തൊടുപുഴ: സംസ്ഥാനത്തെ താപനിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോഴും ഉഷ്ണത്തിന് കുറവില്ല. ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയിലാണ്-40.5 ഡിഗ്രി സെല്‍ഷ്യസ്. ജില്ലയിലെ തന്നെ ആറളം-39.9, ഇരിക്കൂര്‍-39.7, അയ്യന്‍കുന്ന്-39.4, കണ്ണൂര്‍ എയര്‍പോര്‍ട്ട്-38.7, ചെറുവാഞ്ചേരി-38.4 വീതം താപനില രേഖപ്പെടുത്തി.
കോട്ടയം-36.5, കോഴിക്കോട്-36.4, വെള്ളാനിക്കര-36.4, പുനലൂര്‍-35.6, സിയാല്‍ കൊച്ചി-35.6, പാലക്കാട്-35.3, കണ്ണൂര്‍-35.2, തിരുവനന്തപുരം-34.2, ആലപ്പുഴ-34.2, കരിപ്പൂര്‍ എയര്‍പോര്‍ട്ട്-33.8, കൊച്ചി-32.4, തിരുവനന്തപുരം എയര്‍പോര്‍ട്ട്-32.3 എന്നിങ്ങനെയാണ് താപനില. കണ്ണൂര്‍ ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും 38ന് മുകളിലാണ് താപനില. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട(മലയോര മേഖല ഒഴികെ), തിരുവനന്തപുരം(വടക്കന്‍ മേഖല) ജില്ലകളില്‍ 36 മുതല്‍ 38 ഡിഗ്രി വരെയാണ് താപനില.
ഉച്ചവരെ വെയിലിന്റെ ചൂടിനെ മാത്രം സഹിച്ചാല്‍ മതിയെങ്കിലും പിന്നീടുള്ള ഉഷ്ണമാണ് ജനങ്ങളെ ഏറ്റവും അധികം വലയ്ക്കുന്നത്. വെയില് ഏല്ക്കാതെ മുറിക്കുള്ളില്‍ ഫാന്‍ ഉപയോഗിച്ച് പോലും ഇരിക്കാന്‍ പറ്റാത്ത സാഹചര്യം. രാത്രി വൈകുന്നത് വരെ കടുത്ത രീതിയിലുള്ള പുഴുങ്ങലാണ്. മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് വിയര്‍പ്പാണ്. ആര്‍ദ്രത കൂടി നില്ക്കുന്ന സമയമായതിനാല്‍ ശരീരം വിയര്‍ത്താലും ഇത് ബാഷ്പീകരിച്ച് പോകാന്‍ കൂടുതല്‍ സമയം എടുക്കും. ഇതോടെ വിയര്‍ത്തൊലിച്ച് ശരീരം ആവിയില്‍ പുഴുങ്ങുന്നത് പോലെ അനുഭവപ്പെടും. ഈ സാഹചര്യം വരും ദിവസങ്ങളിലും കേരളത്തില്‍ തുടരുമെന്നാണ് നിഗമനം.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ശക്തമായ മഴ 15-ാം തിയതിയോടെയാണ് പ്രതീക്ഷിക്കുന്നത്. ഈ മഴ കൃത്യമായി ലഭിച്ചില്ലെങ്കില്‍ കനത്ത ചൂടിലേക്കാകും കേരളം പോകുക. ഇത് കൃഷിനാശം, ജലക്ഷാമം, വൈദ്യുതി ക്ഷാമം ഉള്‍പ്പെടെയുള്ളവയിലേക്കും നയിക്കും. ഇന്നലെ വൈദ്യുതി ഉപഭോഗം വീണ്ടുമുയര്‍ന്ന് 88.0575 മില്യണ്‍ യൂണിറ്റിലെത്തി. ചൂടിനൊപ്പം പരീക്ഷാക്കാലം കൂടി ആരംഭിച്ചതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: