മുംബൈ: ടെസ്റ്റിന്റെ ആരവം കഴിഞ്ഞു. ഇനി അമ്പതോവറിന്റെ ആവേശം. പകരക്കാര്‍ നായകരുടെ കീഴില്‍ ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം നാളെ വാംഖ്ഡെയില്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ വിട്ടുനില്‍ക്കുന്നതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഏകദിന ക്യാപ്റ്റനായുള്ള ഹാര്‍ദിക്കിന്റെ അരങ്ങേറ്റ മത്സരം. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നു.
വര്‍ഷാവസാനം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കം ടീമുകളുടെ ലക്ഷ്യം. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന് കിഷന് ഓപ്പണ്‍ ചെയ്തേക്കും. കെ.എല്‍. രാഹുലുണ്ടെങ്കിലും ഇഷാനാണ് സാധ്യത. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറിയടിച്ചത് ഓപ്പണര്‍ റോളിലിറങ്ങിയാണ്. വിരാട് കോഹ്ലി മൂന്നാം നമ്പറിലെത്തുമ്പോള്‍ നാലാമനായി സൂര്യകുമാര്‍ യാദവ്. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാടിന്റെ പ്രകടനം നിര്‍ണായകം. ട്വന്റി20യിലെ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാറിന് പുറത്തെടുക്കാനൊരവസരം. സമീപകാലത്ത് മധ്യനിരയെ താങ്ങിനിര്‍ത്തിയിരുന്ന ശ്രേയസ് അയ്യരുടെ അഭാവം ബാധിക്കാതെ നോക്കേണ്ടത് സൂര്യകുമാറിന്റെ ഉത്തരവാദിത്വമാകും. മധ്യനിരയില്‍ ഒരു ബാറ്ററെ കൂടി കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ രാഹുലിന് അവസരമൊരുങ്ങും.
ഓള്‍റൗണ്ടര്‍മാരുടെ സമ്പത്തുണ്ട് ടീമിന്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍. പാണ്ഡ്യയും ജഡേജയും കളിക്കും. ഇടംകൈയന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനും അവസരമൊരുങ്ങിയേക്കും. യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാകും പേസ് ആക്രമണത്തിന്. ഉമ്രാന് മാലിക്കും ജയദേവ് ഉനദ്കതുമാണ് ടീമിലെ മറ്റു പേസര്‍മാര്‍.
ടെസ്റ്റ് പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഓസീസ് ടീമില്‍ തിരികെയെത്തി. നിയന്ത്രിത ഓവര്‍ സ്പെഷ്യലിസ്റ്റുകളായ ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ മാര്‍ഷ്, മാര്‍ക്ക് സ്റ്റോയ്നിസ് എന്നിവരുടെ സാന്നിധ്യവും ടീമിന് കരുത്താകും. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ജൈ റിച്ചാര്ഡ്സണുമില്ലാത്തത് പേസ് ബൗളിങ്ങിന്റെ ശക്തി കുറയ്ക്കും. മിച്ചല്‍ സ്റ്റാര്‍ക്കാണ് പ്രധാന പേസര്‍. ലെഗ് സ്പിന്നര്‍ ആദം സാമ്പയുടെ ബൗളിങ്ങും കരുത്ത്. വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡാകും ഇന്നിങ്സ് തുറക്കുക. മാര്‍നസ് ലബുഷെയ്നും ടീമിലുണ്ട്.
മുംബൈയില്‍ ഓസീസിന് മുന്‍തൂക്കം. അഞ്ചു കളിയില്‍ നാലും അവര്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ നാനൂറിലധികം റണ്‍സും ഇവിടെ സ്കോര്‍ ചെയ്തിട്ടുണ്ട്. കളി പുരോഗമിക്കുന്തോറും പിച്ച് സ്പിന്നിന് അനുകൂലമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: