കോഴിക്കോട്: എവിടെയും ഉരു പണിയാന്‍ ബേപ്പൂര്‍കാര്‍തന്നെ വേണം. അത് കോഴിക്കോടിന്റെ അഭിമാനമാണ്. സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ‘മലബാറിന്റെ അഹങ്കാര’മാണ്. പക്ഷേ, ഒരു ജലോത്സവം നടത്താന്‍, അതില്‍ മത്സരത്തുഴച്ചില്‍ നടത്താന്‍ ഒരു കളിവള്ളം വേണമെങ്കിലോ? അതിന് ഈ കരുനാഗപ്പള്ളിക്കാരന്‍ വരേണ്ടിവന്നു കോഴിക്കോട്ട്. കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റില്‍ തുഴുഞ്ഞ ചുരുളന്‍വള്ളം നിര്‍മിച്ചതും അതിലെ തുഴച്ചില്‍ക്കാരെ പരിശീലിപ്പിച്ചതും മോഹന്‍ദാസ് കൈലാസം എന്ന പി.ബി. മോഹന്‍ദാസാണ്. മോഹന്‍ദാസ് ഇപ്പോള്‍ രണ്ടാമത്തെ ചുരുളന്‍വള്ളം ഉണ്ടാക്കുകയാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
കുട്ടനാട്ടിലും തിരുവിതാംകൂറില്‍ പലയിടങ്ങളിലും വ്യാപകമായ ചുരുളന്‍വള്ളം മലബാറുകാര്‍ക്ക് ‘പാമ്പുവള്ള’മാണ്. ചുണ്ടന്‍ വള്ളത്തെയാണ് ഇംഗ്ലീഷില്‍ ‘സ്‌നേക് ബോട്ട്’ (പാമ്പുവള്ളം) എന്നു വിളിക്കുന്നത്. രൂപത്തിന്റെ വിശേഷതയില്‍. അവിടങ്ങളിലെ ചുരുളന്‍ വള്ളത്തിന്റെ രൂപഘടനയിലാണ് മോഹന്‍ദാസ് ആദ്യം വള്ളം നിര്‍മിച്ചത്. 54 അടി നീളവും മൂന്നരയടി വീതിയുമാണ് വള്ളത്തിന്. പക്ഷേ ആ വള്ളത്തില്‍ കയറാന്‍ പലര്‍ക്കും പേടിയാണ്. അതുകൊണ്ട് ഇപ്പോള്‍ നിര്‍മിക്കുന്ന വള്ളത്തിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഴം കുറച്ച്, വീതി കൂട്ടി.
ജെല്ലിഫിഷ് വാട്ടര്‍ സ്്‌പോര്‍ട്‌സിനു വേണ്ടിയാണ് ആദ്യ വള്ളവും നിര്‍മിച്ചത്. 27 പേര്‍ക്ക് തുഴയാവുന്ന വള്ളം. അത് കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റിവലില്‍ തുഴയാന്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നീറ്റിലിറക്കിയത്. ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടര്‍ സ്്‌പോര്‍ട്‌സ് എംഡി: ഇഖ്ബാല്‍ വള്ളം നിര്‍മാണത്തിന് സകല പിന്തുണയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് മോഹന്‍ദാസിന്.
പുതിയ വള്ളം 31 പേര്‍ക്ക് തുഴയാന്‍ പാകത്തിലാണ് നിര്‍മിക്കുന്നത്. രണ്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് മോഹന്‍ദാസ് പറയുന്നു. കരുനാഗപ്പള്ളി പുതിയകാവ് പുത്തന്‍പുരയില്‍ ബാലകൃഷ്ണനില്‍നിന്നാണ് മകന്‍ മോഹന്‍ദാസ് വള്ളം നിര്‍മാണം പഠിച്ചത്. പിരിയന്‍ ആഞ്ഞിലിയില്‍ ഈ വള്ളവും മോഹന്‍ദാസ് കൈലാസം ഒറ്റയ്‌ക്കാണ് നിര്‍മിക്കുന്നത്.
സാധാരണ ഒന്നിലേറെപ്പേര്‍ വേണം സാധാരണ വള്ളംകെട്ടിന്. ഇരുപുറവും ഇരുന്ന് ചകിരിയും കയറും കൊണ്ട് പലകകള്‍ കൂട്ടിച്ചേര്‍ത്ത് വരിഞ്ഞു വേണം നിര്‍മിക്കാന്‍. എന്നാല്‍ ഒറ്റയ്‌ക്ക് ഈ പണി നിര്‍വഹിക്കുന്ന വിചിത്ര വേല മോഹന്‍ദാസായിരിക്കും ആദ്യമായി ആവിഷ്‌കരിക്കുന്നത്. മോഹന്‍ദാസ് ഇപ്പോള്‍ മോഹന്‍ദാസ് ചാലിയം എന്നാണ് മേല്‍വിലാസം പറയുന്നത്. കരുനാഗപ്പള്ളിയുമായുള്ള ബന്ധം പൂര്‍ണമായി വിട്ടിരിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം മുരിങ്ങല്ലൂര്‍ ശാഖയിലെ സ്വയംേസവകനാണ് മോഹന്‍ദാസ്. ഭാര്യയുമായി ചാലിയത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: