒരു ഗോള്‍ മടക്കി. അവര്‍ക്ക് ലഭിച്ച ഫ്രീകിക്കിനൊടുവിലാണ് ഗോള്‍. ഒമര്‍ റാമോസ് എടുത്ത കിക്ക് ബോക്സില്‍ നിന്ന അമിനൗ ബൗബ ഹെഡ് ചെയ്തത് മറ്റൊരു ഹെഡറിലൂടെ സെര്‍ജിയോ മെന്‍ഡി മോഹന്‍ ബഗാന് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് പരിക്ക് സമയത്ത് കിയാന് നസ്രിയും ലക്ഷ്യം കണ്ടതോടെ എടികെ മോഹന്‍ ബഗാന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 14ന് നടക്കുന്ന മത്സരത്തില്‍ ഗോകുലം എഫ്സി ഗോവയെയും എടികെ മോഹന്‍ ബഗാന് ജംഷദ്പൂര്‍ എഫ്സിയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: