ഇസ്ലാമിന്റെ പഞ്ചശീലങ്ങളില്‍ (ഇസ്ലാം കാര്യങ്ങള്‍) ഏറ്റവും പ്രധാനപ്പെട്ടതാണ് റംസാന്‍വ്രതം. നമസ്ക്കാരം(പ്രാര്‍ത്ഥന), ഹജ്ജ്, സക്കാത്ത്, അല്ലാഹുവിലുള്ള അചഞ്ചലമായ അര്‍പ്പണം എന്നിവയെപ്പോലെ പ്രധാനമാണ് റമസാന്‍ നോമ്പും. എന്നാല്‍ സ്വയം ഹൃദയശുദ്ധീകരണം നടത്തി നന്മകളെ പുണര്‍ന്ന് തിന്മകളെ വിട്ടൊഴിഞ്ഞ് ഒരു ജീവതശൈലി ഒരുവ്യക്തി കണ്ടെത്തുന്നു. വ്യക്തികളിലൂടെ ഇക്കാര്യം കുടുംബത്തിലേക്കും, ഒട്ടനേകം കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്കും നന്മകളുടെ വെളിച്ചം പരക്കെ പരത്തി ഇതിന് ഒരു അനിര്‍വചനീയമായ സാമൂഹ്യമാനം കൈവരുന്നു. ചുരുക്കത്തില്‍ വ്യക്തിജീവിതത്തിലെ ശുദ്ധീകരണവും, നന്മയെ കണ്ടെത്തുകയും വഴി സമൂഹജീവിതത്തെയാകമാനം സംശുദ്ധീകരിക്കുവാന് റംസാന് മാസം വഴി സാധ്യമാകുന്നതാണ് റംസാന്റെ സവിശേഷതകളിലൊന്ന്. വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും വിശുദ്ധികൈവരിച്ച് സൂക്ഷ്മതപുലര്‍ത്തുക വഴി, വ്യക്തികളിലൂടെ സമൂഹത്തിന്റെ വിശുദ്ധിയിലേക്ക് റമസാന്‍ ചെന്നെത്തുന്നു.
നോമ്പ്, പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരനീരാദികള്‍ വെടിഞ്ഞുള്ള കേവലമായ ഒരു ചര്യാമാറ്റം മാത്രമല്ല. അത് അവനവന്റെ ഉള്ളിലേക്കുള്ള ഒരുതിരനോട്ടം കൂടിയാണ് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നതോടൊപ്പം ഇനി അവ ആവര്‍ത്തിക്കുകയില്ല എന്ന് മനസ്സുകൊണ്ടുറപ്പിച്ച് ദൃഢനിശ്ചയം ചെയ്യുന്നത് നോമ്പുകാരന്റെ (നോമ്പുകാരിയുടെ) കര്‍മ്മ പദ്ധതിയിലുള്‍പ്പെടുന്നു. മോശമായ വാക്കുകളും, പ്രവൃത്തികളും ഉപേക്ഷിക്കുകയും, ശാരീരികമായ ഇച്ഛകളെ നിയന്ത്രിക്കുന്നതിനോടൊപ്പം, സാധ്യമാകയാല്‍ അവ മറ്റുള്ളവരില്‍ നിന്ന് സംഭവിക്കുന്നത് തടയുകകൂടി ചെയ്യേണ്ടത് നോമ്പുകാരന്റെ കടമയാണ്. ഇപ്രകാരം വാക്കുകളും പ്രവൃത്തികളും മോശമായത് തടയുകയും, സ്വന്തം ഇച്ഛാശക്തികളെ നിയന്ത്രണാധീനമാക്കി കാണിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവുക കൂടി ചെയ്യുമ്പോഴാണ് നോമ്പിലെ ആത്മസംസ്കരണം പരിപൂര്ണ്ണതയിലെത്തുക. ഇപ്രകാരം ഒട്ടനവധി വ്യക്തികള്‍ ചെയ്യുമ്പോള്‍, നോമ്പിന്റെ വിശുദ്ധി അതിന്റെ സാമൂഹികമായ തലത്തില്‍കൂടി പരിപൂര്‍ണ്ണത കൈവരിക്കുന്നു.
സ്വന്തം വിശപ്പറിയുന്നവനേ മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കാനുള്ള കഴിവു കൈവരുകയുള്ളൂ എന്നാണ് സത്യം. നമുക്ക് ചുറ്റുമുള്ളവരുടെ പരാധീനതകളും വൈഷമ്യങ്ങളും (അന്യരോട് പങ്ക്വെക്കാന്‍ സാധിക്കാത്തത്) നാം കണ്ടറിഞ്ഞ് ഉള്‍ക്കൊണ്ട് അവരെ സഹായിക്കുക എന്നത് നോമ്പുകാരന്റെ പ്രധാന ധര്മ്മങ്ങളിലുള്പ്പെടുന്നു. അതില്‍ ജാതി മതവ്യത്യാസം കാണിക്കാന്‍ പാടില്ല എന്ന് പ്രത്യേകം പ്രസ്താവ്യമത്രെ!
നമ്മുടെ നൈമിഷികമായ ചില സന്തോഷങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ മനസ്സിനെ നോവിക്കാതിരിക്കുന്നതില് പ്രത്യേകം ശ്രദ്ധിക്കേണ്ടത് നോമ്പുകാരന്റെ ഉത്തരവാദിത്തമാണ്. ഇത് കൂടി ചേര്‍ത്തുവായിച്ചാല്‍ നോമ്പ് പരിപൂര്‍ണ്ണ ആത്മവിശുദ്ധിയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു എന്നു കൂടി ഓര്‍ക്കുക.
ഭക്ഷ്യകാര്യത്തില്‍ സുഭിക്ഷത കൈവന്നുവെന്ന് നമ്മള് കരുതുന്ന ഈ കാലഘട്ടത്തില്‍. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ജനങ്ങള്‍ ക്യൂ നിന്നിരുന്നു എന്നു കൂടി നാം മറന്നുകൂടാ. ഭക്ഷണമായാലും, വസ്ത്രമായാലും, പണമായാലും ആവശ്യക്കാരനെ (അര്‍ഹതപ്പെട്ടവരെ) കണ്ടെത്തി അവനു നല്‍കുക എന്ന് നോമ്പുകാരന്റെ ധര്‍മ്മമാണ്. അതു പോലെ ഭക്ഷണകാര്യത്തിലുള്ള അമിത ചെലവും ധൂര്‍ത്തും, നോമ്പുകാലത്ത് ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചുരുക്കത്തില്‍ നന്മയാണ് മനുഷ്യജീവിതത്തിന്റെ മുഖമുദ്രയാവേണ്ടത്, തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക. മറ്റുള്ളവര്‍ എന്ത് അതിക്രമങ്ങള്‍ നമ്മോട് കാണിച്ചാലും അതിനെ നന്മകൊണ്ട് മാത്രം പ്രതിരോധിക്കുക. ഇതിന് ജീവിതത്തിലെ ആത്മശുദ്ധീകരണം മാത്രമാണ് മാര്‍ഗ്ഗം. പ്രവാചകന്മാരുടെയും, മറ്റു മഹാന്മാരുടെയും ജീവിതം അതാണ് നമുക്ക് കാണിച്ചുതരുന്നത്. അതാണ് കാലാകാലങ്ങളായി റംസാന് എന്നവിശുദ്ധമാസം നമുക്ക് പകര്‍ന്നു തരുന്നതും.
കെ. ടി. സയ്യിദ് റഹ്മാന് തങ്ങള്‍ കൊണ്ടോട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: