തൃശ്ശൂര്‍: നികുതികൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തതെന്തെന്ന് തൃശ്ശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’. മുഖ്യമന്ത്രിയുടെ യാത്രയും ധൂര്‍ത്തും ചൂണ്ടിക്കാണിച്ചാണ് കത്തോലിക്കാസഭ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ…?’ എന്ന ലേഖനത്തിലാണ് വിമര്‍ശനം.
സര്‍വമേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങള്‍ക്ക് നടുവില്‍ സഞ്ചരിച്ച് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നത്. സര്‍വ മേഖലയിലും വില കൂട്ടുമ്പോഴും ധൂര്‍ത്ത് നിയന്ത്രിക്കാനോ ദുര്‍ച്ചെലവുകള്‍ കുറക്കാനോ ആഡംബരങ്ങള്‍ ഒഴിവാക്കാനോ നടപടിയില്ല. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ മുഴുത്ത ശമ്പളവും പെന്‍ഷനും അല്‍പ്പം കുറച്ച് മാതൃക കാട്ടാനോ ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി പണിയെടുപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാനോ നടപടിയില്ല.
പ്രതിഷേധിക്കാന്‍ വരുന്നവരെ മാത്രമല്ല, സാധാരണക്കാരെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാന്‍ വഴിയൊരുക്കുന്നതിലൂടെ പ്രകടമാകുന്നത് കടുത്ത നീതി നിഷേധവും സേച്ഛാധിപത്യ പ്രവണതയുമാണ്. സര്‍ക്കാര്‍ കൃത്യമായി കണക്കുകള്‍ നല്കാത്തതിനാല് സംയോജിത ചരക്ക് സേവന നികുതിയില്‍ പതിനായിരം കോടിയിലേറെ നഷ്ടപ്പെടുന്നുണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. കുത്തകകളുടെ കുടിശിക പിരിച്ചെടുക്കാതെ സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും നികുതി ഊറ്റിയെടുക്കാനാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്.
ആരും പ്രതിഷേധിക്കരുതെന്നാണ് കേരളത്തിന്റെ പുതിയ അവസ്ഥ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ അകമ്പടി വാഹനങ്ങള്‍, കരിങ്കൊടിക്കാരെ അടിച്ചൊതുക്കാന്‍ സ്ട്രൈക്കിങ് ഫോഴ്സ്, മുന്‍കരുതല്‍ അറസ്റ്റ് എന്നിങ്ങനെ കേരളം ഒരു അടിയന്തരാവസ്ഥയുടെ കരിനിഴലില്‍ കഴിയേണ്ട ദുര്‍ഗതിയിലാണ്, ലേഖനം കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: