രാജാക്കാട്: ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട അരിക്കൊമ്പന് ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ 301 കോളനിയിലെ ഇടിക്കുഴി ഭാഗത്തെ വി.ജെ. ജോര്‍ജിന്റെ വീടിന്റെ അടുക്കളയും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ച ഭാഗത്തിന്റെ തകര കൊണ്ടുള്ള മേല്‍ക്കൂരയും തകര്‍ത്തു.
അരിക്കൊമ്പനൊപ്പം ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു. ജോര്‍ജും ഭാര്യ സെലീനയും ഭിന്നശേഷിക്കാരിയായ മകള്‍ ആന്മരിയയുടെ ചികിത്സക്കായി മച്ചിപ്ലാവിലുള്ള ബന്ധുവീട്ടിലായിരുന്നു. ഇതിനാല്‍ ദുരന്തം ഒഴിവായി. അരി തേടിയാണ് ആന അടുക്കള തകര്‍ത്തത്. ആര്‍ആര്‍ടിയും വാച്ചര്‍മാരുമെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് ഓടിച്ചു.
റേഡിയോ കോളര്‍ ഉടന്‍
ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന റേഡിയോ കോളര്‍ ആസാമില്‍ നിന്ന് ഉടന്‍ വിമാനമാര്‍ഗം കേരളത്തിലെത്തിക്കും. നിലവിലെ ജിഎസ്എം റേഡിയോ കോളറിന് പറമ്പിക്കുളത്ത് റേഞ്ച് കിട്ടില്ല.
ആനയെ എത്രയും വേഗം പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ വനംവകുപ്പ് കാട്ടിയ അമാന്തതമാണ് നടപടികള്‍ നീളാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ പറമ്പിക്കുളത്ത് ആനയെ എത്തിക്കുന്നതിനെതിരെ അവിടെയും പ്രതിഷേധം ശക്തമാണ്. ഇതിനാല്‍ തന്നെ ആനയെ ഇവിടെ നിന്ന് മാറ്റുന്നത് നീളുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഈസ്റ്ററിന് ശേഷമാകും അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കിയ ശേഷം ട്രയല്‍ റണ്ണും നടത്തിയേക്കും. നിലവില്‍ വയനാട്ടില്‍ നിന്നുള്ള നാല് താപ്പാനകളും ആര്‍ആര്‍ടി സംഘവും ആഴ്ചകളായി മേഖലയില്‍ തുടരുകയാണ്.
അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധം
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ഊരുവാസികളുടെ നേതൃത്വത്തില്‍ ഇന്നലെ പറമ്പിക്കുളം കടുവസങ്കേതം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു പതിമൂന്നോളം കോളനികളാണ് പറമ്പിക്കുളത്തുള്ളത്.
ഇതിനു പുറമെ വിവിധ വകുപ്പുകളിലായി നിരവധി ഗവ. ജീവനക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്. റേഷന്‍കടയിലേക്ക് ഉള്‍പ്പെടെ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. ഇതിനിടെ കാട്ടുപോത്തിന്റെയും ആനയുടെയും ആക്രമണത്തിന് ഇരയായ സംഭവങ്ങളുമുണ്ട്. അരിക്കൊമ്പന് കൂടിയാകുമ്പോള്‍ ജീവനുതന്നെ ഭീഷണിയാവുമെന്ന ഭീതിയിലാണ് കോളനിക്കാര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട്ടില്‍ നിന്ന് കല്ലൂര്‍ കൊമ്പനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.
നെന്മാറ എംഎല്‍എ കെ. ബാബു, സിപിഎം പ്രാദേശിക നേതൃത്വം, കര്‍ഷകമോര്‍ച്ച, ബിഡിജെഎസ്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തി. മുതലമട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: