കോഴിക്കോട്: പൂതന പരാമർശം ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അസുര ശക്തിയുടെ പ്രതീകമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു പരാമർശമാണ്. കുബുദ്ധികളായ ചിലർ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി എടുത്ത് വിമർശിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
‘വിവാദം ഉദ്ദേശിച്ച് നടത്തിയ പരാമർശമല്ല. അഴിമതിക്കാർ തടിച്ചു കൊഴുക്കുന്നു എന്നത് കേരളത്തിൽ ആദ്യമായിട്ടാണോ ഒരാൾ പ്രസംഗിക്കുന്നത്. കോൺഗ്രസിലെ വനിതാ നേതാക്കൾക്കെതിരായി എൽഡിഎഫ് നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ വി ഡി സതീശനും മറ്റുളളവരും സംസാരിക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇപ്പോൾ എനിക്കെതിരെ കേസെടുക്കാൻ കോൺഗ്രസിനാണ് ആവേശം.
‘ഞാൻ ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ്. കോൺഗ്രസിനും സിപിഐഎമ്മിനും ഒന്നിച്ചു കൂടാനുളള കാരണമാണ് ഇത്. സിപിഎമ്മിനെ പ്രകോപിപ്പിച്ചത് കോൺഗ്രസ് ആണ്. ഏതെങ്കിലും സ്ത്രീകൾക്കെതിരെ താൻ മോശം പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ കോടതി തീർപ്പ് വരുത്തട്ടെ. ഞാൻ ഇവിടെത്തന്നെയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ ആദ്യം പരാതി നൽകിയത് യുത്ത് കോൺഗ്രസാണെങ്കിലും കേസ് എടുത്തത് സിപിഎം നേതാവ് സി എസ് സുജാതയുടെ പരാതിയിലാണ്. സിപിഎം പ്രതികരിക്കാനും പരാതി നൽകാനും വൈകിയത് കോൺഗ്രസ് ആയുധമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: