ബൃന്ദ
ബോഡി എത്താറായി
ക്യാമറകള്‍
അസ്വസ്ഥമായി.
കിട്ടാവുന്നതില്‍ വച്ച്
ഏറ്റവും നല്ല ഷോട്ടിനു
പിറകെ അലയണം.
ഹൃദയം പിളര്‍ക്കുന്ന
സീനുകള്‍ മറ്റാര്‍ക്കും
കിട്ടുന്നതിന്‍ മുന്നേ
എടുക്കണം.
ആംബുലന്‍സിന്റെ ഒച്ച…
ബോഡി എത്തി.
ബോഡിയുടെ
ക്ലോസ്‌ഷോട്ട്
അകത്തേക്കു കയറ്റുന്ന
രംഗങ്ങള്‍
മര്‍മരങ്ങള്‍
തേങ്ങലുകള്‍
ഇനി ക്യാമറയ്‌ക്ക് ചാകര
നിലവിളിച്ചു കൊണ്ട്
ഓടിവരുന്ന അമ്മ
പൊന്നോമനയാണ്
ചലനമില്ലാതെ കിടക്കുന്നത്
കണ്ടു കൊതിതീരാത്തതാണ് .
പൊട്ടിത്തകര്‍ന്ന്
നിലവിളിക്കുകയാണ്
നല്ല ഷോട്ട് !
ഇരുവശത്തും നിന്ന്
ആരൊക്കെയോ അവരെ താങ്ങുന്നുണ്ട്
ഗംഭീരം
അവരുടെ മുടി
കുറച്ചു മുഖത്തേക്കു വീണു കിടക്കുന്നു
മുഖം ശരിക്ക് കാണുന്നില്ല.
മുടി മാറ്റിയിടാന്‍ ആരോടും പറയാന്‍ പറ്റില്ലല്ലോ
അച്ഛന്‍
തോളിലെ ടവ്വല്‍ എടുത്ത്
മുഖം പൊത്തുന്നു .
ആ മനുഷ്യന്‍ മുഖം മറയ്‌ക്കാതെ
കരഞ്ഞിരുന്നെങ്കില്‍
കുറച്ചു കൂടി ഒച്ചയിട്ടിരുന്നെങ്കില്‍ ക്യാമറയ്‌ക്ക് നന്നായിരുന്നു
നാലുപേരറിയുന്ന ചില
സുഹൃത്തുക്കളൊക്കെ
വിങ്ങിപ്പൊട്ടി വരുന്നു
അവരുടെ ക്ലോസ് ഷോട്ട്
വൈഡ് ഷോട്ട്
ഡ്രസ് …
മേക്കപ്പില്ലാത്തതുകൊണ്ട്
എടുത്തു കാണിക്കുന്ന
മുഖക്കുരുക്കള്‍
കവിളത്തെ മറുക്
കരച്ചിലിന്റെ വിവിധ ദൃശ്യങ്ങള്‍
കണ്ണു തുടയ്‌ക്കുകയും
കരച്ചിലടക്കുകയും
ചെയ്യുന്ന ആണുങ്ങള്‍
പെണ്ണുങ്ങള്‍
ഉറ്റവരെത്തുമ്പോള്‍ കെട്ടിപ്പിടിച്ചുള്ള തേങ്ങലുകള്‍
അകത്തെ മുറിയിലേക്ക്
പോകുന്ന
കണ്ണീരുകള്‍ക്കു പിന്നാലെ
തലങ്ങും വിലങ്ങും പായുന്ന ക്യാമറകള്‍
ഉറ്റബന്ധുക്കളെ
പിടിച്ചിരുത്തി
നെഞ്ചുപൊട്ടുന്ന ചോദ്യങ്ങളാല്‍
കണ്ണീരു കൂട്ടുന്ന
കാമറ സാഡിസം
നിരത്തിപ്പിടിച്ച
നൂറുകണക്കിന്
മൊബൈല്‍ ക്യാമറകളുടെയും
അല്ലാത്തതിന്റെയും
മുന്നില്‍ നിന്ന്
ഏറ്റവും
പ്രിയപ്പെട്ടൊരാളിന്റെ
വേര്‍പാടിനുമുന്നില്‍ നിന്ന്
നെഞ്ചുപൊട്ടുമ്പോള്‍
ഇത്തിരി മാറിപ്പോകുന്ന
സാരിയുടെ ഇടയിലേക്ക്
ഒളികണ്ണിട്ടു നോക്കുന്ന
കാമറത്തിരക്ക്
അറിയില്ല ,
ചിലപ്പോള്‍ ഇതൊക്കെ
എന്റെ ക്യാമറയുടെ
വികല ചിന്തയായിരിക്കും
ഉമ്മറപ്പടിയ്‌ക്കപ്പുറത്തേക്ക്
ക്യാമറകള്‍ കണ്ണടച്ചു പിടിക്കണമെന്നത്
വ്യര്‍ത്ഥവിലാപമായിരിക്കും ….
മരണം ഒരു
ആഘോഷമല്ലല്ലോ
അതാ
ബോഡി ചിതയിലേക്കെടുക്കുന്നു
ക്യാമറകള്‍ ഒപ്പം ചാടുന്നു !
കാലന്റെ ഫോട്ടോ
കിട്ടിയില്ലെന്ന്
ഒരു ക്യാമറമാന്‍
നിരാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: