റോട്ടര്‍ഡാം: യൂറോ 2024 യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്സിന് ആദ്യ ജയം. കഴിഞ്ഞ കളിയില്‍ ഫ്രാന്‍സിനോട് 4-0ന് തോറ്റ നെതര്‍ലന്‍ഡ്സ് രണ്ടാം കളിയില്‍ ജിബ്രാള്‍ട്ടറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ആദ്യ ജയം കരസ്ഥമാക്കിയത്. വിജയികള്‍ക്കുവേണ്ടി നതാന്‍ അകെയുടെ ഇരട്ട ഗോള്‍ നേടി. 50, 82 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 23-ാം മിനിറ്റില്‍ മെംഫിസ് ഡീപേയാണ് മറ്റൊരു ഗോള്‍ നേടിയത്.
കളിയില്‍ സമ്പൂര്‍ണ ആധിപത്യം നെതര്‍ലന്‍ഡ്സിനായിരുന്നു. കളിയില്‍ അവര്‍ഓണ്‍ ടാര്‍ഗറ്റിലേക്ക് 12 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരൊറ്റഷോട്ടുപോലും മത്സരത്തില്ജിബ്രാള്ട്ടര് സംഘത്തിന് തൊടുക്കാനായില്ല. അവരുടെ ഗോള്‍ കീപ്പറുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ എതിര് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ഡച്ച് താരനിര ഒന്‍പതാം മിനിറ്റില്‍ ആദ്യ അവസരം നഷ്ടമാക്കി.
സ്റ്റീവന്‍ ബര്ഗ്യുസിന്റെ ഷോട്ട് ജിബ്രാള്‍ട്ടര്‍ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ നതാന്‍ അകെയും അവസരം നഷ്ടമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഡെന്‍സല്‍ ഡംഫ്രെയ്സിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഡീപേ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ ഡച്ചിനായില്ല.
രണ്ടാം പകുതി തുടങ്ങി ആരംഭിച്ച് അഞ്ച് മിനിറ്റായപ്പോള്‍ നെതര്‍ലന്‍ഡ്സ് ലീഡ് ഉയര്‍ത്തി. ഡെന്‍സല്‍ ഡംഫ്രെയ്സ് ഒരുക്കി നല്കിയ പന്ത് ഹെഡ്ഡറിലൂടെ നതാന്‍ അകെ വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ജിബ്രാള്‍ട്ടറിന്റെ ലിയാം വാക്കര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. പിന്നീട് 82-ാം മിനിറ്റില്‍ ഡെയ്ലി ബ്ലിന്‍ഡിന്റെ പാസ് സ്വീകരിച്ച് നതാന്‍ അകെ പായിച്ച ഷോട്ട് വലയില്‍ കയറിയതോടെ നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ നെതര്‍ലന്‍ഡ്സ് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തെത്തി. കളിച്ച രണ്ട് കളിയും തോറ്റ ജിബ്രാള്‍ട്ടര്‍ ഏറ്റവും ഒടുവില്‍ അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: