തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തൃശൂരില്‍ നടക്കും. സമ്മേളനത്തിനു മുന്നോടിയായി നാളെ വിവിധ സമുദായ, സാമൂഹിക സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രം സംബന്ധിച്ച പ്രദര്‍ശനം വൈകിട്ട് ആറിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ എം.കെ. കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്യും. ഒമ്പത് വരെ പ്രദര്‍ശനം തുടരും. വിവിധ സാമൂഹിക വിഷയങ്ങള്‍ സംബന്ധിച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന വിചാര സദസ് ‘അമൃതം ഗമയ’ രണ്ട് മുതല്‍ ആറ് വരെ മൈതാനിയില്‍ നടക്കും. ഏപ്രില്‍ ഏഴിന് രാവിലെ 10ന് ഹോട്ടല്‍ വൃന്ദാവനില്‍ ഹിന്ദു നേതൃസമ്മേളനം സ്വാമി ചിദാനന്ദപുരിയും എട്ടിന് പ്രതിനിധി സമ്മേളനം ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്തും ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ ഒമ്പതിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പതിനായിരത്തോളം പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 9.30ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് ഉദ്ഘാടനം ചെയ്യും. 11.30 ന് ‘ഹിന്ദു ഐക്യവേദി പ്രവര്‍ത്തനവും പ്രതീക്ഷയും’ പ്രഭാഷണം നടക്കും. 2.30ന് സമാപന സഭ, വൈകിട്ട് നാലിന് നഗരത്തില്‍ പ്രകടനം. അഞ്ചിന് പൊതുസമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളന പ്രതിനിധികള്‍ക്ക് ഉച്ചഭക്ഷണമായി തൃശൂരിലെ അമ്മമാര്‍ വീടുകളില്‍ തയാറാക്കുന്ന ഭക്ഷണപ്പൊതി നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, പി. സുധാകരന്, സെക്രട്ടറി എം.വി. മധുസൂദനന്, ജില്ലാ പ്രസിഡന്റ് വി. മുരളീധരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: