ഗുരുവായൂര്‍: ദേവസ്വത്തിലെ കൊമ്പന് ദാമോദര്‍ദാസിന് കോട്ടയ്ക്കകത്തുവെച്ച് കൊടിയ മര്‍ദനമേറ്റതായി പരാതി. ഗുരുവായൂര്‍ ദേവസ്വത്തിലെ മുന്‍ ജീവനക്കാരനായ ഒരാളാണ് ആനയെ മര്‍ദിച്ചത്. 12 ന് രാത്രിയിലാണ് സംഭവം. ആനയെ മര്‍ദിച്ചത് ഗുരുവായൂര്‍ ദേവസ്വത്തിലെ മുന്‍ ജീവനക്കാരനായ ഒരാളാണെന്നും സൂചനയുണ്ട്.
ദാമോദര്‍ദാസിന്റെ ഒന്നാം പാപ്പാന് രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ആന പലതവണ പരാക്രമം കാട്ടിയിട്ടും, ആ ആനയെ തന്നെ ആറാട്ട് ദിവസം പുറത്തേക്കെഴുന്നെള്ളിപ്പില് പങ്കെടുപ്പിച്ചിരുന്നു. ജനസമുദ്രത്തിനിടയിലാണ് ആന, ആറാട്ട് ദിവസം പുറത്തേക്കെഴുന്നെള്ളിപ്പില് പ്രകോപനം സൃഷ്ടിച്ചത്. മറ്റു പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ആനയെ എളുപ്പത്തില്‍ വരുതിയിലാക്കാനായി. ആ അരിശം തീര്‍ക്കാനാണത്രെ കൊമ്പന് അന്ന് രാത്രി പീഡനം നേരിടേണ്ടി വന്നത്.
രാത്രികാലങ്ങളില്‍ കോട്ടയ്ക്കകത്ത് ഉദ്യോഗസ്ഥരുടെ അഭാവവും, സിസിടിവി ദൃശ്യങ്ങള്‍ പതിയാന്‍ സാധ്യതയില്ലാത്തതിനാലും സംഭവം ആരുമറിയാതെ പോയി. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ദേവസ്വം ഭരണാധികാരികള്‍ അതും മറച്ചുവെച്ചു. അടുത്തടുത്ത സമയത്ത് മൂന്നിലേറെ തവണയാണ് കൊമ്പന് ദാമോദര്‍ദാസ്, പാപ്പാന് രാധാകൃഷ്ണനെ ലക്ഷ്യമിട്ട് അക്രമത്തിന് മുതിരുന്നത്. എന്നിട്ടും ദേവസ്വത്തിലെ ഒരു ഡോക്ടറാണത്രെ ദാമോദര്ദാസില് നിന്നും പാപ്പാന് രാധാകൃഷ്ണനെ മാറ്റരുതെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നത്.
മര്‍ദനം മൂലം ആനക്കോട്ടയില്‍ ചരിഞ്ഞ ആനകളുടെ എണ്ണം ഏറെയാണ്. 2009 ആഗസ്റ്റ് 2 ന് ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയ കൊമ്പന് ഉണ്ണികൃഷ്ണന് 2011 ജനുവരി 17 നാണ് ചരിഞ്ഞത്. ശ്രീഗുരുവായൂരപ്പനെ സേവിച്ചത് രണ്ടുവര്‍ഷത്തില്‍ താഴെ. അതുപോലെ കൊമ്പന് അര്ജുന്. മര്‍ദനം മൂലം മുന്‍കാലുകള്‍ വീര്‍ത്ത് വൃണം വന്ന് പഴുത്താണ് അര്‍ജുനും അകാലത്തില്‍ പൊലിഞ്ഞത്. ഈ കൊമ്പന്മാരുടെയെല്ലാം മരണകാരണങ്ങള്‍ അതാത് ഭരണസമിതികള്‍ അന്വേഷിക്കുകയോ, അത് പുറംലോകം അറിയുകയോ ചെയ്തില്ല.
ഗുരുവായൂര്‍ ദേവസ്വത്തിലെ ചരിഞ്ഞ ആനകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതും, പലതും ലഭിക്കാതിരിക്കുന്നതും കൂട്ടിവായിക്കുമ്പോഴാണ് ദേവസ്വത്തിലെ പല ദുരൂഹതകളും ചുരുളഴിയുന്നത്. തലപ്പൊക്കത്തിലും, എഴുന്നെള്ളിപ്പുകളിലും പേരും, പെരുമയുമുള്ള ദേവസ്വം കൊമ്പന് നന്ദന്, പൂര്‍ണ ആരോഗ്യവാനാണെന്ന് പറയാനാവാത്ത അവസ്ഥയിലാണിപ്പോള്‍. ആയുര്‍വ്വേദ ഔഷധങ്ങള്‍ നല്കി പരിപാലിക്കേണ്ട കൊമ്പന് നന്ദന്, പലപ്പോഴും അലോപ്പതി മരുന്നും ചികിത്സയുമാണ് നല്‍കുന്നതത്രെ. അതുകൊണ്ടു തന്നെ, കൊമ്പന് നന്ദന്റെ ജീവനും ഇപ്പോള്‍ ആശങ്കാജനകമാണ്. 65 ഓളം ആനകളുണ്ടായിരുന്ന ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലിപ്പോള് അവശേഷിക്കുന്നത് വെറും 41 ആനകളാണ്.
കെ. വിജയൻ മേനോൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: