‘യശോദയും കൃഷ്ണനും’ എന്ന രാജാരവിവര്‍മ്മയുടെ വിഖ്യാത പെയിന്റിംഗ് മുംബൈയിലെ പണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ലേലത്തില്‍ വിറ്റുപോയത് 38 കോടി രൂപയ്ക്ക്.
“ഒരു രാജാ രവിവര്‍മ്മ പെയിന്റിംഗിന് ലഭിയ്ക്കുന്ന ലോകറെക്കോഡ് വിലയാണിത്. ആരാണ് ഈ പെയിന്റിംഗ് വാങ്ങിയതെന്ന് വെളിപ്പെടുത്താനാവില്ല”- ആര്‍ട്ട് ഗ്യാലറി ഡയറക്ടറും ഉടമസ്ഥനുമായ ദാദിബാ പണ്ടോള്‍ പറയുന്നു. ആരായിരിക്കും ഈ അജ്ഞാതനായ വ്യക്തി എന്നതിനെക്കുറിച്ച് ഒരു അറിവുമില്ല. ഓണ്‍ലൈനായും ഫോണ്‍ വഴിയും നേരിട്ടും നിരവധി പേര് ലേലത്തില്‍ പങ്കെടുത്തിരുന്നു. ‘യശോധയും കൃഷ്ണനും’ എന്ന പെയിന്റിംഗ് ഫ്രിറ്റ്സ് സ്ക്ളീഷര് എന്ന ജര്‍മ്മന്‍കാരന്റെ കയ്യിലായിരുന്നു. ഇദ്ദേഹം പൂനെയിലെ ലോനാവാലയിലെ രവിവര്‍മ്മ പ്രസ്സ് വാങ്ങിയ വ്യക്തിയാണ്. ലേലത്തുക ആരംഭത്തില്‍ 15 കോടിയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാശിയേറിയ ലേലത്തില്‍ തുക 38 കോടിയിലേക്ക് ഉയര്‍ന്നു.
പെയിന്റിംഗിലെ വൈദഗ്ധ്യം, പെയിന്റിംഗ് സൂക്ഷിച്ചതിലെ മികവ്, ആരെയും വശീകരിക്കുന്ന വിഷയം ഇതെല്ലാമാണ് ഈ പെയിന്റിംഗിന് ഇത്രയും ഉയര്‍ന്ന വില ലഭിയ്ക്കാന്‍ കാരണമായതെന്ന് ദാദിബ പണ്ടോള്‍ പറഞ്ഞു.
മറ്റൊരു രാജാ രവിവര്‍മ്മ പെയിന്റിംഗായ ‘ലോര്‍ഡ് ശിവ ആന്റ് ഫാമിലി’ (ശിവഭഗവാനും കുടുംബവും) എന്ന പെയിന്റിംഗ് 16 കോടി രൂപയ്ക്കാണ് ലേലത്തില്‍ വിറ്റുപോയത്. ‘കംസവധവും യൗവനയുക്തനായ കൃഷ്ണനും’ എന്ന പെയിന്റിംഗിന് നാല് കോടി രൂപ ലഭിച്ചു.
പണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘നിലാവിലെ രാധ’ എന്ന പെയിന്റിംഗ് 20 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഒരു രാജാ രവിവര്‍മ്മ പെയിന്റിംഗിന് കിട്ടുന്ന ഏറ്റവും കൂടിയ തുകയാണിതെന്ന് ആര്‍ട്ടി ഗ്യാലറി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: