Categories: India

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് ദല്‍ഹിയിലെ ആസ്ഥാനത്തെ ചടങ്ങില്‍

ദേശീയ തലത്തില്‍ തന്നെ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് എ.കെ. ആന്റണി, കൂടാതെ നെഹ്‌റു കുടുംബവുമായി ആന്റണിക്ക് അടുത്ത ബന്ധമാണ് ഉള്ളത്.

ന്യൂദല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍. ദല്‍ഹിയിലെ ദേശീയ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ 43ാം സ്ഥാപക ദിനം കൂടിയാണ് ഇന്ന്.

അനില്‍ ആന്റണി ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി കേരള പ്രസിഡന്റ് കെ. സുരേന്ദ്രനുമൊപ്പമാണ് എത്തിയത്. 

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ അനില്‍ ആന്റണി ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെ അനില്‍ ആന്റണി പാര്‍ട്ടിയില്‍ നിന്നും എല്ലാ പദവികളും രാജിവെയ്‌ക്കുകയായിരുന്നു. .

ശേഷം 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസന്‍ ഉയര്‍ത്തിയ പ്രസ്താവനയ്‌ക്കെതിരേയും അദ്ദേഹം പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. കൂടാതെ കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ദല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

ദേശീയ തലത്തില്‍ തന്നെ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് എ.കെ. ആന്റണി, കൂടാതെ നെഹ്‌റു കുടുംബവുമായി ആന്റണിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. അതേസമയം വിഷയത്തില്‍ എ.കെ. ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല. മകനുമായി രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാറില്ല എല്ല തണുത്ത പ്രതികരണമാണ് നല്‍കിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക