തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍സീറ്റില്‍ ഇരുത്തി സമസ്തയാണ് ഇന്ന് കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നതെന്ന് സ്വതന്ത്ര ചിന്തകയും യുക്തിവാദിയുമായ ജാമിത ടീച്ചര്‍. സ്ത്രീ നവോത്ഥാനത്തെ കുറിച്ച് പറയുന്ന കമ്യൂണിസ്റ്റുകള്‍ മുസ്ലീം സ്ത്രീകളുടെ നവോത്ഥാനത്തെ കുറിച്ച് പറയാത്തത് അതുകൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ വിചാരസദസ് ‘അമൃതം ഗമന’ത്തില്‍ സംസാരിക്കുകയായിരുന്നു ജാമിത ടീച്ചർ.
വിവാഹ പ്രായം 21 ആക്കുന്നതിനെ എതിര്‍ക്കുന്നത് സമസ്തയുടെ അഭിപ്രായപ്രകാരമാണ്. മുസ്ലീം മതപണ്ഡിതര്‍ സ്ത്രീകളുടെ ചേലാകര്‍മം നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ ഒരക്ഷരം സംസാരിക്കുന്നില്ല. സ്ത്രീകള്‍ ഇന്ന് മുസ്ലീം സമൂഹത്തില്‍ ഒട്ടും സുരക്ഷിതരല്ലെന്നും ജാമിത ടീച്ചര്‍ പറഞ്ഞു. ലോകം സ്ത്രീയെ ഉപഭോഗവസ്തുവായി കണ്ടിരുന്ന കാലഘട്ടങ്ങള്‍ക്ക് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അവര്‍ക്ക് ഭാരതം വളരെ ഉന്നതമായ സ്ഥാനമാണ് നല്‍കിയിരുന്നതെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സി. നിവേദിത പറഞ്ഞു. സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗം നടത്തുകയായായിരുന്നു അവര്‍.
സ്ത്രീക്ക് പുരുഷനൊപ്പം സ്ഥാനം നല്‍കി ആദരിച്ചിരുന്ന സംസ്‌കാരമാണ് ഭാരതത്തിനുണ്ടായിരുന്നതെന്നു ടിവി അവതാരക എസ്. സുജയപാര്‍വ്വതി പറഞ്ഞു. സ്ത്രീസമത്വം എന്നത് സ്ത്രീക്ക് താലത്തില്‍ വെച്ച് ലഭിക്കേണ്ട ഒന്നല്ല. അതവര്‍ സ്വയം മുന്നേറി നേടിയെടുക്കേണ്ടതാണ്. സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്ത്രീകള്‍ ശക്തി നേടേണ്ടിയിരിക്കുന്നു. സ്ത്രീയും പുരുഷനും സമൂഹത്തില്‍ ഒന്നിച്ചു മുന്നേറേണ്ടവരാണെന്നും സുജയ പാര്‍വ്വതി പറഞ്ഞു.
വര്‍ത്തമാന കാലഘട്ടത്തിലെ സ്ത്രീയെ മതഗ്രന്ഥങ്ങളിലെ വിവക്ഷക്കനുസരിച്ചും വ്യാഖ്യാനങ്ങള്‍ക്കനുസരിച്ചും ഏറെക്കാലം തളച്ചിടാനാകില്ലെന്ന് പ്രശസ്ത നിയമവിദഗ്ധ അഡ്വ. ഒ. എം. ശാലീന പറഞ്ഞു. വിവാഹത്തിലൂടെ സ്ത്രീയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന സാമൂഹിക ബോധ്യത്തില്‍ നിന്നും സ്വതന്ത്രമായ വ്യക്തിത്വവും നിലനില്‍പ്പും നിലപാടുകളുമുള്ള സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായും, അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റവും നമുക്ക് കാണാന്‍ സാധിക്കും. വീടിനുള്ളില്‍ ആയാലും പൊതു ഇടത്തിലായാലും തനിക്കു വേണ്ടി സംസാരിക്കേണ്ടത് താന്‍ തന്നെയാണ് എന്ന സ്ത്രീയുടെ തിരിച്ചറിവാണ് പുതിയ മാറ്റത്തിലേക്കു നയിക്കാന്‍ പ്രേരകമായിട്ടുള്ളത്. സ്ത്രീപക്ഷ നിലപാട് എന്ന ആശയത്തോട് ഞാന്‍ യോജിക്കുന്നില്ല. നിലപാടുകള്‍ എപ്പോഴും നേര്‍പക്ഷത്തായിരിക്കണം. സ്ത്രീയോ പുരുഷനോ എന്നത് അവിടെ അപ്രസക്തമാണ്. സ്ത്രീസുരക്ഷയെ കരുതി ഈ രാജ്യത്തു നടത്തിയിട്ടുള്ള നിയമനിര്‍മാണങ്ങളില്‍ പലതും ഉദ്ദേശിച്ച ഫലം കാണാതെ പോയത് പലപ്പോഴും കേസുകള്‍ നേര്‍പക്ഷത്തായിരുന്നില്ല എന്നത് കൊണ്ടാണെന്നും ശാലീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക