ബെംഗളൂരു : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പോലീസ്. കേസ് പിന്‍വലിക്കുന്നതിനായി മധ്യസ്ഥം വഹിച്ചെന്ന് സ്വപ്ന ആരോപിക്കുന്ന വിജേഷ് പിള്ളയ്ക്കെതിരെയാണ് കെആര്‍പുര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വിജേഷുമായി കൂടിക്കാഴ്ച നടത്തിയ സൂറി ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴിയും രേഖപ്പെടുത്തി. അന്വേഷണ വിധേയമായി വിജേഷിനോട് ഹാജരാകാന്‍ ആര്‍കെപുര പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകള്‍ നശിപ്പിച്ച് നാടുവിടണമെന്ന് ഭീഷണിപ്പെടുത്തിയതായാണ് സ്വപ്നയുടെ ആരോപണം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സ്വപ്ന അറിയിച്ചു.
നിലവില്‍ പ്രാഥമികാന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക. എന്നാല്‍ തന്നെ വിജേഷ് മാത്രമാണ് കാണാനെത്തിയത് എന്നാണ് സ്വപ്ന പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്നാണ് പോലീസിനോട് ഹോട്ടലുകാര്‍ അറിയിച്ചത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
എന്നാല്‍ താന്‍ വെബ്സീരീസിന്റെ കാര്യത്തിനായാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടുകാരന് ആണെങ്കിലും ടിവിയില്‍ മാത്രമാണ് താന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നുമാണ് വിജേഷ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: