ന്യൂദല്‍ഹി: ഡോളറിനെ ക്രമേണ അകറ്റിനിര്‍ത്തി മറ്റുനാണയങ്ങള് ഉപയോഗിച്ച് വാണിജ്യഇടപാടുകള്‍ നടത്താനുള്ള ഇന്ത്യന്‍ നീക്കം ഫലം കണ്ടു തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ക്ക് ശ്രീലങ്ക ഇന്ത്യന്‍ രൂപ ഉപയോഗിച്ചു തുടങ്ങി.
എട്ട് രാജ്യങ്ങള്‍ ആറു മാസം കൊണ്ട് 49 പ്രത്യേക റുപ്പി വോസ്ട്രോ അക്കൗണ്ടുകള്‍( എസ്ആര്‍വിഎ) തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ രൂപ ഉപയോഗിച്ച് വാണിജ്യ ഇടപാടുകള്‍ നടത്താനാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയാണ് ആദ്യം ഇന്ത്യന്‍ രൂപ കൊണ്ട് ഇടപാടുകള്‍ നടത്താനുള്ള അക്കൗണ്ട് തുടങ്ങിയത്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് വലിയ പരിഹാരമായെന്നും അവര്‍ കുരുതുന്നുണ്ട്.
എണ്ണ അടക്കമുള്ള നിരവധി വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ട ഡോളര്‍ കൈവശം ഇല്ലാതായതാണ് ശ്രീലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഡോളറിനു പകരം ഇന്ത്യന്‍ രൂപ ഉപയോഗിച്ച് അവര്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ഇടപാട് ആരംഭിച്ചു. പല രാജ്യങ്ങളും ഡോളറിനു പകരം ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ നിര്‍വ്വഹിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതോടെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കും ഗതിവേഗം കൈവന്നു.
റഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, സിംഗപ്പൂര്‍, മ്യാന്മര്, ഇസ്രായേല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ പെടുന്നു. ഇന്ത്യന്‍ രൂപയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതു സംബന്ധിച്ച് ആര്‍ബിഐ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഉക്രൈന് യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ഇന്ത്യ ഭംഗിയായി ഉപയോഗിക്കുകയാണ് ചെയ്തത്.
കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തു എന്നു മാത്രമല്ല രൂപയെ പൊതു നാണയമാക്കി മാറ്റാനുള്ള നീക്കങ്ങളും ശക്തമാക്കി. വോസ്ട്രോ അക്കൗണ്ടുള്ള രാജ്യങ്ങള്‍ക്ക് അക്കൗണ്ടിലുള്ള ബാലന്‍സ് തുക ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ വാങ്ങാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: