തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പഌനിയുടെ പ്രസ്താവന കേരളത്തിന്റെ കപട മതേതര അടിത്തറയില്‍ ഭൂകമ്പം തന്നെയാണ് സൃഷ്ടിച്ചത്. അതിന്റെ ആഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ആദ്യ പ്രതിഫലനങ്ങളാണ് ഭീഷണികളുടെ രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യം കേരളവും തിരിച്ചറിയുന്നതിന്റെ സൂചന അതില്‍ കാണാം.
ആദ്യകാലത്ത് നെല്‍കൃഷിയിലും തുടര്‍ന്ന് റബ്ബര്‍ കൃഷിയിലും പിന്നീട് സുഗന്ധവിളകളിലും ശ്രദ്ധ ഊന്നിയാണ് ക്രൈസ്തവ സമൂഹം കേരളത്തില്‍ സാമ്പത്തിക അടിത്തറ ശക്തമാക്കിയത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടുകൂടി ബ്രിട്ടീഷുകാര്‍ തിരിച്ചു പോയപ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന റബ്ബര്‍ തോട്ടങ്ങള്‍ അവരോടൊപ്പം ഉണ്ടായിരുന്നവര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് എസ്റ്റേറ്റുകള്‍ക്ക് പുറത്തേക്ക് ചെറിയ റബ്ബര്‍ കൃഷിയിടങ്ങള്‍ വന്‍തോതില്‍ വ്യാപിച്ചു. അതോടൊപ്പം യൂറോപ്പ്, അമേരിക്ക എന്നീ ഭൂപ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്കുള്ള ഭരണ നേതൃത്വത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ കുട്ടികളെ അവിടേക്ക് ജോലിക്ക് അയക്കാനും അതുവഴി വലിയ വരുമാനം നാട്ടിലെത്തിക്കാനും ക്രൈസ്തവര്‍ക്ക് സാധിച്ചു.
സ്‌കൂളുകള്‍, കോളേജുകള്‍ ആശുപത്രികള്‍ അനാഥാലയങ്ങള്‍ എന്നിങ്ങനെയുള്ള സേവന മേഖലകളില്‍ വിദേശ സാമ്പത്തിക സഹായത്തോടുകൂടി അനേകായിരം സ്ഥാപനങ്ങള്‍ ആസേതു ഹിമാചലം കെട്ടിയുയര്‍ത്തുന്നതില്‍ ക്രൈസ്തവ സഭകള്‍ പരസ്പരം മത്സരിച്ചു മുന്നേറി. അപ്പോഴെല്ലാം അവരുടെ സാമ്പത്തിക അടിത്തറ റബ്ബര്‍ മേഖലയായിരുന്നു. യുഡിഎഫിന് വോട്ട് ചെയ്യുക എന്നുള്ളത് മതപരമായ ചടങ്ങുപോലെ പവിത്രമായി ക്രൈസ്തവര്‍ അനുവര്‍ത്തിച്ചു വന്ന ഒരു രാഷ്‌ട്രീയ അനുഷ്ഠാനമാണ്. എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഒക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അപ്രമാദിത്വം അവരെ കോണ്‍ഗ്രസിനോട് അടുപ്പിച്ചു നിര്‍ത്തി.
ഇറ്റലിക്കാരിയായ സോണിയയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും കോണ്‍ഗ്രസിന്റെ മേലുള്ള സര്‍വ്വാധിപത്യം കൂടിയായപ്പോള്‍, ക്രൈസ്തവര്‍ക്ക് വിശ്വസിക്കാവുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി അവര്‍ ആ പാര്‍ട്ടിയെ അംഗീകരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നരേന്ദ്രമോദിജി പ്രധാനമന്ത്രി ആയപ്പോള്‍ ആദ്യം ക്രൈസ്തവര്‍ കരുതിയത് അത് ഒരു അബദ്ധം പറ്റിയതാണ്, രാഹുല്‍ഗാന്ധിയിലൂടെ കോണ്‍ഗ്രസ് തിരിച്ചു വരാതിരിക്കില്ല എന്നാണ്. പക്ഷേ രണ്ടാം തവണയും വന്‍ഭൂരിപക്ഷത്തോടെ മോദിജി പ്രധാനമന്ത്രിയാവുകയും ലോകരാജ്യങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തെ വാനോളം പുകഴ്‌ത്തുകയും ചെയ്യുന്നതു കണ്ടപ്പോള്‍, എങ്കില്‍പ്പിന്നെ തങ്ങള്‍ക്കും എന്തുകൊണ്ട് മോദിജിയെ അംഗീകരിച്ചുകൂടാ എന്ന് ക്രൈസ്തവര്‍ ചിന്തിച്ചു തുടങ്ങി. ഇന്ത്യയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ രണ്ടാം സ്ഥാനത്തുള്ള മറ്റു സംസ്ഥാനങ്ങളിലും ബിജെപി തുടര്‍ച്ചയായി അധികാരത്തിലേറുന്നത് കേരളത്തിലെ ക്രൈസ്തവരും നിരീക്ഷിച്ചു.
ക്രൈസ്തവ സഭകളുടെത് ഏതാണ്ട് 2000 വര്‍ഷത്തോളം പാരമ്പര്യമുള്ള ആഗോള മാനേജ്‌മെന്റ് സിസ്റ്റം ആണ്. കടന്നുചെന്ന ഓരോ ഭൂഖണ്ഡത്തിലും ഓരോ രാജ്യത്തും എപ്രകാരം പെരുമാറണമെന്നും തങ്ങളുടെ വിശ്വാസികളെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും അവിടുത്തെ ഭരണകൂടത്തോട് എപ്രകാരം യോജിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും ക്രൈസ്തവരെ ആരും പഠിപ്പിക്കേണ്ടതില്ല. റബര്‍ കര്‍ഷകരുടെ ഔദ്യോഗിക സംഘടനയായ 2,200 റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികളില്‍ 80 ശതമാനവും ക്രൈസ്തവ നേതൃത്വത്തിലുള്ളതാണ്.
സിപിഐ ആണെങ്കിലും സിപിഐഎം ആണെങ്കിലും കാര്‍ഷിക മേഖലയെ കാണുന്നത് പ്രാദേശിക നേതാക്കള്‍ക്ക് പണമുണ്ടാക്കാനുള്ള കറവപ്പശുക്കള്‍ എന്ന നിലയിലാണ്. 3860 കോടി രൂപയാണ് എഫ്പിഒ കള്‍ എന്നറിയപ്പെടുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ ഉണ്ടാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കേരള സര്‍ക്കാരിന് നല്‍കിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു ലഭിച്ച ഈ പണം ഇന്നുവരെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് കാണുമ്പോള്‍ ഈ പണം എവിടെപ്പോയി എന്ന് അന്വേഷിക്കേണ്ടതല്ലേ? ഇതിനു പുറമേ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ ഫണ്ട്(കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട്) എന്ന നിലയില്‍ 2,800 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കി. ഇതില്‍ 48 കോടി മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ബാക്കി ലാപ്‌സായി. വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കായി ഭക്ഷണവും കുടിവെള്ളവും ഒരുക്കുന്നതിനും വേലികള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് അനുവദിച്ചത് 148 കോടി രൂപയാണ്. ആ പണം ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വന്യമൃഗ ശല്യം തടയാമായിരുന്നു. സഭാ വിശ്വാസികളായ കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നെങ്കില്‍ ലഭിക്കട്ടെ എന്ന് കരുതിയാവാം തങ്ങളുടെ കുഞ്ഞു മാണിയെ എല്‍ഡിഎഫിന് സംഭാവന ചെയ്തത്. പക്ഷേ അതിനുശേഷം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശതഗുണിക്കപ്പെടുന്നതാണ് സഭാ നേതൃത്വം കണ്ടത്. അതുകൊണ്ടുതന്നെ രാഷ്‌ട്രീയം പറയാറില്ലാത്ത ബിഷപ്പുമാര്‍ പച്ചയായ രാഷ്‌ട്രീയം പറയാന്‍ മുന്നോട്ടു വരേണ്ടി വന്നു.
പറയുമ്പോള്‍ വളച്ചു കെട്ടില്ലാതെ പറയുക എന്നുള്ളതും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് ബിജെപിയുടെ അംഗത്തെ കേരളത്തില്‍നിന്ന് ലോക്‌സഭയില്‍ എത്തിക്കാന്‍ ഞങ്ങള്‍ ഉണ്ടാവും കൂടെ, നിങ്ങള്‍ ഞങ്ങളെ പരിഗണിച്ചാല്‍ മതി എന്ന് പച്ചയായി പറയാന്‍ ആര്‍ച്ച് ബിഷപ്പായ ജോസഫ് പാമ്പഌനിയില്‍ തന്നെ മുന്നോട്ടു വന്നു. ക്രൈസ്തവസഭാ നേതൃത്വം എന്തെങ്കിലും ഒരു കാര്യം പറയുന്നുവെങ്കില്‍ അതിനു മുന്‍പ് വിശദമായ പഠനങ്ങളും നിരീക്ഷണ പരീക്ഷണങ്ങളും ചര്‍ച്ചകളും നടത്തിയിട്ടുണ്ടാവും. പിന്നീടാണ് ഉത്തരവാദിത്തപ്പെട്ട ബിഷപ്പുമാര്‍ അത് പൊതുവേദിയില്‍ പറയുക. അതുകൊണ്ടുതന്നെ അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്ക് ബിജെപിയോടൊപ്പം ചേരാമെങ്കില്‍ കേരളത്തില്‍ മാത്രം എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഭയന്നുകൊണ്ട് എന്തിനാണ് തങ്ങളുടെ അവകാശങ്ങളും അനുകൂല്യങ്ങളും അവസരങ്ങളും നഷ്ടപ്പെടുത്തുന്നത് എന്ന ചിന്ത ഇന്ന് കേരളീയ ക്രൈസ്തവ സഭ നേതൃത്വത്തെ ചിന്തിപ്പിച്ചത് കേരളത്തിലെ സാധാരണക്കാരായ ക്രൈസ്തവ സമൂഹവും അതിലെ കര്‍ഷകരുമായിരിക്കണം.
കേരളത്തിന് പുറത്തുള്ള കര്‍ഷകര്‍ വന്‍തോതില്‍ പുരോഗതി നേടുകയും അവരുടെ കാര്‍ഷിക മേഖലകളില്‍ പുതിയ അധ്യായങ്ങള്‍ രചിക്കുകയും ചെയ്യുമ്പോള്‍ കേരളം മാത്രം അവികസിത സംസ്ഥാനമായി തുടരുന്നതിനെതിരെ സഭാവിശ്വാസികളായ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം പുകഞ്ഞു തുടങ്ങിയിട്ട് നാളുകുറെയായി. കേരളത്തിനുള്ളില്‍ കൃഷി, വ്യവസായം, ബിസിനസ് എന്നിവ ഒന്നും ചെയ്യാന്‍ അനുവദിക്കാത്ത ഇവിടത്തെ എല്‍ഡിഎഫ്, യുഡിഎഫ് രാഷ്‌ട്രീയക്കാരും അഴിമതി കുത്തിനിറച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കണ്ടും അനുഭവിച്ചും മടുത്ത ക്രൈസ്തവരുടെ പുതിയ തലമുറ, യൂറോപ്പിലേക്കും അമേരിക്കയിലേക്കും രക്ഷപ്പെടുമ്പോള്‍, സഭാ നേതൃത്വം ഞെട്ടലോടെ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ താഴുകയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും എന്ന് മാത്രമല്ല ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലേക്കും കന്യാസ്ത്രീകളെയും പുരോഹിതരെയും സംഭാവന ചെയ്യുന്ന പ്രദേശമാണ് കേരളം. അങ്ങനെയുള്ള കേരളത്തില്‍ പുതിയ തലമുറ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലായെങ്കില്‍ സഭാ പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിക്കാനുള്ള പുതിയ തലമുറയെ തേടി ക്രൈസ്തവ സഭകള്‍ മറ്റെവിടെയെങ്കിലും അലയേണ്ടി വരും. ജോലിക്ക് അല്ലെങ്കില്‍ പഠനത്തിന് എന്ന പേരില്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്‌ട്രേലിയയിലേക്കും കുടിയേറുന്ന ക്രൈസ്തവ യുവജനത ഒരുകാലത്തും തിരികെ വരാന്‍ പോകുന്നില്ല. അവരുടെ മക്കള്‍ ഇന്ത്യയെക്കുറിച്ച് ഓര്‍ക്കാനും പോകുന്നില്ല. ഈ സത്യം ഇന്നത്തെ ക്രൈസ്തവ സമൂഹത്തെ ഞെട്ടിക്കുന്നതാണ്. ഇതിനെല്ലാം അടിസ്ഥാനപരമായ കാരണം കേരളത്തെ ഭരിച്ച് നശിപ്പിച്ച എല്‍ഡിഎഫ്-യുഡിഎഫ് രാഷ്‌ട്രീയ നയങ്ങളാണ് എന്ന് സഭാ നേതൃത്വം തിരിച്ചറിയുന്നു. ഉടനെങ്ങും ബിജെപി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് പുറത്തു പോകാന്‍ സാധ്യതയില്ല എന്നും പുതിയ പുതിയ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ച് കടന്നുവരികയാണെന്നും അനുനിമിഷം കോണ്‍ഗ്രസ് പാര്‍ട്ടി അപ്രസക്തമാവുകയാണെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അധികകാലം ആയുസ്സ് ഇല്ല എന്നും മനസ്സിലാക്കാനുള്ള രാഷ്‌ട്രീയ വിവേകവും ചരിത്രബോധവും ക്രൈസ്തവ സഭാ നേതൃത്വത്തിനുണ്ട്. മാര്‍ ജോസഫ് പാമ്പഌനിയുടെ വാക്കുകളിലൂടെ ഇത് വ്യക്തമായി പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എങ്ങനെ ഞെട്ടാതിരിക്കും?
ബിജെപിയെ തൊട്ടാല്‍ മതേതരത്വം നശിച്ചുപോകും എന്ന ഭീഷണി. റബറിനു 300 രൂപ വില വാങ്ങാന്‍ കാത്തിരുന്നാല്‍ ഉടലില്‍ തലയുണ്ടാവില്ല എന്നുള്ള വധ ഭീഷണി. ഇതൊക്കെ ഇത്തരം സ്ഥലജല വിഭ്രാന്തിയില്‍ നിന്ന് ഉത്ഭവിച്ചതാണ്. ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും കമ്മ്യൂണിസ്റ്റ് തീവ്രവാദികളില്‍ നിന്നും വ്യത്യസ്തമാണ് ക്രൈസ്തവ സമൂഹം. അവര്‍ കടന്നുചെന്ന ഒരു നാടിനെയും സമ്പന്നമാക്കാതിരുന്നിട്ടില്ല. വിദ്യാഭ്യാസം കൊണ്ട്, കൃഷികൊണ്ട്, വ്യവസായം കൊണ്ട്, കച്ചവടം കൊണ്ട് എന്നിങ്ങനെ എല്ലാ മേഖലകളിലും തങ്ങളുടേതായ സംഭാവനകള്‍ സമര്‍പ്പിക്കുകയും അഭിമാനകരമായ ആധിപത്യം നേടുകയും ചെയ്യുക എന്നതാണ് ക്രൈസ്തവ സമൂഹത്തിന്റെ ശൈലി. എന്നാല്‍ ഓര്‍ക്കുക കമ്മ്യൂണിസ്റ്റ് തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും എവിടെയൊക്കെ അധികാരത്തില്‍ എത്തിയിട്ടുണ്ടോ ആ രാജ്യങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി നാമാവശേഷമായി പോയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തിലും ഈ വസ്തുത സത്യമാണ് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണല്ലോ 35 വര്‍ഷം സിപിഎം ഭരിച്ച പശ്ചിമബംഗാളും 25 വര്‍ഷം സിപിഎം ഭരിച്ച ത്രിപുരയും. കെ.ടി.ജലീലിന്റെ ആശയക്കാര്‍ അധിനിവേശം നടത്തുന്ന അഫ്ഗാനിസ്ഥാനും സിറിയയും പാക്കിസ്ഥാനും ഒക്കെ ഇന്ന് അനുഭവിക്കുന്നത് ഇതിന്റെ മറ്റൊരു രൂപമാണെന്ന് മാത്രം.
മതേതരത്വം എന്നാല്‍ ഹിന്ദു വിരുദ്ധത എന്ന യുഡിഎഫ്- എല്‍ഡിഎഫ് പ്രത്യയശാസ്ത്രങ്ങളെ ദൂരെയെറിയാന്‍ ക്രൈസ്തവ സഭാ നേതൃത്വം തയ്യാറായെങ്കില്‍ അതിനര്‍ത്ഥം ഈ പ്രഖ്യാപനത്തിനു മുമ്പ് സഭയുടെ അടിത്തട്ടു വരെ ഇത്തരം ചര്‍ച്ചകളും ചിന്തകളും നടന്നു കഴിഞ്ഞു എന്നു തന്നെയാണ്. മാര്‍ ജോസഫ് പാമ്പഌനി അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഈ പറയുന്ന വാക്കുകള്‍ എന്റേതല്ല, ബിഷപ്പ് എന്ന നിലയിലുമല്ല, ക്രൈസ്തവ സമൂഹത്തിന്റേതുമല്ല, മറിച്ചു കര്‍ഷകസമൂഹത്തിന്റെ ആശയങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക സമൂഹം എന്ന് പറയുമ്പോള്‍ അത് ക്രൈസ്തവര്‍ക്ക് അപ്പുറത്തുള്ള ഹിന്ദുവിനെയും ഇസ്ലാമിനെയും ഉള്‍പ്പെടെയാണ് എന്ന് പറയാന്‍ മറന്നതുമില്ല. കേരളത്തെ പഠിപ്പിച്ചുവച്ച കപട മതേതരത്വത്തെ അടിച്ചു തകര്‍ക്കുന്ന വാക്കുകളാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക