സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്, ശിവഗിരി മഠം)
തിരുവനന്തപുരം: ‘വൈക്കം സത്യഗ്രഹം; ഒരു പുനര്‍ വായന’ എന്ന സി ഐ ഐസക്ക് എഴുതിയ ലേഖനത്തില്‍ ഗുരുദേവനെ പരാമര്‍ശിക്കുന്ന ലേഖനത്തോടുളള ശക്തമായ പ്രതിഷേധം ശിവഗിരി മഠം അറിയിക്കുന്നു. പുനര്‍വായനയില്‍ ശ്രീനാരായണഗുരുവിന് സത്യാഗ്രവുമായുള്ള ബന്ധമല്ലേ പറയേണ്ടത്. അത് പറയുന്നില്ലന്നു മാത്രമല്ല ഗുരുദേവനെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചട്ടമ്പി സ്വാമികളുടെ രംഗപ്രവേശത്തോടു കൂടിയാണ് കേരളം ഒരു പുതിയ സംന്യാസി പരമ്പരയുടെ പിറവിക്കു സാക്ഷ്യം വഹിച്ചതെന്നും നവീകരണ പ്രസ്ഥാനം ഉണ്ടായതെന്നുമാണ് ലേഖകന്റെ വാദം.
ചട്ടമ്പി സ്വാമികള്‍ ഒരു സാമൂഹ്യ പരിഷ്ക്കര്‍ത്താവോ വിപ്ലവകാരിയോ ആയിരുന്നില്ല. മറിച്ച് കര്‍മ്മവിരാചിയും ബ്രഹ്മ വിത്പരനുമായ ഒരു ജ്ഞാനിയായിരുന്നു. ചട്ടമ്പി സ്വാമികളുടെ മുഴുവന്‍ പേര് ശ്രീ വിദ്യാധിരാജ ഷണ്മുഖദാസ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ്. പ്രധാന ശിഷ്യന്മാര് രണ്ടു പേര് നീലകണ്ഠ തീര്‍ത്ഥപാദ സ്വാമിയും തീര്‍ത്ഥപാദ പരമഹംസ സ്വാമിയും ആണ്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമിയുടെ ശിഷ്യനായിരുന്നെങ്കില്‍ നാമം ശ്രീനാരായണഗുരു തീര്‍ത്ഥ പാദനായിരിക്കും.
ചട്ടമ്പി സ്വാമി ശ്രീ ശങ്കരന് സ്വാപിച്ച ദശനാമി സമ്പ്രദായത്തിലെ തീര്‍ത്ഥ പരമ്പരയാണ്. എല്ലാവരും പേരിനൊപ്പം തീര്‍ത്ഥ എന്നുകൂടി ചേര്‍ക്കും. ചട്ടമ്പി സ്വാമികളുടെ ശിഷ്യ പരമ്പര ഇന്നും ഈ പാരമ്പര്യം പിന്തുടരുന്നുണ്ട്. ശിവഗിരി മഠത്തിലെ ഗുരുദേവ ശിഷ്യ പരമ്പര തികച്ചും സ്വതന്ത്രമാണെന്ന് എല്ലാവര്ക്കും അറിയാം. സന്യാസ ശിഷ്യന്മാരുടെ പേരുകളും തികച്ചും വ്യത്യസ്ഥമായിരുന്നു.
ലേഖനത്തില്‍ പറയുന്നതുപോലെ ചട്ടമ്പി സ്വാമി ഗുരുവിന് മന്ത്രദീ്ക്ഷ നല്‍കിയിട്ടില്ല. തൈക്കാട്ട് ഐയ്യാ സ്വാമിയാണ് ദീക്ഷാ മന്ത്രം നല്‍കിയതെന്ന് ഐയ്യാ സ്വാമിയുടെ ജീവ ചരിത്രത്തില്‍ കാണം. ചട്ടമ്പി സ്വാമികള്‍ ഇരുന്ന പാറപ്പുറത്താണ് ഗുരുദേവന് ശിവ പ്രതിഷ്ട നടത്തിയതെന്നും പ്രതിഷ്ഠക്ക് പ്രേരണ നല്‍കിയത് ചട്ടമ്പി സ്വാമിയാണന്നും എഴുതാന്‍ എങ്ങനെ കഴിയും. ചരിത്രവുമായി അതിന് എന്തു ബന്ധം.
ഗുരുദേവന് ശിവപ്രതിഷ്ഠ നടത്താന്‍ ഒരാളുടേയും ഉപദേശം വേണ്ടി വന്നില്ല. മാത്രമല്ല ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠക്ക് ചട്ടമ്പി സ്വാമികള്‍ എതിരായിരുന്നുവെന്ന് ചട്ടമ്പി സ്വാമികളുടെ ജീവചരിത്രത്തില്‍ ഗൃഹസ്ത ശിഷ്യന് പറവൂര്‍ ഗോപാലപിള്ള 1112 ല്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നുമുണ്ട്. ഗുരുദേവനേയും പ്രസ്ഥാനത്തേയും ആക്ഷേപിക്കുന്ന ഇത്തരം പുനര്‍വായനകള്‍ സനാതന ധര്‍മ്മത്തിനു ,സദ്ചിന്തകള്‍ക്കും അവമതി ഉണ്ടാക്കനേ സഹായിക്കൂ എന്ന സത്യം ജന്മഭൂമിയും മനസ്സിലാക്കുന്നത് നന്ന്.
ഗുരുദേവന് ഒരിക്കല്‍ റിക്ഷാ വണ്ടിയില്‍ വൈക്കത്തുകൂടി എഴുന്നള്ളിയപ്പോള്‍ ‘ഇവിടം മുതല്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമില്ല ‘ എന്ന ബോര്‍ഡ് ഒരു ബ്രാഹ്മണന് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഗുരുവിലും വിലക്കുവന്നുവോ’. എന്നു ഗര്‍ജ്ജിച്ചുകൊണ്ട് ടി കെ മാധവന് രംഗപ്രവേശനം ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനവുമായി കൂട്ടിക്കെട്ടി ടി കെ മാധവന് സംഘടിപ്പിച്ച സഹന സമരമാണ് വൈക്കം സത്യഗ്രഹം. സത്യഗ്രഹികള്‍ താമസിച്ചത് ഗുരുവിന്റെ ആശ്രമത്തില്‍. ചര്‍ച്ച നടന്നതും ആശ്രമത്തില്‍ വെച്ച് .സത്യഗ്രത്തില്‍ പങ്കെടുത്ത ഭൂരിപക്ഷ ജനതയും ഗുരുദേവ ശിഷ്യര്‍ ഇതേക്കുറിച്ച് ഒരു സൂചനപോലും പുനര്‍വായനയില്‍ ഐസക്ക് നല്‍കുന്നില്ല. ആദ്ദേഹത്തെപ്പോലെ ഉന്നത് ശീര്ഷനായ ഒരാള്‍ക്ക് ഇത് സംഭവിക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: