കാനഡ, ആസ്ത്രേലിയ, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിലിരുന്ന് സ്വതന്ത്ര ഖാലിസ്ഥാന്‍ സ്വപ്നം കാണുന്നവരാണ് സിഖ് സമുദായത്തിലെ ഒരുവിഭാഗം പുതു തലമുറ. യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ, പഴയകാലത്തെപ്പറ്റി യാതൊന്നുമറിയാതെ വിദേശത്തെ സുഖസൗകര്യങ്ങളിലിരുന്ന് ഖാലിസ്ഥാന്‍ സ്വപ്നം കാണുന്നവര്‍. പഞ്ചാബ് വിഭജനത്തെപ്പറ്റിയോ ഇന്ത്യാ വിഭജനത്തെപ്പറ്റിയോ സിഖ് ഗുരുക്കന്മാര് അനുഭവിച്ച കൊടിയ പീഡനങ്ങളെപ്പറ്റിയോ ഒന്നും അറിയാത്തവര്‍. ഇന്ത്യയെന്നാല്‍ അവര്‍ക്ക് നാലോ അഞ്ചോ മുറികള്‍ മാത്രമുള്ള വിദേശങ്ങളിലെ ഹൈക്കമ്മീഷന് ഓഫീസോ കോണ്‍സുലേറ്റോ മാത്രമായിരിക്കണം. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ദേശീയപതാക നശിപ്പിച്ചാലോ കോണ്‍സുലേറ്റിലെ രണ്ടു ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്താലോ ഈ മഹാരാജ്യത്തെ ഭയപ്പെടുത്താനാവും എന്നു വിചാരിക്കുന്ന വിഡ്ഢികളുടെ തലമുറയാണത്.
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കിയ മേജര്‍ ജനറല്‍ ഷാബേഗ് സിങ് പരിശീലിപ്പിച്ച ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ ഖാലിസ്ഥാനി പോരാളികള്‍ക്ക് മണിക്കൂറുകള്‍ മാത്രമാണ് ഈ രാജ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. അപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട്, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിക്ക് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്ന് വധഭീഷണി മുഴക്കുന്ന വാരിസ് പഞ്ചാബ് ദേയുടെ തലവന്‍ അമൃതപാല്‍സിങ് അടക്കമുള്ള പുതുതലമുറ ഖാലിസ്ഥാനികള്‍. നാലു ദിവസമായി തുടങ്ങിയ ഓട്ടം അമൃതപാല്‍ സിങിന് ഇനിയും നിര്‍ത്താനാവാത്ത സ്ഥിതിയാണെന്ന് മാത്രം. വിദേശത്ത് വിരലിലെണ്ണാവുന്ന ഖാലിസ്ഥാനി പ്രതിഷേധക്കാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രകടനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പഞ്ചാബും രാജ്യത്തെ മറ്റു സിഖ് സ്വാധീന മേഖലകളും അത്ഭുതാവഹമായ ശാന്തതയിലാണ്. യാതൊരു വിധത്തിലുള്ള അനിഷ്ട സംഭവങ്ങളും ഇതുവരെ പഞ്ചാബില്‍ നിന്ന് ഉയര്‍ന്നു കേട്ടിട്ടില്ല എന്നതും ശ്രദ്ധേയമായി.
ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പഴയ പഞ്ചാബ് പ്രവിശ്യ കേന്ദ്രീകരിച്ച് രൂപീകരിക്കുമെന്ന് തീവ്ര സിഖ് വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വതന്ത്ര ഖാലിസ്ഥാന്‍ എന്ന രാജ്യ സങ്കല്‍പ്പത്തെ താലോലിക്കുന്നവര്‍ പഞ്ചാബില്‍ ഇപ്പോഴും ഉള്ളതിനാല്‍ ഖാലിസ്ഥാനി വാദങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഒരു വിഭാഗം പിന്തുണയ്ക്കുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായ നടപടികളിലേക്ക് കടന്നതോടെ ഈ ആള്‍ക്കൂട്ടം അപ്രത്യക്ഷമായിട്ടുണ്ട്. ഖാലിസ്ഥാനി വാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം കളിച്ച ആംആദ്മി പാര്‍ട്ടിക്ക് കൈ പൊള്ളിയ കാഴ്ചയും പഞ്ചാബില്‍ നിന്ന് കാണാനായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഖാലിസ്ഥാനി വാദത്തെ പിന്തുണച്ച് വോട്ടുകള്‍ വാങ്ങിയെടുത്ത് അധികാരത്തിലെത്തിയ ആപ്പ് നേതൃത്വത്തിന് പഞ്ചാബിലെ ക്രമസമാധാനതകര്‍ച്ച വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഖാലിസ്ഥാനി അനുകൂലികള്‍ക്കൊപ്പം ആപ്പ് നേതാക്കള്‍ അണിനിരന്നതിന് ഇന്നവര്‍ മറുപടി പറയേണ്ട അവസ്ഥയിലാണ്. പാക്കിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് യഥേഷ്ടം ആയുധങ്ങള്‍ ഒഴുകാന്‍ തുടങ്ങിയപ്പോഴാണ് ആപ്പ് നേതാക്കള്‍ക്ക് അപകടം തിരിച്ചറിയാനായത്. കേന്ദ്രത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാനും സംഘവും മുന്നോട്ട് പോയപ്പോള്‍ കേന്ദ്രഏജന്‍സികളും സൈന്യവും പഞ്ചാബില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാനുള്ള പരിശ്രമം തുടര്‍ന്നു. ഇതിനിടെയെല്ലാം വാരിസ് പഞ്ചാബ് ദേയും അമൃതപാല്‍സിങും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളും ഖാലിസ്ഥാന്‍ അനുകൂല പ്രസംഗങ്ങളുമായി പഞ്ചാബില്‍ സ്വതന്ത്ര വിഹാരത്തിലായിരുന്നു. പഞ്ചാബ് പോലീസും പഞ്ചാബിലെ ആംആദ്മി സര്‍ക്കാരും ഖാലിസ്ഥാനി വിഘടനവാദികളോട് സന്ധി ചെയ്ത കാഴ്ച രാജ്യത്തെ അസ്വസ്ഥമാക്കി. അതിനിടെയാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരേ അമൃതപാല്‍സിങിന്റെ വധഭീഷണി വന്നത്.
മാര്‍ച്ച് 2ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ദല്‍ഹിക്ക് വിളിച്ചുവരുത്തി. അമൃപാല്സിങിന്റെ അടുത്ത അനുയായിയായ ക്രിമിനല്‍കേസ് പ്രതിയെ മോചിപ്പിക്കാന്‍ ആയുധധാരികളായ ജനക്കൂട്ടം അജ്നാല പോലീസ് സ്റ്റേഷന് അക്രമിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയെ ദല്‍ഹിക്ക് വിളിപ്പിച്ചത്. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന അന്ത്യശാസനം കേന്ദ്രആഭ്യന്തരമന്ത്രി മാന്‍ കൈമാറി. സംസ്ഥാന സര്‍ക്കാരും പോലീസും നടപടി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസേന ഇടപെടുമെന്ന ഭീഷണിക്ക് മുന്നില്‍ മാന്‍ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം. യോഗത്തിന് പിന്നാലെ തന്നെ പഞ്ചാബില്‍ കര്‍ശന നടപടികള്‍ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പഞ്ചാബ് പോലീസിന് പുറമേ 18 കമ്പനി സിആര്‍പിഎഫിനേയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്കയച്ചു. പഴുതടച്ചുള്ള നീക്കമാണ് നടത്തിയത്. കഴിഞ്ഞ ദിവസം അമൃതപാല്‍സിങിനെതിരെ പ്രത്യക്ഷ പോലീസ് നടപടി ആരംഭിക്കുമ്പോഴേക്കും പഞ്ചാബിലെ സംഘര്‍ഷ മേഖലകളിലെല്ലാം സിആര്‍പിഎഫും പോലീസും സ്വാധീനം ശക്തമാക്കിയിരുന്നു. എല്ലാ ജിലകളിലും സിആര്‍പിഎഫ് വിന്യസിക്കപ്പെട്ടുകഴിഞ്ഞു.
മാര്‍ച്ച് 18ന് ജലന്ധര്‍-മോഗ റോഡില്‍ ഖില്ച്ചിയാന് പോലീസ് അമൃതപാല്‍സിങിനെ പിടികൂടാനായി പ്രത്യേക ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധന നടത്തി. എന്നാല്‍ ബാരിക്കേഡുകള്‍ ഇടിച്ചു തെറിപ്പിച്ച് വാഹനവ്യൂഹവുമായി അമൃതപാല്‍സിങും സംഘവും കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്. 25 കിലോമീറ്ററോളം പിന്തുടര്ന്നെങ്കിലും വിവിധ വാഹനങ്ങള്‍ മാറി ഇയാള്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം. അമൃതപാല്‍സിങിനെ പോലീസ് പിടികൂടിയെന്നും ഇയാളെ കസ്റ്റഡിയില്‍ വധിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും അമൃതപാല്‍സിങിന്റെ അഭിഭാഷകനും പറയുന്നു. അമൃതപാല്സിങിനൊപ്പമുണ്ടായിരുന്ന അടുത്ത അനുയായികളായ അഞ്ചുപേര്‍ നിലവില്‍ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. അമൃതപാല്‍സിങിന്റെ അമ്മാവനായ ഹര്‍ജീത് സിങ് അടക്കമുള്ളവരാണ് അസമിലുള്ളത്. അമൃതപാല്‍സിങ് അസമിലേക്ക് രക്ഷപ്പെട്ടെന്നും നേപ്പാളിലേക്ക് കടന്നതായും പാക്കിസ്ഥാനിലേക്ക് പോയെന്നും കാനഡയിലേക്ക് പോയെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിക്കുന്നു. പഞ്ചാബ് അതിര്‍ത്തികള്‍ മുഴുവനും പോലീസും കേന്ദ്രസേനയും അടച്ചിരിക്കുകയാണ്. ഇത്രയും പേരുടെ കണ്ണുവെട്ടിച്ച് അമൃതപാല്‍സിങിന് രക്ഷപ്പെടാനാവില്ലെന്നും അമൃതപാല്സിങുമായി ബന്ധപ്പെട്ട് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരും പോലീസും ആണെന്നുമാണ് വാരിസ് പഞ്ചാബ് ദേയുടെ ആരോപണം. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അമൃതപാല്‍സിങിനും കൂട്ടാളികള്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തിക്കഴിഞ്ഞു. അമൃതപാല്‍സിങ് പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ ഹാജരാക്കണമെന്നുമാവശ്യപ്പെട്ട് വാരിസ് പഞ്ചാബ് ദേയുടെ അഭിഭാഷകന് ഇമാന്സിങ് ഖാര പഞ്ചാബ് ബരിയാന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഖാലിസ്ഥാനികളോട് യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്ന ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. രാജ്യത്തെ സിഖ് സംഘടനകളുമായെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. യാതൊരുതരത്തിലുള്ള പിന്തുണയും ഖാലിസ്ഥാനികള്‍ക്ക് നല്‍കരുതെന്നും സംഘര്‍ഷം വ്യാപിച്ചാല്‍ നഷ്ടം സിഖ് സമൂഹത്തിന് മാത്രമായിരിക്കുമെന്നുമുള്ള സന്ദേശങ്ങള്‍ കൃത്യമായി ഉന്നത തലത്തില്‍ തന്നെ കൈമാറിയിട്ടുണ്ട്. മുന്‍ ഖാലിസ്ഥാനി നേതാക്കളും സിഖ് സമുദായ നേതാക്കളും കേന്ദ്രസര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചതും വാരിസ് പഞ്ചാബ് ദേയുടെ പ്രവര്‍ത്തന രീതികളോടുള്ള സിഖ് സമൂഹത്തിലെ അതൃപ്തിയും പഞ്ചാബിനെ ശാന്തമാക്കി നിര്‍ത്തുന്നു. ക്രിമിനലിനെ മോചിപ്പിക്കാനായി അജ്നാല പോലീസ് സ്റ്റേഷനിലേക്കെത്തിയ വാരിസ് പഞ്ചാബ് ദേ പ്രവര്‍ത്തകര്‍ ഒരു കയ്യില്‍ ആയുധവും മറുകയ്യില്‍ സിഖ് പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബും ഏന്തി ആക്രമണം നടത്തിയതില്‍ സിഖ് സമുദായ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഗുരുഗ്രന്ഥ സാഹിബിനെ പോലീസ് അപമാനിച്ചു എന്ന പേരില്‍ പഞ്ചാബിലെങ്ങും അശാന്തി വിതയ്ക്കാനായിരുന്നു അമൃതപാല്‍സിങിന്റെ പദ്ധതി. ഓപ്പറേഷന് ബ്ലൂ സ്റ്റാറും ഇന്ദിരാഗാന്ധി വധവും പിന്നീട് നടന്ന സിഖ് കൂട്ടക്കൊലയും സമ്മാനിച്ച മുറിവുകളില്‍ നിന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും മോചിതരാവാത്ത സിഖ് സമൂഹത്തിന് വാരിസ് പഞ്ചാബ് ദേയും അമൃതപാല്‍ സിങും വലിയ ബാധ്യത തന്നെയാണ്. അയാളെ മറക്കുക തന്നെയാണ് സിഖ് സമൂഹത്തിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: