ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി വി.എം. കൊറാത്ത് 1987 ഏപ്രില്‍ മുതല്‍ 1995 ഏപ്രില്‍വരെ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം കോഴിക്കോട്ടേക്ക് മടങ്ങി. തുടര്‍ന്ന് നാരായണ്‍ജി എന്ന പി. നാരായണന് മുഖ്യ പത്രാധിപരായി. ജന്മഭൂമിയാകുന്നതിനും മുമ്പ്, ഒരു ദേശീയ ദിനപത്രം എന്ന ആശയം രൂപപ്പെട്ടതു മുതല്‍ ആ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മേഖലയിലും വ്യാപൃതനായിരുന്ന പി. നാരായണന് മുഖ്യപത്രാധിപരായി, വിരമിച്ചുവെങ്കിലും ഇപ്പോഴും ജന്മഭൂമിയില് പ്രതിവാര പംക്തിയായ സംഘപഥം എഴുതി പത്രത്തോടൊപ്പം തുടരുന്നുണ്ട്. ഒരുപക്ഷേ, ലോകപത്രപ്രവര്ത്തന ചരിത്രത്തില്‍ ഇത്രയുംകാലം തുടര്‍ച്ചയായി പംക്തി എഴുതുന്ന ചരിത്രം നാരായണ്‍ജിയുടെ സംഘപഥത്തിനാണ്; മലയാള പത്രപ്രവര്‍ത്തനത്തില്‍ ഇല്ലേയില്ല.
പി. നാരായണ്‍ജിക്ക് ശേഷം ജന്മഭൂമിയുടെ മുഖ്യപത്രാധിപരായത് പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ്. വിശ്വംഭരന് മാഷ് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം കോളജ് അദ്ധ്യാപകനായിരുന്നു. തികഞ്ഞ പണ്ഡിതന്, ജ്ഞാന വിജ്ഞാനങ്ങളുടെ നിറകുടം. ആധുനിക കാലത്തെ വ്യാസന് എന്ന വിശേഷണത്തിന് അര്‍ഹന്‍.
പ്രൊഫസര്‍ തുറവൂര്‍, ആധുനികകാലത്തെ സാംസ്കാരിക നെടുനായകത്വത്തിലെത്തിയത് മേല്‍പ്പറഞ്ഞ ‘നേതി നേതി’ എന്ന അന്വേഷണത്തിലൂടെയായിരുന്നു. വി.എം. കൊറാത്ത് മുഖ്യപത്രാധിപരായിരിക്കെ ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പില്‍ ‘സാഹിത്യ ചിന്തകള്‍’ എന്ന പംക്തി എഴുതിപ്പോന്നു. തപസ്യ, അമൃതഭാരതി തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുപോന്നു. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ തിരുത്തലായിരുന്ന ‘സാഹിത്യ ചിന്തകള്‍.’ അതിലൂടെ സാഹിത്യരംഗത്തെ കാപട്യങ്ങളും അപഭ്രംശങ്ങളും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍, സര്‍ക്കാര്‍ കോളജിലെ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ അന്നത്തെ വിദ്യാഭ്യാസമന്ത്രി ‘നാടുകടത്തി.’ വിദ്യാഭ്യാസവകുപ്പ് മന്ത്രി, ‘വിദ്യാബ്യാസം,’ ‘അദ്യാപകന്,’ ‘വിദ്യാര്ദ്ദി’ എന്നിങ്ങനെയാണ് പറയുന്നതെന്ന വിമര്‍ശനത്തിനായിരുന്നു നാടുകടത്തല്‍. വകുപ്പുമന്ത്രിയോട് ഫോണില്‍ സംസാരിച്ചാല്‍ കാസര്‍കോട് എളേരിത്തട്ടിലെ കോളജില്‍നിന്ന് സ്വന്തം ‘തട്ടക’മായ എറണാകുളം മഹാരാജാസ് കോളജിലേക്ക് മാറ്റം തരാമെന്ന പ്രലോഭനം ചിലര്‍ അവതരിപ്പിച്ചപ്പോള്‍, മന്ത്രി എന്ന് വിദ്യാഭ്യാസം എന്ന് ഉച്ചരിച്ചു കേള്‍ക്കുന്നുവോ അന്ന് മന്ത്രിയെ വിളിക്കാം, അഭിനന്ദിക്കാം എന്നായിരുന്നു മറുപടി. ഭാഷയില്‍, സംസ്കാരത്തില്‍, പൊതു സാമൂഹ്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറായിരുന്നില്ല അദ്ദേഹം. രാഷ്ട്രീയത്തോടൊപ്പം സാംസ്കാരിക മാധ്യമപ്രവര്‍ത്തനം എന്ന ലക്ഷ്യത്തില്‍ ജന്മഭൂമി നയിക്കപ്പെട്ടതാണ് വിശ്വംഭന്‍ മാഷിന്റെ കാലം.
വിദ്യാര്ഥിജീവിതകാലത്തേ സ്വന്തംവഴിയിലേക്ക് തിരിഞ്ഞപ്പോള്‍ രക്ഷിതാക്കളുടെ പാരമ്പര്യവഴിയോട് കലഹിച്ചു. പഠിപ്പിലെ മിടുക്കിലും പഠിത്തം മുടക്കേണ്ടിവന്നു. പക്ഷേ, ആ വിദ്യാര്‍ഥി സാംസ്കാരിക വിശ്വം ഭരിക്കാന്‍ ജനിച്ചയാളെന്ന് തിരിച്ചറിഞ്ഞ് തിരികെ കോളജ് ക്ലാസ് മുറിയിലേക്ക് കൊണ്ടുവന്ന ചരിത്രം പ്രൊഫ. എസ്. ഗുപതന്നായര് ആത്മകഥയായ ‘മനസാസ്മരാമി’യില്‍ വിവരിച്ചിട്ടുണ്ട്. വേദവും വേദാന്തവും നവശാസ്ത്രവും അടക്കം സര്‍വവിദ്യകളിലും ആധികാരികത നേടി ആധുനിക വേദവ്യാസനായി പ്രകീര്‍ത്തിക്കപ്പെട്ട പ്രൊഫസര്‍ തുറവൂര്‍, ചിന്താപ്രഭാവത്താല് മിഥ്യാ ധാരണകളെ തകര്‍ത്തു. ദുര്‍വ്യാഖ്യാനം ചമച്ച് സത്തിനെ അസത്താക്കിയവരെ നേര്‍ക്കുനേര്‍ ചോദ്യംചെയ്തു. വരികള്‍ക്കിടയില്‍ സങ്കല്‍പ്പിച്ച് വ്യാസസൃഷ്ടികളെ വികലമാക്കിയവരെ വ്യാസവരികളെങ്കിലും ‘നേരേ ചൊവ്വേ’ വായിക്കാന്‍ പഠിപ്പിച്ചു. പ്രഭാഷണവും എഴുത്തും ചിന്തയും പ്രവൃത്തിയും വഴി ആര്ഷഞ്ജാനത്തിന്റെ സൂര്യപ്രകാശമായി. തപസ്യയെന്ന കലാസാഹിത്യസാംസ്കാരിക പ്രസ്ഥാനത്തിന്റെ അമരത്തെത്തി, അമൃത ഭാരതിയെന്ന സാംസ്കാരിക പ്രസ്ഥാനത്തെ നയിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും ഭാരതീയ സാംസ്കാരിക പെതൃക ജ്ഞാനങ്ങളും വെറും കെട്ടുകഥകളല്ലെന്ന് തിരുത്തി, തിരുത്തിച്ചു.
ആലപ്പുഴ ജില്ലയിയെ തുറവൂരിലാണ് ജനിച്ചത്, 1943 ല്‍. ആയുര്‍വേദ, ജ്യോതിശാസ്ത്ര, സംസ്കൃത പണ്ഡിതനായിരുന്ന കെ. പത്മനാഭന്റെയും മാധവിയുടെയും മകന്. ഗരുകുല സമ്പ്രദായത്തില്‍ അച്ഛനില്‍നിന്ന് ആദ്യകാല വിദ്യാഭ്യാസം. പിന്നീട് എറണാകുളം മഹാരാജാസില്‍നിന്ന് തുടര്‍ വിദ്യാഭ്യാസം നേടി, അവിടെ കാല്‍നൂറ്റാണ്ടിലേറെ അദ്ധ്യാപകനായി.
ജര്‍മന്‍, ഫ്രഞ്ച് വിദേശ ഭാഷകള്‍ ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പ്രാവീണ്യം നേടി. വേദോപനിഷത്തുക്കളുടെ വ്യാഖ്യാതാവായി. ഇതിഹാസ പുരാണങ്ങളിലെ കെട്ടുകഥകള്‍ കണ്ടെത്തി തിരുത്തി. യുക്തിഭദ്രമായി അവ അവതരിപ്പിച്ചു, വ്യാഖ്യാനിച്ചു. മഹാഭാരതത്തെ വ്യാസമനസ്സിലൂടെ വ്യാഖ്യാനിച്ച് ദുര്‍വ്യാഖ്യാതാക്കളെ തിരുത്തി. മൂവായിരത്തിലേറെ എപ്പിസോഡുകളിലായി മഹാഭാരത പര്യടനം എന്ന പേരില്‍ ടെലിവിഷന്‍ പ്രഭാഷണം നിര്‍വഹിച്ച് സാംസ്കാരിക വിപ്ലവം തന്നെ നടത്തി.
പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രൊഫ.തുറവൂര്‍ അത് നിര്‍വഹിച്ചു. ഒരു വാരികയിലൂടെ പ്രസിദ്ധീകരിച്ച്, പിന്നീട് പുസ്തകമാക്കിയ മഹാഭാരത പര്യടനം എന്ന ഗ്രന്ഥം, അതുവരെ പറത്തുവന്നിരുന്ന സകല ഇതിഹാസ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും വികല വ്യാഖ്യാനങ്ങള്‍ക്കുള്ള തിരുത്തുമായിരുന്നു. ദീര്‍ഘനാളത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും മനനങ്ങള്‍ക്കും ശേഷം തയാറാക്കിയത്. സാഹിത്യ കലാ വിഷയങ്ങളില്‍ അദ്ദേഹം തയാറാക്കിയ പ്രബന്ധങ്ങളും കുറിപ്പുകളും പുതിയ മൂല്യ നിലവാരം കുറിച്ചു, പുതിയ സാംസ്കാരിക പ്രസ്ഥാനമായി.
ജന്മഭൂമിയിലൂടെ മുഖ്യപത്രാധിപരെന്ന നിലയില്‍ ഈ സാംസ്കാരിക പ്രസാരണമാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് നിര്‍വഹിച്ചത്. ഭാഷ ഒരു ജനതയുടെ സംസ്കാരമാണെന്നും സംസ്കൃതരായിരിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം സ്ഥാപിച്ചു. ഭാഷയെക്കുറിച്ച്, സംസ്കാരത്തെക്കുറിച്ച് അദ്ദേഹം നല്കിയ സന്ദേശം ഇങ്ങനെ: ”ഭാഷ ഒരു ജനതയുടെ സംസ്കാരത്തിന്റെ ലിപിരൂപമാണ്. അതിന്റെ വാചികരൂപവും ഭാഷ തന്നെ. സംസ്കൃതത്തെ എടുക്കുക. സമസ്തലോക ജ്ഞാനവിജ്ഞാനങ്ങളും സര്‍വചരാചരങ്ങളും പ്രതിഫലിക്കുന്ന പ്രപഞ്ചമാണ് ആ ഭാഷ. സംസ്കൃതഭാഷയുടെ ശാസ്ത്രഗാംഭീര്യം രണ്ട് ഇതിഹാസങ്ങളുടെ തര്ജമയിലൂടെ മലയാളത്തിലേക്കു പകര്‍ന്നുതന്ന മഹാനായ ആചാര്യനാണ് തുഞ്ചത്തെഴുത്തച്ഛന്‍. സംസ്കൃതഭാഷയിലെ സകല നിധികളും അദ്ദേഹം മലയാളത്തിലേക്കു പറിച്ചുനട്ടു. പക്ഷേ, നമ്മുടെ പൗരസമൂഹം എഴുത്തച്ഛനെ മറക്കുന്നു. മാതൃഭാഷാ പഠനം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ഒരു ഭരണകൂടമോ രാഷ്ട്രനേതാക്കളോ, സാഹിത്യപ്രതിഭകളോ ജനങ്ങളെ സമ്മതിപ്പിക്കേണ്ട പ്രേരണാപരമായ ഒരേര്‍പ്പാടല്ല. പഠേതാക്കള്ക്ക്, അവരുടെ രക്ഷിതാക്കള്‍ക്ക് തനിയേ, സ്വയമേവ തോന്നേണ്ടതാണത്. അടിച്ചേല്‍പ്പിച്ചു പ്രസക്തിയുണ്ടാക്കാന്‍ ആര്‍ക്കും സാധ്യമല്ല.
കമ്യൂണിസ്റ്റ് ആചാര്യന് ലെനിന് ഒരിക്കല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളോടു പറഞ്ഞു, ‘അലക്സാണ്ടര്‍ പുഷ്കിന്റെ കവിതകള്‍ വായിച്ചു പഠിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ റഷ്യന്‍ സംസ്കാരത്തെപ്പറ്റിയും നമ്മുടെ മാതൃഭാഷയെപ്പറ്റിയും അജ്ഞരായിരിക്കും, അജ്ഞരായ ജനങ്ങള്‍ കമ്യൂണിസത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയില്ലാത്തവരുമാകും’ എന്ന്. ഈ ഉപദേശം ആ നാട്ടില്‍ വിപരീതഫലമാണുണ്ടാക്കിയത്. യുവാക്കള്‍ പുഷ്കിന്റെ ജീവചരിത്രം വായിക്കുകയും കവിതകള്‍ വായിക്കാതിരിക്കുകയും ചെയ്തു! റഷ്യന്‍ ഭാഷയുടെ ആദര്ശാത്മകവശം സമാഹരിച്ചെടുത്ത അതുല്യപ്രതിഭാശാലിയായിരുന്നു പുഷ്കിന്. എന്നാല്‍ സദാചാരവിരുദ്ധജീവിതം നയിച്ചയാളായിരുന്നു. തെമ്മാടി, അടിപിടിക്കാരന്‍, മാര്‍ക്കറ്റില്‍ ഗുസ്തി നടത്തി പണം പിരിക്കുന്നവന്‍. മുപ്പത്തേഴാം വയസില്‍ ഒരു ഗുസ്തിമത്സരത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പുഷ്കിന്റെ ഈ വ്യക്തിജീവിതമാണ് സോവ്യറ്റ് യൂണിയനിലെ യുവാക്കളെ ഹരംകൊള്ളിച്ചത്. അവര്‍ കവിതകള്‍ പഠിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍ ആസക്തരായി. പുഷ്കിന്റെ ഭാഷയല്ല, മോശം ജീവിതമാണു യുവാക്കള്‍ പഠിച്ചതെന്നു ലെനിന് പിന്നീട് തിരിച്ചറിയുകയും ചെയ്തു…”
പണ്ഡിതോചിതമായി, ആധികാരികമായി, പറയേണ്ടതെല്ലാം, ലളിതമായി പറയാന്‍ വശമുണ്ടായിരുന്ന അദ്ദേഹം, പറയാനുള്ള രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നിലപാടുകള്‍ പറയാന്‍ ജന്മഭൂമിയെ പഠിപ്പിച്ചു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന് 2017 ഒക്ടോബര്‍ 20 ന് 74 വയസ്സില്‍ അന്തരിച്ചു.
(അടുത്തത്: ലീലാ മേനോന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: