കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സമരം തുടങ്ങി. സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്നുമുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
അഞ്ച് മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണ്. സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയെന്നാണ് വിമർശനം. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും സ്റ്റൈപ്പന്റിന് പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: