ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ആഴ്‌സണലിന് സമനിലക്കുരുക്ക്. കരുത്തരായ ലിവര്‍പൂളാണ് പീരങ്കിപ്പടയെ തളച്ചത് (2-2). 30 കളിയില്‍ 73 പോയിന്റുമായി ആഴ്‌സണലാണ് മുന്നില്‍. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 29 കളിയില്‍ 67 പോയിന്റ്. 44 പോയിന്റുള്ള ലിവര്‍പൂള്‍ എട്ടാമത്.
ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ആഴ്‌സണല്‍ കുരുങ്ങിയത്. എട്ടാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും 28-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസും നേടിയ ഗോളുകളില്‍ പീരങ്കിപ്പട മുന്നില്‍. 42-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ചെമ്പട, 87-ാം മിനിറ്റില്‍ റോബര്‍ട്ടൊ ഫിര്‍മിനൊ നേടിയ ഗോളില്‍ സമനില പിടിച്ചു. അതിനിടെ, 54-ാം മിനിറ്റില്‍ സല പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ലിവര്‍പൂളിന് തരിച്ചടിയായി.
മത്സരത്തിനിടെ ലിവര്‍പൂളിന്റെ ലെഫ്റ്റ് ബാക്ക് ആന്‍ഡ്രൂ റോബര്‍ട്‌സണെ അസിസ്റ്റന്റ് റഫറി കൊണ്‍സ്റ്റന്റൈന്‍ ഹാറ്റ്‌സിദാകിസ് കൈമുട്ടു കൊണ്ട് മുഖത്തിടിച്ചത് വിവാദമായി. ഇടവേളയ്‌ക്കു പിരിഞ്ഞതിന് പിന്നാലെ റഫറിക്ക് സമീപത്തേക്ക് ചെന്നപ്പോഴായിരുന്നു സംഭവം. ഇതില്‍ വലിയ രീതിയില്‍ പ്രതിഷേധിച്ച റോബര്‍ട്‌സണ് റഫറി മഞ്ഞക്കാര്‍ഡ് നല്കി. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റഫറിമാരെ നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടന തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: