അഖില എസ്.നായര്‍ ഒരു സ്ഥലംമാറ്റം പ്രതീക്ഷിച്ചതേ അല്ല. ഓര്‍ക്കാപ്പുറത്താണ് അതെത്തിയത്. വര്‍ക്കലയില്‍ നിന്നും പാലാ ഡിപ്പോയിലേക്ക്. കെഎസ്ആര്‍ടിസി കണ്ടക്ടറാണ് അഖില. അര്ബുദരോഗമുക്ത. അഖില ചെയ്ത അപരാധം നടക്കുന്നത് ജനുവരി 11ന്. ‘ശമ്പള രഹിത സേവനം 41-ാം ദിവസം’ എന്നെഴുതിയ ബാഡ്ജ് ധരിച്ചു എന്നതാണ് കുറ്റം. സാമൂഹ്യ മാധ്യമങ്ങളില്‍ അത് വൈറലായി. തുടര്‍ന്നാണ് നടപടി. ഒടുവില്‍ സിഎംഡി ഇടപെട്ടു. മന്ത്രിയും പെട്ടു. ട്രാന്‍സ്ഫര്‍ നടപടി തെറ്റായിരുന്നു എന്ന സിഎംഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അഖിലയുടെ ട്രാന്‍സ്ഫര്‍ കട്ടപ്പുറത്തായത്. പാലായിലേക്കുള്ള സ്ഥലം മാറ്റം റദ്ദ് ചെയ്ത വിവരം അറിയിച്ച ഗതാഗതമന്ത്രിയുടെ ന്യായമാണ് വിചിത്രം. അഖില പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നായിരുന്നു വാദം. ‘ആരാന്റപ്പനൊരപ്പനല്ല, അപ്പപ്പൂവൊരു പൂവല്ല’ എന്ന ചൊല്ലുപോലെ. കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘിന്റെ ഭാരവാഹിയായ അഖിലയുടെ ഒറ്റയാള്‍സമരം വിജയം കണ്ടതില്‍ അവര്‍ സംതൃപ്തരാണ്. തെറ്റൊന്നും ചെയ്തില്ല. ചെയ്ത ജോലിക്ക് ശമ്പളം ചോദിക്കാന്‍ അവകാശമില്ലെ എന്നായിരുന്നു അവരുടെ ചോദ്യം. തൊട്ടതിനും പിടിച്ചതിനുമെല്ലാം സംസ്ഥാന പണിമുടക്കും അഖിലേന്ത്യാ പണിമുടക്കും ബന്ദും ഹര്‍ത്താലും പോരാത്തതിന് യാത്രക്കാരെ തീയിട്ട് കൊല്ലുന്ന സമരം വരെ നടക്കുന്ന സംഘടിത തൊഴിലാളിവര്‍ഗം മിഴുങ്ങസ്യ നില്‍ക്കുമ്പോഴാണ് ഈ സമരം വ്യത്യസ്തമാകുന്നത്.
ഇടതുഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് വീമ്പടിച്ചവര്‍ക്കേറ്റ പ്രഹരമായി അഖിലയുടെ സമരം എന്നുപറഞ്ഞാല്‍ മതിയല്ലൊ. ശമ്പളത്തിനുവേണ്ടി ഒരു ദിവസംപോലും പണിമുടക്കിയില്ല. പണിയെടുത്തുകൊണ്ട് നിശബ്ദമായി നടത്തിയ ഈ സഹനസമരം തൊഴിലാളിവര്‍ഗത്തിനാകെ മാതൃകയാകേണ്ടതാണ്. പശുത്തൊഴുത്തിനും നീന്തല്‍കുളത്തിനും ഒറ്റനില വീടിന് ലിഫ്റ്റ് ഘടിപ്പിക്കാനും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രി. ഒരു പണിയും ചെയ്യാതെ പൊതുജനങ്ങള്‍ക്ക് തെറ്റായ വിവരം നല്കുന്ന യുവജന കമ്മിഷന് ലക്ഷങ്ങള്‍ വാരിക്കോരി നല്കുന്ന മുഖ്യമന്ത്രി. അങ്ങേയ്ക്ക് ഒരു അര്‍ബുദ രോഗിയുടെ സങ്കടഹര്‍ജി കണ്ടില്ലെന്ന് നടിക്കാനാകുമോ? ആകില്ല. അതുകൊണ്ടാണല്ലൊ വൈക്കത്തുനിന്ന് പാലായിലേക്കുള്ള സ്ഥലം മാറ്റം റദ്ദു ചെയ്യേണ്ടിവന്നത്.
അഖിലയുടെ സ്ഥലംമാറ്റം റദ്ദു ചെയ്തുകൊണ്ടുള്ള വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെയാണ് കെ. സുരേന്ദ്രനെതിരായ ഒരാക്ഷേപം കടന്നുവന്നത്. കെ. സുരേന്ദ്രന് സിപിഎം വനിതകളെ അധിക്ഷേപിച്ചു എന്നാണത്. തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിലും ആലപ്പുഴയിലും തൃശൂരിലും പരാതി വരുമെന്നാണ് കേള്‍ക്കുന്നത്. സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്ന രീതിയില്‍ ബിജെപി പ്രസിഡന്റ് നടത്തിയ പ്രസ്താവനക്കെതിരെ നടപടി വേണമെന്നാണ് കേസ്. സ്ത്രീശാക്തീകരണത്തിനായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ നല്ല കാശടിച്ചുമാറ്റി തടിച്ചുകൊഴുത്ത് പൂതനകളെ പോലെയായി മാറി എന്നാണ് സുരേന്ദ്രന് പറഞ്ഞത്. തൃശൂരില്‍ വനിതാമോര്‍ച്ച സമ്മേളനത്തിന്റെ സ്വാഗതസംഘത്തില്‍ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രന്.
കമ്മ്യൂണിസ്റ്റുകാര്‍ ഇസം ഉപേക്ഷിച്ച് ഇതിഹാസത്തില്‍ അഭിരമിക്കുകയാണോ എന്ന സംശയമാണ് ഇതില്‍ നിന്നും ഉത്ഭവിക്കുന്നത്. പൂതന എന്ന് മനുഷ്യസ്ത്രീകള്ക്കാരും പേരിടാറില്ല. പൂതന ഭാഗവതത്തിലെ ഒരു കഥാപാത്രമാണ്. ഭാഗവതവും രാമായണവും വിശ്വസിക്കാന്‍ കൊള്ളാത്തതെന്ന് പെരുമ്പറയടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തിരുവനന്തപുരത്ത് യാഗശാലയില്‍ എത്തി കുമ്പിട്ട ആരിഫ് എംപിയെക്കുറിച്ചല്ല ഇപ്പറഞ്ഞത്. ആരിഫുമാര്ക്ക് ഇതാവാം. സുരേന്ദ്രന്മാര് അമ്പലത്തില്‍ പോയി തൊഴുതാല്‍ പാര്‍ട്ടി വിശദീകരണം തേടും. ഇവിടെ പ്രശ്നം അതല്ലാത്തതുകൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല.
പൂതനയായുള്ള ഈ ജന്മത്തില് ആ വരം നിവര്‍ത്തിക്കുവാനാണ്, പൂതനയ്ക്ക് കൃഷ്ണനെ കാണുന്ന മാത്രയില്‍ മാതൃഭാവം തോന്നിയത്. തുടര്‍ന്ന് താന്‍ വന്ന കാര്യം ഓര്‍മ്മിച്ച്, ഇനി ഒട്ടും വൈകാതെ വിഷം കൊടുത്ത് കൊല്ലുക തന്നെ എന്നുറച്ച്, രാക്ഷസീയഭാവത്തില്‍ കുഞ്ഞിന് വീണ്ടും മുലയൂട്ടുന്നു. പൂതനാമോക്ഷം കഥകളിയിലും ഇങ്ങനെതന്നെ പറയുന്നുണ്ട്. പാലിനൊപ്പം പൂതനയുടെ രക്തവും കണ്ണന് കുടിക്കുകയും പൂതന മരിച്ചുവീഴുകയും ചെയ്യുന്നു. ഒടുവില്‍ വേദനകളൊക്കെ മറന്ന് ആനന്ദത്തോടെ പൂതന വിഷ്ണുചൈതന്യത്തില്‍ ലയിച്ചു. ആ പൂതനയെ സുരേന്ദ്രന് ഉപമിച്ചതിലാണ് സിപിഎം വല്ലാതെ വിഷമിക്കുന്നത്. ഇസം തീരെ ഉപേക്ഷിച്ചു എന്നല്ലെ ഇതിലൂടെ വ്യക്തമാക്കുന്നത്.
ഭാഗവതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു രാക്ഷസിയാണ് പൂതന. എന്നുപറഞ്ഞല്ലോ. മഥുര രാജാവായിരുന്ന കംസന്റെ പത്നിയായ അസ്തിയുടെ ദാസിയായിരുന്നു പൂതന. കംസന്റെ ആജ്ഞാനുസരണം ശിശുവായിരുന്ന ശ്രീകൃഷ്ണനെ കൊല്ലുക എന്ന ദൗത്യവുമായി വശ്യമനോഹര രൂപം പൂണ്ട് അമ്പാടിയില്‍ എത്തുന്ന പൂതന, മാതാവായ യശോദ അടുത്തില്ലാതിരുന്ന തക്കത്തില്‍ നന്ദഗോപഗൃഹത്തില്‍ പ്രവേശിച്ച് കൃഷ്ണനു വിഷം ചേര്‍ത്ത മുലപ്പാല്‍ കൊടുത്തു. എന്നാല്‍ പാല് കുടിച്ചുതീര്‍ന്നിട്ടും മതിയാകാഞ്ഞ ഉണ്ണിക്കണ്ണന് പൂതനയുടെ രക്തം ഉള്‍പ്പടെ ഊറ്റിക്കുടിച്ചു. കുഞ്ഞ് തന്റെ രക്തവും കുടിക്കുന്നത് മനസ്സിലാക്കിയ പൂതന കുഞ്ഞായ കണ്ണനെ എടുത്തുകൊണ്ട് പോകുവാന്‍ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു വീണു. കൃഷ്ണന് കാര്‍മേഘവര്‍ണം ആയിപോയത് പൂതനയുടെ വിഷപ്പാല്‍ കുടിച്ചിട്ടാണെന്ന് പറയപ്പെടുന്നു.
പൂര്‍വ്വ ജന്മത്തില് അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ പുത്രിയായ രത്നമാലയായിരുന്നു പൂതന. അവതാരോദ്ദേശ്യം നിര്‍വ്വഹിക്കുവാനായി വാമനന് മഹാബലിയുടെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ ബലിക്കൊപ്പം രത്നമാലയും എത്തിയിരുന്നു. സുന്ദരനായ ബാലനെ കണ്ടപ്പോള്‍ അവള്‍ക്ക് ഇങ്ങനെയൊരു പുത്രന് മുലയൂട്ടുവാന്‍ ആഗ്രഹം തോന്നി. രത്നമാലയുടെ മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ദ്വാപരയുഗത്തില്‍ ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അവളെ അനുഗ്രഹിക്കുന്നു. അതാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം പൂതനാമോക്ഷം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നു കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: