ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രമുഖരില്‍ മഹാദാര്‍ശനികനായ മഹാത്മാവായിരുന്നു നടരാജഗുരുവെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. നടരാജഗുരുവിന്റെ 50ാം സമാധി വാര്‍ഷികം പ്രമാണിച്ച് ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരത്തിലെ സമാധി പീഠത്തില്‍ പ്രാര്‍ത്ഥനയും ഗുരുപൂജയും നടത്തിയ ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.
ഭാരതം കണ്ട വിരലിലെണ്ണാവുന്ന മഹാദാര്ശനികന്മാരില് ഒരാളാണ് നടരാജഗുരു. ഗുരുദേവ കൃതികള്‍ക്ക് പ്രത്യേകിച്ച് ദര്ശനമാലയ്ക്കും ആത്മോപദേശ ശതകത്തിനും നടരാജഗുരു നല്കിയ വ്യാഖ്യാനം ആധുനികരായ മഹാമനുഷികളെ ശ്രീനാരായണ ദര്‍ശനത്തോട് അടുപ്പിക്കുവാന്‍ പ്രേരണ നല്കി. ഗുരു വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയുടെ പ്രവാചകനായിരുന്നു നടരാജഗുരു. ഗുരുദര്‍ശനം ഭാരതത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചത് നടരാജഗുരുവാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറ്റെടുത്ത് ഗുരുസന്ദേശത്തിന്റെ ആചരണവും പ്രചരണവും ശക്തമാക്കുവാന്‍ പുതിയ തലമുറ മുന്നോട്ട് വരണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
സമാധി പീഠത്തില്‍ നടന്ന പ്രാര്‍ത്ഥനയിലും ഗുരുപൂജയിലും ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി സുരേശ്വരാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ വൈസ് പ്രസിഡന്റ് അനില്‍ തടാലില്‍ എന്നിവരും ശിവഗിരി മഠത്തിലെ ബ്രഹ്മചാരികളും ഭകതജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് വര്‍ക്കല നാരായണ ഗുരുകുലത്തിലെത്തി ഗുരുകുല അധ്യക്ഷന്‍ ഗുരു മുനിനാരായണപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാഷണത്തിലും സത്സംഗത്തിലും സംന്യാസിമാരും ഭക്തജനങ്ങളും പങ്കെടുത്തു.
ത്യാഗത്തിന്റെ മൂര്ത്തിമത് ഭാവമായിരുന്നു നടരാജഗുരുവെന്ന് മുനിനാരായണ പ്രസാദ് സ്വാമികള്‍ സത്സംഗയോഗത്തില് പറഞ്ഞു. ഗുരുവിന്റെ ശിഷ്യന്മാരില് ഏറ്റവും വിദ്യാസമ്പന്നനായിരുന്നു നടരാജഗുരു. വൈസ്ചാന്സിലര് തുടങ്ങിയ ഉന്നത പദവികളില്‍ പ്രശോഭിക്കാവുന്ന ഒരു മഹാത്മാവ് അതിനൊന്നും തുനിയാതെ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ചത് ആഗാധമായ ഗുരുഭക്തികൊണ്ടാണെന്നും മുനിനാരായണ പ്രസാദ് അഭിപ്രായപ്പെട്ടു. സ്വാമി തന്മയയും ഗുരുകുല അന്തേവാസികളും ഭക്തജനങ്ങളും സത്സംഗയോഗത്തില് പങ്കെടുത്തു. നടരാജഗുരുവിന്റെ 50ാമത് സമാധിദിനം കേരളത്തിന്റെ പല ഭാഗങ്ങളിലും വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നേദിവസം നടത്തുന്നുണ്ട് എന്ന് മുനിനാരായണ പ്രസാദ് സ്വാമികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: