തൃശൂര്‍: ഇന്നസെന്റ് ഇനി മലയാളികളുടെ മനസിലെ മങ്ങാത്ത ഓര്‍മകളിലേക്ക്. അന്തരിച്ച സിനിമാ താരവും മുന്‍ എം.പിയുമായ ഇന്നസെന്റിന് കേരളത്തിന്റെയും ജന്മാട്ടിന്റേയും അന്ത്യാഞ്ജലി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സംസ്ക്കാര ചടങ്ങുകള്‍ പതിനൊന്ന് കഴിഞ്ഞാണ് അവസാനിച്ചത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ അന്തിമപ്രാര്ത്ഥനയ്ക്കു ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആണ് പതിനൊന്നു മണി കഴിഞ്ഞതോടെ മാതാപിതാക്കളുടെ സമീപം കല്ലറയില്‍ സംസ്കാരം നടത്തിയത്. താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നും പതിനായിരങ്ങളാണ് എത്തിയത്.
ഇന്നലെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെയും പൊതുദര്‍ശനത്തിന് ശേഷം ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിച്ച അദ്ദേഹത്തെ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിലാപയാത്രയായി ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജന്, ആര് ബിന്ദു ഉള്‍പ്പടെയുള്ളര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോഴും വലിയ ജനാവലിയാണ് പ്രിയ നടന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
മുഖ്യമന്ത്രി ടൗണ്‍ ഹാളില്‍ എത്തി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവര്‍ തുടക്കം മുതല്‍ തന്നെ സ്ഥലത്തുണ്ടായിരുന്നു. ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: