ദീപ വിഷ്ണു
പൊങ്ങിത്താണ് പതഞ്ഞൊഴുകിവരും തിരകള്‍. മണലിലെ ശംഖിന്റെ ദ്വാരങ്ങളിലൂടെ കയറിയിറങ്ങി ശബ്ദമുണ്ടാക്കി; കുറേ കണങ്ങള്‍ വഴുതിവീണ്, തിരിച്ചുപോകാന്‍ പറ്റാതെ ഊറിയിറങ്ങി ഉറച്ചു. തികച്ചും രൂപമാറ്റം വന്നിട്ടാണ് ചിലതൊക്കെ മടക്കയാത്രയായത്. നവലഹരിയിലുള്ള സംഗമശേഷം പരിണമിച്ച, പുതിയ തരംഗങ്ങളായി വീണ്ടും കരയിലേക്ക്. ഉയര്‍ന്നുംതാണും പതുക്കെ എല്ലാ ഉശിരും കെട്ടടങ്ങിയ ജലഭിത്തികള്‍ മണലിനെ വാരിപ്പുണര്‍ന്ന് വിശ്രമിച്ചു.
നല്ലോര്‍മ്മയുടെ മുദ്രപ്പതിപ്പുകളായി കക്കകളും ചിപ്പികളും അവിടവിടെ തെളിഞ്ഞുമിന്നുന്നുണ്ട്. മിനുമിനുത്ത, തിളങ്ങുന്ന മേനികാട്ടി, അലകളെ പിടിച്ചുവയ്‌ക്കാന്‍ അവ ശ്രമിച്ചുകൊണ്ടിരുന്നു. കടലിന്റെ മൂളലില്‍ മാത്രമാണ്, തിരകള്‍ ഉന്മാദികളാകുന്നതെന്ന്അറിയില്ലായിരുന്നല്ലോ അവര്‍ക്ക്. ആഴങ്ങള്‍ തേടി, ചുഴികളായി കറങ്ങിക്കറങ്ങി, അടിത്തട്ടിലെത്താനുള്ള യാത്രയാണ് തിരകളെ ആവേശഭരിതരാക്കുന്നതും തിരികെ തീരത്തെത്തിക്കുന്നതുമെന്നൊന്നും ആ പാവങ്ങള്‍ അറിഞ്ഞിട്ടില്ല.
അങ്ങ് ദൂരെ ഒരു കപ്പല്‍ നങ്കൂരമിടാന്‍ തുടങ്ങുന്നൂ. പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ലൈറ്റ് ഹൗസിലെ വെട്ടിത്തിളങ്ങുന്ന പ്രകാശം, കറങ്ങാന്‍തുടങ്ങിയിരിക്കുന്നൂ; മുങ്ങാന്‍ മൂക്കുപിടിച്ചുകഴിഞ്ഞൂ, സൂര്യന്‍.
മണലില്‍ മായാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ചുകൊണ്ട്, കടല്‍ക്കാക്കകളെ ദൂരേക്ക് പറത്തിക്കൊണ്ട്, കുട്ടി സൂര്യനടുത്തേക്ക് കുതിച്ചു, മുങ്ങിമറയും മുന്‍പ് ആതീഗോളത്തെ കയ്യെത്തിയൊന്നു തൊടാന്‍. അലകള്‍ക്കൊപ്പം അവനും, പൊങ്ങിയും താണും പൊയ്‌ക്കൊണ്ടിരുന്നൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: