ന്യൂദല്‍ഹി: ബ്രഹ്മപുരം ദുരന്തത്തില്‍ പതിമൂന്നാം ദിവസം വായ തുറന്ന മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ കരാര്‍ കമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് അത്ഭുതകരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സോന്റ കമ്പനിക്കാര്‍ക്ക് നാട്ടിലെ മുഴുവന്‍ മാലിന്യസംസ്ക്കരണത്തിന്റെയും കരാര്‍ നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
ഏത് ഏജന്‍സി അന്വേഷിച്ചാലും കമ്പനിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാകും വരാന്‍ പോകുന്നത്. സ്വര്‍ണം മുതല്‍ മാലിന്യം വരെ സ്വന്തം കീശ നിറയ്ക്കാന്‍ കേരളത്തെ ഒറ്റുകൊടുക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. മരുമക്കള്‍ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല.
ലോകത്തില്‍ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച എം.ബി. രാജേഷ്, കമ്പനിക്കെതിരെ കര്‍ണാടകയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂര്‍വം മൗനം പാലിച്ചു. കമ്പനിയുടെ പിആര്‍ ഏറ്റെടുത്ത് നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു തദേശവകുപ്പ് മന്ത്രി. അടിമുടി അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണം.
ബ്രഹ്മപുരത്ത് ദുരന്തനിവാരണ സേനയുടെ സഹായം തേടാന്‍ സംസ്ഥാനം തയ്യാറായില്ല. സഹായം തേടിയിരുന്നെങ്കില്‍ സേനയെ അയക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സജ്ജമായിരുന്നു. ബ്രഹ്മപുരത്തെ കുറിച്ച് മുഖ്യമന്ത്രി ഇത്രയും ദിവസം മൗനം പാലിക്കുകയായിരുന്നു. ജനം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഈ ദുരൂഹത മാറണം. എന്തൊക്കെയോ ഒളിക്കുന്നുണ്ട്. ഒളിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് പുറത്തു കൊണ്ടുവരാന്‍ കഴിയുന്ന അന്വേഷണം വേണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: