ന്യൂദല്‍ഹി: നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വൈകിട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്ളയ്ക്കൊപ്പമെത്തിയ അദ്ദേഹം ഒരു മണിക്കൂറിലേറെ കെട്ടിടത്തിനുള്ളില്‍ ചെലവഴിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തി. കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം നവംബറില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു. കെട്ടിടം ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നേരത്തെയും അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. 2021 സെപ്തംബറില്‍ പ്രധാനമന്ത്രി പുതിയ സമുച്ചയത്തിന്റെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയും അവിടെയുണ്ടായിരുന്ന തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. 971 കോടി രൂപയാണ് പാര്‍ലമെന്റ് മന്ദിരത്തിനായി അനുവദിച്ചത്. 20,000 കോടി രൂപ ചെലവുവരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: