കോട്ടയം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം. ശമ്പളക്കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയ അഖില എസ്. നായരെ വൈക്കം ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റുകയായിരുന്നു.
ശമ്പളം നല്‍കാത്തതില്‍ വേറിട്ട രീതിയില്‍ ജോലി ചെയ്തുകൊണ്ടുതന്നെ പ്രതിഷേധിച്ച അഖിലയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ഇത് സംസ്ഥാനത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിന് നാണക്കേടായി. ഇത് അച്ചടക്കലംഘനമാണെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസിയുടെ സ്ഥലംമാറ്റ നടപടി. കൂടാതെ ഭരണ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുകയാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
വൈക്കത്തു നിന്നും പാലായിലേക്കാണ് അഖിലയെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം മാറ്റ വിവരം താന്‍ അറിഞ്ഞതെന്നും അഖില പ്രതികരിച്ചു.
ശമ്പളം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായതോടയാണ് താന്‍ പ്രതിഷേധിച്ചത്. അതും ജോലി കൃത്യമായി ചെയ്തുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിശബ്ദമായാണ് പ്രതിഷേധിച്ചത്. ജനുവരി 11നായിരുന്നു അഖിലയുടെ ഈ മൗന പ്രതിഷേധം. അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്ക്വാഡ് ഐസി വിളിപ്പിച്ച് സംഭവത്തില്‍ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് രണ്ട് മാസങ്ങള്‍ക്കു ശേഷം മാര്‍ച്ച് 23നാണ് ഇപ്പോള്‍ അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്.
അതേസമയം ശനിയാഴ്ച തന്നോട് ജോലിക്ക് വരേണ്ടതില്ലെന്ന് ഡിപ്പോയില്‍ നിന്നും അറിയിക്കുകയുണ്ടായി. അതല്ലാതെ കെഎസ്ആര്‍ടിസി സ്ഥലംമാറ്റ രേഖയൊന്നും തനിക്ക് നല്‍കിയിട്ടില്ലെന്നും അഖില പറഞ്ഞു. കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ്ആര്‍ടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: