കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിന്റെ നികുതി വിവരങ്ങള്‍ തേടി ആദായനികുതി വകുപ്പ്. റിസോര്‍ട്ടിന്റെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിങ്കളാഴ്ച ഹാജരാക്കാനാണ് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കാനാണ് വൈദേകം മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
വ്യാഴാഴ്ച ഹാജരാകാനായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇത് രണ്ടാം തവണയാണ് റിസോര്‍ട്ട് അധികൃതരെ ആദായനികുതി വകുപ്പ് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്. ഈ മാസം 8ന് റിസോര്‍ട്ട് മാനേജര്‍ ടിഡിഎസ് വിഭാഗത്തിന് മുന്നില്‍ ഹാജരായിരുന്നു.
അതേസമയം വൈദേകത്തെക്കുറിച്ച് കിട്ടിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. ബുധനാഴ്ച വിജിലന്‍സ് സംഘം രണ്ടു മണിക്കൂറോളം വൈദേകത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന് ജേക്കബിന്റെ പരാതിയില്‍ വൈദേകത്തില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നാണ് പറയുന്നത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്കിയ ആന്തൂര്‍ നഗരസഭയിലെ രേഖകളും വിജിലന്‍സിന് പരിശോധിക്കേണ്ടതുണ്ട്.
ജോബിനില്‍ നിന്നും പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ വഴി ശേഖരിച്ച ശേഷമാണ് വിജിലന്‍സ് നടപടികളിലേക്ക് കടന്നത്. വൈദേകം റിസോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ടില്‍ ഇപിയുടെ ഭാര്യയ്ക്കും മകനുമുള്ള ഓഹരികള്‍ വില്‍ക്കാനും നീക്കം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: