കാസര്‍കോട്: കന്നട കവിയും ബഹുഭാഷാ പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറൈയെ സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും അവഗണിച്ചതായി മകന്‍ പ്രസന്നറൈ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കയ്യാര്‍ കിഞ്ഞണ്ണറൈയുടെ പേരില്‍ ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഠന മുറി, സമ്മേളനഹാള്‍, പ്രാദേശിക ഭാഷാപഠനകേന്ദ്രം, സമൃതി മണ്ഡപം, ലൈബ്രറി, സാംസ്‌കാരികകേന്ദ്രം എന്നിവ നിര്‍മിക്കുമെന്നാണ് അറിയിച്ചത്. അതിനായി കവിയുടെ വീടായ ബദിയടുക്കയിലെ കവിതാ കുടീരത്തിന് സമീപത്തെ 30 സെന്റ് സ്ഥലം ദാനമായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തത്.
സ്മാരകം പണിയുന്നതിന് 2017ല്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നീക്കിവെച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് ലാപ്‌സായിരിക്കുകയാണ്. 10 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതില്‍ നിര്‍മിച്ച സ്ഥലം ഇപ്പോള്‍ കാട്പിടിച്ച് കിടക്കുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമം ജില്ലാ പഞ്ചായത്ത് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കവി കിഞ്ഞണ്ണറൈയുടെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരിക്കുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റില്‍ ആദ്യം ഒരുകോടി രൂപയും പിന്നീട് രണ്ട് കോടിയായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. കയ്യാര്‍ കിഞ്ഞണ്ണറൈ സാംസ്‌കാരിക കന്നട പഠന ഭവനമാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആദ്യഗഡുവായി 50 ലക്ഷവും രണ്ടാം ഗഡുവായി 60 അനുവദിച്ചിരിക്കുകയാണ്. കിഞ്ഞണ്ണറൈ മക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റായ കവിതാ കൂടീരത്തിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ട്രസ്റ്റിന്റെ കൈവശമുള്ള 31 സെന്റ് ഭൂമിയിലാണ് ഭവനം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്മാരകമാക്കിയിട്ടുള്ള കയ്യാര്‍ കിഞ്ഞണ്ണറൈയുടെ വീട്ടില്‍ തന്നെ ഒട്ടേറെ പുസത്കങ്ങളും കവിയുടെ വസ്തുക്കളുമുണ്ട്. ഇതൊക്കെ ഇവിടെ നിന്ന് പുതിയകെട്ടിടത്തിലേക്ക് മാറ്റിയില്ലെങ്കില്‍ നശിച്ച് പോകാനുള്ള സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സ്മാരക നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കി ട്രസ്റ്റിന് പണം അനുവദിച്ചത്. അതിന്റെ ശിലാന്യാസവും ഭൂമി പൂജയും 23ന് രാവിലെ 11 മണിക്ക് കവിതാ കടീരത്തില്‍ നടക്കും.
കര്‍ണാടക സാസ്‌കാരിക വകുപ്പ് മന്ത്രി വി.സുനില്‍കുമാര്‍ ശിലാന്യാസം നടത്തും. മംഗ്ലൂരു എംപി നളീന്‍കുമാര്‍ കട്ടീല്‍ സംബന്ധിക്കും. തുടര്‍ന്ന് 11.45ന് ബദിയടുക്ക ഗുരുസദനത്തില്‍ നടക്കുന്ന പരിപാടിയില്‍ എടനീര്‍ മഠം സ്വാമി സച്ചിതാനന്ദഭാരതി ആശിര്‍വാദ പ്രഭാഷണം നടത്തും. കര്‍ണാടക അതിര്‍ത്തി വികസന വകുപ്പ് പ്രസിഡന്റ് ഡോ.സോമശേഖര അദ്ധ്യക്ഷനാകും. സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കമെന്ന് കവിതാ കൂടീരത്തിന്റെ സെക്രട്ടറിയും കവികിഞ്ഞണ്ണറൈയുടെ മകനുമായ പ്രസന്ന റൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: