ന്യൂദല്‍ഹി: വസ്തുതകള്‍ തുറന്നുപറയുന്ന ക്രൈസ്തവ പുരോഹിതന്മാരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. തലശ്ശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനുള്ളത്. സത്യംപറയുമ്പോള്‍ ക്രൈസ്തവ പുരോഹിതര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം, കോണ്‍ഗ്രസ് സമീപനം അംഗീകരിക്കില്ലെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
ബിജെപി ദേശീയ ആസ്ഥാനത്ത് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ദേശീയ വക്താവ് ടോംവടക്കനും ഒപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാ രിക്കുകയായിരുന്നു വി. മുരളീധരന്. മലയോര കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതാണ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസ്താവന. റബ്ബറിന്റെ താങ്ങുവിലയടക്കം കര്‍ഷകര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ചുവരികയാണ്. സഹായിക്കുന്നവരോട് സ്വാഭാവികമായും സഭക്ക് അനുകൂല നിലപാടുണ്ടാകും. ആ ഘട്ടത്തില്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ഇരട്ടത്താപ്പും അവസരവാദവും തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും വി. മുരളീധരന് പറഞ്ഞു.
ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. അതിനുവേണ്ടി സത്യം പറയുന്ന പുരോഹിതരെ സംഘടിതമായി ആക്രമിക്കുന്നു. സംസ്ഥാനത്തെ മത തീവ്രവാദ സംഘത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പാലാ ബിഷപ്പിനെതിരെ കേസെടുത്തു. പൗവ്വത്തില്‍ പിതാവിനെതിരെ മുന്‍പ് സ്വാശ്രയവിഷയത്തില്‍ വാളെടുത്തതും നമ്മള് കണ്ടതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ജനം ബിജെപിയെ ആണ് അധികാരത്തിലേറ്റിയത്. ഒറ്റപ്പെട്ട സാമൂഹിക വിരുദ്ധരുടെ ആക്രമണം നരേന്ദ്രമോദിയുടെ തലയില്‍ കെട്ടിവച്ച് രാഷ്ട്രീയമുതലടുപ്പ് നടത്താനുള്ള നീക്കം വിലപ്പോകില്ല. ജാതിയ്ക്കും മതത്തിനും അതീതമായ, സ്വീകാര്യതയാണ് പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന തെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: