ന്യൂദല്‍ഹി: രാജ്യത്തെ അഴിമതിയില്‍നിന്നു മോചിപ്പിക്കുക എന്നതാണു സിബിഐയുടെ പ്രധാന ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവര്‍ത്തനത്തിലൂടെയും കഴിവുകളിലൂടെയും സിബിഐ രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തി. പ്രൊഫഷണലായതും കാര്യക്ഷമവുമായ സ്ഥാപനങ്ങളില്ലാതെ വികസിത ഭാരതം സാധ്യമല്ല.സിബിഐ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.
അഴിമതി സാധാരണ കുറ്റകൃത്യമല്ല; അതു പാവപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു; മറ്റു നിരവധി കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുന്നു; നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലെ ഏറ്റവും വലിയ തടസം അഴിമതിയാണ്. രാജ്യത്ത് അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിക്ക് ഇന്നു കുറവേതുമില്ല. അഴിമതിക്കാരെ ആരെയും വെറുതെ വിടരുത്. നമ്മുടെ പ്രയത്‌നങ്ങളില്‍ അലംഭാവം പാടില്ല. ഇതാണു രാജ്യത്തിന്റെ ആഗ്രഹം; ഇതാണു നാട്ടുകാരുടെ ആഗ്രഹം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങള്‍ക്കൊപ്പമുണ്ട്’
അഴിമതിക്കാര്‍ എത്ര ശക്തരെങ്കിലും അവര്‍ക്കെതിരെ മടിയേതുമില്ലാതെ നടപടിയെടുക്കണമെന്ന് പ്രധാമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഴിമതിക്കാരുടെ അധികാരത്തിന്റെ ചരിത്രവും അന്വേഷണ ഏജന്‍സികളെ കളങ്കപ്പെടുത്താന്‍ അവര്‍ സൃഷ്ടിച്ച ആവാസവ്യവസ്ഥയും കണ്ട് പിന്തിരിയരുതെന്നും നരേന്ദ്രമോദി പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൂതനമായ സമീപനത്തിന്റെ ആവശ്യകതയ്‌ക്കു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സംരംഭകരെയും യുവാക്കളെയും ബന്ധിപ്പിക്കാനും വകുപ്പിലെ സാങ്കേതിക വിദഗ്ധരായ യുവ ഉദ്യോഗസ്ഥരെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: