തൃശ്ശൂര്‍: കോവിഡ് കാലത്ത് സേവാ പ്രവര്‍ത്തനത്തില്‍ മുന്‍ പന്തിയിലായിരുന്നു ചൊവ്വന്നൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്. വാര്‍ഡ് അംഗം ബിജപി പ്രതിനിധി അജിതാ വിശാലിന്റെ ചുറുചുറുക്ക് അതിന് കാരണമായി. സേവാഭാരതിയുടെ പേരിലായിരുന്നു സേവനം പ്രവര്‍ത്തനം സംഘടിപ്പിച്ചത്. കയ്യിലുളളതും കടം വാങ്ങിയതും പ്രവര്‍ത്തകര്‍ നുള്ളിപ്പെറുക്കിയതും ഒക്കെ കൂട്ടി സേവാപ്രവര്‍ത്തനം നടത്തുമ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ അജിതയുടെ പോസ്റ്റിനു താഴെ ഒരാള്‍ പരിഹാസ പോസ്റ്റിട്ടു ‘ എന്താണ് സേവാഭാരതി ?. ഇതിനു മുന്‍പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ,? ഈ സാധനം കടിക്കുമോ?‘ എന്നതായിരുന്നു അത്.
അജിത് മറുപോസ്റ്റ് ഇടാനൊന്നും നിന്നില്ല. പക്ഷേ അതിന് കൃത്യമായി മറുപടി പറഞ്ഞിരിക്കുകയാണ് വാര്‍ഡിലെ ചേറു അപ്പാപ്പന്‍. തന്റെ 18 സെന്റ് സ്ഥലം അജിത മുഖേന സേവാഭാരതിക്ക് കൈമാറിക്കൊണ്ട് സേവാഭാരതി എന്ന സന്നദ്ധസംഘടയുടെ വിശ്യാസ്യത ഒരിക്കല്‍ കൂടി വിളംബരം ചെയ്തിക്കുകയാണ് ഈ 75 കാരന്‍.
എല്ലാം ഒരു സ്വപ്‌നം പോലെയാണ് അജിതയ്‌ക്ക് ഇപ്പോള്‍ തോന്നുന്നത്. ഒരു ദിവസം ചെറു അപ്പാപ്പന്‍ വിളിച്ച് കാണണം എന്നു പറയുന്നു. ചെന്നപ്പോളാണ് സേവാഭാരതിക്ക് 18 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്നു പറയാനാണ് വിളിപ്പിച്ചത് എന്നറിയുന്നത്. നാട്ടുകാര്‍ക്ക് നന്മ വരുന്ന എന്തെങ്കിലും ചെയ്യാന്‍ സേവാഭാരതിക്ക് കഴിയും എന്ന വിശ്വാസത്തിലാണ് ഭൂമി നല്‍കുന്നതെന്നും കര്‍ഷകനായ അപ്പാപ്പന്‍ പറഞ്ഞു. മകനും ദേശീയ അദ്ധ്യാപക പരിഷത്തിന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹിയുമായ പി സി വര്‍ഗ്ഗീസും പിതാവിന്റെ ഇഷ്ടത്തിനൊപ്പം നിന്നു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സേവാഭാരതിക്ക് രേഖാമൂലം കൈമാറി. രജിസ്ട്രഷന്‍ ഫീസും മറ്റുമായി നല്ലൊരു തുക വേണ്ടിയിരുന്നത് മറ്റൊരാള്‍ സംഭാവനയായും നല്‍കി.
മലയിടുക്കോ ഓണം കേറാ മൂലയോ വയല്‍ ഇറമ്പോ ഒന്നുമല്ല ഈ ഭൂമി. പൊതുമരാമത്ത് റോഡിന്റെ അരുകില്‍ നീണ്ടു കിടക്കുന്ന 18 സെന്റ്.
രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നടന്നു തന്നെയാണ് വാഹനങ്ങളില്‍ യാത്ര ചെയ്യാത്ത ചെറുഅപ്പാപ്പന്‍ എത്തിയത്. അരക്കോടിക്ക് മുകളില്‍ വില കിട്ടുന്ന ഭൂമി സേവാഭാരതിക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് തന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് കുട പോലും ചൂടാതെ വേനലില്‍ കുന്നംകുളത്തിന്റെ നെടുമ്പാതയിലൂടെ ആ മനുഷ്യന്‍ പതിയെ നടന്ന് നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: