ബ്യൂണസ് ഐറിസ്: രാജ്യാന്തര കരിയറില്‍ 100 ഗോള്‍ തികച്ച് മെസ്സി. സൗഹൃദ മത്സരത്തില്‍ കുറാസോയ്ക്കെതിരെ ഹാട്രിക് നേടിയ മെസ്സിയുടെ രാജ്യാന്തര ഗോള്‍നേട്ടം 102 ആയി. മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ലോകചാമ്പ്യന്മാരായ അര്‍ജന്റീന എതിരാളികളെ തകര്‍ത്തു. മത്സരം തുടങ്ങുന്നതിന് മുന്‍പ് 99 ഗോളുകളായിരുന്നു അര്‍ജന്റീന ജേഴ്സിയില്‍ മെസ്സിക്കുണ്ടായിരുന്നത്. കളിയില്‍ ഹാട്രിക് നേടിയതോടെ മെസ്സിയുടെ ഗോള്‍ നേട്ടം 102 ആയി. 174 കളികളില്‍ നിന്നാണിത്. രാജ്യാന്തര ഫുട്ബോളില്‍ 100 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പുരുഷ താരവുമായി മെസ്സി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്. 122 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഇറാന്റെ അലി ദേയി 109 ഗോളുമായി രണ്ടാമതുണ്ട്.
കുറാസോയ്ക്കെതിരെ 17 മിനിറ്റിനിടെയായിരുന്നു മെസ്സിയുടെ ഹാട്രിക്ക്. 20, 33, 37 മിനിറ്റുകളിലായിരുന്നു ഹാട്രിക്ക്. ലോകകപ്പ് കിരീടം ഉയര്‍ത്തിയിട്ട് കൃത്യം നൂറാം ദിവസം തന്നെയാണ് മെസ്സി തന്റെ നൂറാം അന്താരാഷ്ട്ര ഗോളും നേടിയത് എന്നതും ശ്രദ്ധേയമാണ്. ബുധനാഴ്ച പുലര്‍ച്ചെ 5.30-ന് അര്‍ജന്റീനയിലെ സാന്റിയാഗോയിലായിരുന്നു മത്സരം. ആദ്യ പകുതിയില്‍ അഞ്ചു ഗോളിന് മുന്നിട്ട് നിന്ന് അര്‍ജന്റീന രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ കൂടി നേടി. 23 മിനിറ്റില്‍ നിക്കോ ഗൊണ്‍സാലസ്, 35-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ്, 78-ാം മിനിറ്റില്‍ ഡി മരിയ, 87-ാം മിനിറ്റില്‍ ഗൊണ്‍സാലോ മോണ്ടിയല് എന്നിവരും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു.
തുടക്കം മുതല്‍ എതിര്‍ബോക്സിലേക്ക് ആക്രമണങ്ങളുടെ തിരമാല അഴിച്ചുവിട്ട മെസ്സിയും സംഘവും നിരവധി അവസരങ്ങള്‍ പാഴാക്കിയ ശേഷമാണ് 20-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചത്. ജിയോവാനി സെല്‍സോ ഒരുക്കിയ അവസരത്തില്‍ നിന്ന്് മെസ്സിയാണ് ആദ്യ ഗോളടിച്ചത്. മൂന്ന് മിനിറ്റ് പിന്നിടുംമുമ്പ് നിക്കോ ഗോണ്‍സാലസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 33-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കിയതോടെ അര്‍ജന്റീന മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി. തുടര്‍ന്നുള്ള നാല് മിനിറ്റുകള്‍ക്കിടെ രണ്ടു ഗോളുകള്‍ കൂടി പിറന്നു. 35-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ നാലാം ഗോളടിച്ചപ്പോള്‍ 37-ാം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക് തികച്ചു. ഇതോടെ ആദ്യ പകുതിയില്‍തന്നെ അര്‍ജന്റീന 5-0ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ 78-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ പെനാല്‍റ്റിയും ഗോണ്‍സാലോ മോണ്ടിയലിന്റെ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ അര്‍ജന്റീനയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. അര്‍ജന്റീന സ്കോര്‍ ഏഴിലേക്കും എത്തിച്ചു.
കഴിഞ്ഞ ദിവസം പാനമയ്ക്കെതിരേ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന ജയിച്ചിരുന്നു. ലോകകപ്പ് കിരീടം നേടിയശേഷം ആദ്യമായി കളത്തിലിറങ്ങിയതായിരുന്നു പനാമയ്ക്കെതിരെ. ഈ കളിയില്‍ 89-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോളടിച്ചാണ് മെസ്സി തന്റെ കരിയറിലെ 800-ാം ഗോള്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: