ന്യൂദല്‍ഹി : എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരാണെന്ന വിവാദ പരാമര്‍ശത്തില്‍ വിധി പ്രസ്താവനയ്‌ക്ക് പിന്നാലെ ഗാന്ധിജിയുടെ വചനങ്ങള്‍ ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി. 2019ല്‍ നടത്തിയ പരാമര്‍ശത്തില്‍ സൂറത്ത് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോടതിയില്‍ നേരിട്ട് ഹാജരായി ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്. ആരേയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയത്. തന്റെ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളില്‍ രാഹുലിന്റെ പരാമര്‍ശം ഏറ്റെടുത്തിട്ടുണ്ട്.
2019ല്‍ കര്‍ണ്ണാടകയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നാലര വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവന നടത്തിയിരിക്കുന്നത്.
വിധി കേള്‍ക്കുന്നതിനായി ദല്‍ഹിയില്‍ നിന്നും രാഹുലും സൂറത്തില്‍ എത്തിയിരുന്നു. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന് ജാമ്യം അനുവദിച്ച കോടി കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
അതേസമയം മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വവും അനിശ്ചിതത്വത്തിലായിട്ടുണ്ട്. അപ്പീല്‍ ഹര്‍ജിയില്‍ മേല്‍ക്കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ കര്‍ശന നിലപാടാടാണ് ഹൈക്കോടതി ഇതിന് മുമ്പ് സ്വീകരിച്ചിട്ടുള്ളത്. ശിക്ഷ വരുന്ന ദിവസം മുതല്‍ അംഗങ്ങള്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം.
ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടിയാല്‍ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവാണ് ഇപ്പോള്‍ കോടതി നല്‍കിയിരിക്കുന്നത്. മേല്‍ക്കോടതിയും ഇത് അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വം നഷ്ടമായാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: