മട്ടാഞ്ചേരി: സംസ്ഥാനത്ത് 2800ത്തിലധികം റേഷന്‍ കട ഉടമകള്‍ തൊഴില്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. വരുമാനക്കുറവ്, ഉദ്യോഗസ്ഥ പീഡനം, കമ്മീഷന് നല്‍കുന്നതിലെ കാലതാമസം, ഭക്ഷധാന്യ വിതരണത്തിലെ ഗുണനിലവാര പ്രശ്നം എന്നിവ കാരണമാണ് ഈ തീരുമാനമെന്ന് യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.
നിരവധി കടയുടമകള്‍ റേഷനിങ് അധികൃതര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെ തീരുമാനം അറിയിച്ചുകഴിഞ്ഞു. നിലവില്‍ 92 ലക്ഷം കാര്‍ഡുടമകള്‍ക്കായി 14,312 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് കുടുതല്‍ ഉടമകള്‍ റേഷന്‍ കട ഉപേക്ഷിക്കുന്നത്. മലപ്പുറത്താണ് കുറവ്. തിരുവനന്തപുരത്ത് 320, എറണാകുളത്ത് 250, മലപ്പുറത്ത് 80, എന്നിങ്ങനെയാണ് റേഷന്‍ കട ഉപേക്ഷിക്കുന്ന ഉടമകളുടെ കണക്ക്.
ഭക്ഷ്യ സുരക്ഷാനിയമം പ്രാബല്യത്തിലായതോടെ റേഷന്‍ കടകളില്‍ വരുമാന ക്കുറവുണ്ടായതായാണ് കടയുടമകള്‍ ചുണ്ടിക്കാട്ടുന്നത്. 2016 ല്‍ സര്‍ക്കാര്‍ തീരുമാനിച്ച നിരക്കിലാണിന്നും റേഷന്‍ കടയുടമകള്‍ക്ക് വേതനം വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പ്രതിമാസം 45 ക്വിന്റലില്‍ കൂടുതല്‍ അരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കടക്കാരന് 18,000 രൂപയാണ് നല്‍കുക. വിതരണം കുറഞ്ഞാല്‍, ക്വിന്റലിന് ശരാശരി 17 രൂപ നിരക്കില്‍ വേതനം ലഭിക്കും. നിലവിലെ രീതിയില്‍ എണ്ണൂറിലേറെ കടയുടമകള്‍ക്ക് 15,000 രൂപയില്‍ താഴെയും ഇരുനൂറോളം കടയുടമകള്‍ക്ക് 10,000 രൂപയില്‍ താഴെയുമാണ് ലഭിക്കുന്നതെന്ന് കടയുടമ സംഘടനാ ഭാരവാഹികള്‍ പറയുന്നു. കട വാടക, സെയില്സ്മാന് ശമ്പളം, വൈദ്യുതി ബില്‍, യാത്രാ ചെലവ്, സ്റ്റേഷനറി ചെലവ് തുടങ്ങിയവയും കണ്ടെത്തണം.
പുതിയ നിയമ പ്രകാരം കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കടകളില്‍ നിന്ന് റേഷന്‍ വാങ്ങാമെന്നായതോടെ കടയുടമകള്‍ തമ്മിലും മത്സരം കടുത്തു. ഇതോടെ പല കടകളിലും വില്പന തോത് കുറഞ്ഞു. ലിറ്ററിന് 82 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് 200 ലിറ്ററിന് 1000 രൂപയില്‍ താഴെയാണ് കമ്മീഷന്. ഇതില്‍ നിന്ന് കടത്തുക്കൂലി, നിറയ്ക്കല്‍ കൂലി എന്നിവയടക്കം 600-750 രൂപ ചെലവാകും. മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ കരുതുകയും വേണം. ഇത്തരം സാഹചര്യത്തില്‍ റേഷന്‍ കടകള്‍ നടത്തിക്കൊണ്ടു പോവുക അസാധ്യമെന്ന് ഉടമകള്‍ അധികൃതരെ അറിയിച്ചു. ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷനടക്കമുള്ള വൃത്തങ്ങള്‍ വിഷയത്തില്‍ ഭക്ഷ്യവകുപ്പിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: