തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് ആദ്യം പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പൊലീസിന് കൈമാറണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസുകൊടുക്കുമെന്ന സതീശന്റെ പ്രസ്താവന സിപിഎമ്മിന്റെ പ്രീതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് വിഡി സതീശന് കാണിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്രയും തരംതാണ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. അഴിമതിയുടെ പങ്കുപറ്റുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിന്റെ വക്കാലത്തെടുക്കുന്നത്. കെ.സുരേന്ദ്രന് നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്. കേരളത്തിലെ ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ തുറന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ഒരു പാരാമര്‍ശവും അതിലില്ലാത്തതു കൊണ്ടാണ് സിപിഎം പ്രതികരിക്കാത്തത്. എന്നാല്‍ രാഹുല്‍ഗാന്ധി വിഷയത്തില്‍ തങ്ങളെ സഹായിച്ച സിപിഎമ്മിനെ തിരിച്ചു സഹായിക്കാനുള്ള വെപ്രാളമാണ് സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിപിഎമ്മിന്റെ അച്ചാരം വാങ്ങി ബിജെപിക്കെതിരെ എന്തും പറയാമെന്ന് വിഡി സതീശന് വിചാരിക്കരുതെന്നും പി.സുധീര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡീയയില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്ത വ്യക്തിയാണ് വിഡി സതീശന് എന്ന് എല്ലാവര്ക്കും അറിയാം. അദ്ദേഹം ബിജെപിയെ സ്ത്രീവിരുദ്ധത പഠിപ്പിക്കാന്‍ വരണ്ട. സ്വാഭാവിക നീതി കിട്ടാത്തതിന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് സതീശന് ഓര്‍ക്കണം. പല രഹസ്യ ഇടപാടുകളില്‍ നിന്നും പിണറായി വിജയന് രക്ഷിച്ചതിലുള്ള പ്രത്യുപകാരമാണ് സതീശന് തിരിച്ചു ചെയ്യുന്നതെന്നും പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: