ചിരിയുടെ നിലയ്ക്കാത്ത അലകളുയര്‍ത്തിയ അഞ്ച് പതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തില്‍നിന്നും, ജീവിതത്തിന്റെ ചിരിയരങ്ങില്‍നിന്നും ഇന്നസെന്റ് എന്ന നടന് പടിയിറങ്ങുമ്പോള്‍ മലയാളിക്കുണ്ടാവുന്ന നഷ്ടബോധം പറഞ്ഞറിയിക്കാനാവില്ല. അഭിനയം തൊഴിലായല്ലാതെ ജീവിതമായി കണ്ട അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ഇന്നസെന്റ്. നടനായിരുന്നില്ലെങ്കില്‍ മറ്റെന്താകുമായിരുന്നു എന്ന ചോദ്യം ഇന്നസെന്റിന്റെ കാര്യത്തില്‍ പ്രസക്തമല്ല. സിനിമയിലഭിനയിക്കുക എന്നത് ഇന്നസെന്റിന്റെ ജന്മനിയോഗമായിരുന്നു. മറ്റു പലരെയും പോലെ ഈ രംഗത്തേക്ക് എടുത്തെറിയപ്പെട്ടയാളല്ല ഈ നടന്. സിനിമയിലഭിനയിക്കാന്‍ ജീവിതം സ്വയം സമര്‍പ്പിക്കുകയായിരുന്നു. സിനിമാരംഗത്ത് എത്തിച്ചേരാന്‍ അത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. പത്താംക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ഈ നടന് സിനിമയോട് അത്രയേറെ അഭിനിവേശമായിരുന്നു. തുടക്കകാലത്ത് തിരിച്ചടികളേറ്റ് മറ്റു ചില മേഖലകളിലേക്കും പോയെങ്കിലും ഒട്ടുംവൈകാതെ മടങ്ങിയെത്തിക്കൊണ്ടിരുന്നു. അഭിനേതാവ് എന്നതിനുപുറമെ ഒരു സിനിമാ നിര്‍മാതാവ് കൂടിയായിരുന്നു ഇന്നസെന്റ് എന്ന കാര്യം പലര്‍ക്കും അറിവുള്ളതല്ല. വിടപറയും മുന്‍പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക് എന്നിങ്ങനെ ഒരുപിടി നല്ലചിത്രങ്ങളുടെ നിര്‍മാതാവ് ഇന്നസെന്റ് ആയിരുന്നു. താന്‍ നിര്‍മിച്ച ചില സിനിമകള്‍ പണം കൊണ്ടുവരികയല്ല, പണം നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് സങ്കടമേതുമില്ലാതെ ചിരിയില്‍ ചാലിച്ചാണ് ഇന്നസെന്റ് പറയാറുള്ളത്. സാമ്പത്തിക നഷ്ടങ്ങളില്‍ നിരാശപ്പെട്ട് രംഗംവിടുകയുണ്ടായില്ല. അഭിനയത്തിലൂടെ സിനിമയെന്ന കലാരൂപത്തെ കൂടുതല്‍ ആവേശത്തോടെ വാരിപ്പുണരുകയായിരുന്നു. മാരകമായ രോഗത്തിനുപോലും ഇതില്‍നിന്ന് പിന്തിരിപ്പിക്കാനായില്ല.
ഒരു കാലഘട്ടം വരെ ഹാസ്യം മലയാള സിനിമയില്‍ മേമ്പൊടിക്ക് മാത്രമുള്ളതായിരുന്നു. നായകന്മാര്ക്ക് അടിക്കാനും തൊഴിക്കാനും അപഹസിക്കാനുമൊക്കെയുള്ളതായിരുന്നു, അടൂര്‍ഭാസിയെപ്പോലെ ചില അപവാദങ്ങളുള്ളപ്പോള്‍പോലും ഹാസ്യതാരങ്ങള്‍. ജഗതി ശ്രീകുമാറിന്റെയും ഇന്നസെന്റിന്റെയും അഭിനയകാലമാണ് ഇതിന് മാറ്റം വരുത്തിയത്. നായകന്മാര്ക്കൊപ്പം സ്ഥാനമുള്ള മുഴുനീള കഥാപാത്രങ്ങള്‍ തന്നെ ഇവര്‍ക്ക് ലഭിച്ചു. നായകന്മാര്ക്കൊപ്പമോ ചിലപ്പോഴൊക്കെ അതില്‍ കൂടുതലോ ഈ ഹാസ്യതാരങ്ങളെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു. ഇന്നസെന്റ് അവതരിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ദേവാസുരത്തിലെ വാര്യര്‍, വിയറ്റ്നാം കോളനിയിലെ കെ.കെ.ജോസഫ്, മാന്നാര്‍മത്തായി സ്പീക്കിങ്ങിലെ മത്തായി, ഗോഡ്ഫാദറിലെ സ്വാമിനാഥന്, കല്യാണരാമനിലെ പോഞ്ഞിക്കര കേശവന് എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് വലിയ തലപ്പൊക്കമുണ്ടായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ പോള്‍, സ്നേഹവീട് എന്ന ചിത്രത്തിലെ മത്തായി എന്നീ കഥാപാത്രങ്ങള്‍ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു. കാബൂളിവാലയിലെ കന്നാസിനെപ്പോലെ ചിരിപ്പിക്കുകയും അതിലേറെ കരയിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങള്‍ ഇന്നസെന്റിന്റെ കയ്യില്‍ ഭദ്രമായിരുന്നു. മറ്റേതെങ്കിലും നടന്റെ ഭാഷയും ശരീരഭാഷയും മലയാളികള്‍ ഇത്രയേറെ ഏറ്റെടുത്തിട്ടുണ്ടോ എന്നു സംശയമാണ്. കോമഡി ഷോകളിലും മറ്റും അത് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. കലാഭവന്‍ മണിയുടെ ചിരിയാണ് സിനിമയില്‍നിന്ന് മലയാളികള്‍ ഏറ്റെടുത്ത മറ്റൊന്ന്. സിനിമയ്ക്കു പുറത്തും അനുഭവ സമ്പന്നമായിരുന്നു ഇന്നസെന്റിന്റെ ജീവിതം. അവസരം കിട്ടുമ്പോഴൊക്കെ അവയൊക്കെ നര്‍മത്തില്‍ കലര്‍ത്തി നിര്‍മമായി പറയുന്നത് കേള്‍ക്കാന്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആവേശം കാണിച്ചു.
ഇന്നസെന്റിന്റെ സിനിമാജീവിതത്തിന് പ്രേക്ഷകര്‍ അധികമൊന്നും ശ്രദ്ധിക്കാതിരുന്ന ഒരു മുഖമുണ്ട്. അത് ഒരു സംഘാടകന്റെയും മീഡിയേറ്ററുടേതുമായിരുന്നു. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി പതിനെട്ടുവര്‍ഷം പ്രവര്‍ത്തിച്ചു. പലതരം കിടമത്സരങ്ങളും താല്‍പ്പര്യ സംഘട്ടനങ്ങളും പക്ഷപാതങ്ങളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ നടമാടുന്ന സംഘടനയ്ക്കുള്ളില്‍ സമവായത്തിന്റെ പാത സൃഷ്ടിച്ച് അതിലൂടെ മറ്റുള്ളവരെ കൊണ്ടുപോകാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. പൊട്ടിത്തെറിയുടെ വക്കിലെത്തിനിന്ന പ്രശ്നങ്ങള്‍പോലും ലളിതമായി കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിന് കഴിഞ്ഞു. ഇതുകൊണ്ടുതന്നെയായിരിക്കാം എല്ലാവര്ക്കും സ്വീകാര്യനായി ഏറെക്കാലം ‘അമ്മ’യുടെ അധ്യക്ഷപദവിയില്‍ തുടരാന്‍ കഴിഞ്ഞത്. അഞ്ചുപതിറ്റാണ്ടുകാലം നീണ്ട കലാജീവിതത്തിനിടെ സിനിമാരംഗത്തിന് സഹജമായ വിവാദങ്ങളിലൊന്നും അകപ്പെട്ടില്ല എന്നതാണ് ഇന്നസെന്റിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. ഇത്തരം ആരോപണങ്ങള്‍ പോലും ഉയര്‍ന്നിട്ടില്ല എന്നത് വലിയൊരു യോഗ്യതയാണ്. കുടുംബജീവിതത്തോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും ഇതിനൊരു കാരണമായിരിക്കാം. ഭാര്യ ആലീസ് ഇന്നസെന്റിന് എല്ലാമെല്ലാമായിരുന്നു. ആലീസിന് തിരിച്ചും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും ചെയ്തത് ഒരേപോലെ സ്വീകരിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നര്‍മം ഒരിക്കലും കൈവിട്ടില്ല. ഭൗതിക ജീവിതം കാണാമറയത്തായെങ്കിലും ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ കണ്മുന്നില് തന്നെയുണ്ടാവും. ചിരി എന്ന സിദ്ധിവിശേഷം മനുഷ്യന് നഷ്ടപ്പെടാതിരിക്കുന്ന കാലത്തോളം ഈ നടന് ഓര്‍മിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: