കോഴിക്കോട്: എലത്തൂരിൽ തീവണ്ടിയുടെ ബോഗികളില്‍ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ പ്രതി നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫിയാണെന്ന് സൂചന. ഇയാള്‍ പൊലീസ് പിടിയിലായെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറിക്കുറിപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐഎംഇഎ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് ഇയാൾ നോയിഡ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരമാണ് പൊലീസിന് പിടിവള്ളിയാവുന്നത്. റെയിൽവെ പൊലീസ് പരിശോധന നടത്തി. കാലിന് പൊള്ളലേറ്റയാൾ ട്രെയിനില്‍ തീവെപ്പ് നടത്തിയ ദിവസം അര്‍ധരാത്രിയോടെ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ വ്യാജമായ മേല്‍വിലാസമാണ് ആശുപത്രിയില്‍ നല്‍കിയത്. ഇയാള്‍ നല്‍കിയ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ചികിത്സ തേടി എത്തിയ ആള്‍ തന്നെയാണ് അക്രമകാരി എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്. ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിര്‍ബന്ധിച്ചെങ്കിലും എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇയാൾ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയുംം ചെയ്തിരുന്നു.
തീവെപ്പ് നടത്തിയ ദിവസം അര്‍ധരാത്രിയില്‍ ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. പ്രതി തീവ്രവാദിയാണോ അതോ മാനസിക വൈകല്യമുള്ളയാളാണോ എന്നിവയില്‍ പൊലീസിന് സ്ഥിരീകരണം വരുത്തണം. അയാളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങളെന്തൊക്കെ?, ആരൊക്കെയാണ് പ്രതിയെ സഹായിച്ചത്? എന്നീ കാര്യങ്ങളും കണ്ടെത്തണം.
പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: